മുംബൈ :നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയ കേസിൽ ആരോപണ വിധേയനായ കാസർകോട് ഉപ്പള സ്വദേശി ജിയയെ മുംബൈ എയർപോർട്ടിൽ പിടികൂടുന്നത് തന്ത്രപരമായി. നേരത്തെ രവിപൂജാരി പൊലീസിന് നൽകിയ മൊഴിയിലൂടെയാണ് കാസർകോട് സ്വദേശിയായ ജിയായെ കേരളം അറിയുന്നത്. ജിയയെ പിടികൂടാൻ വിമാനത്താവളത്തിൽ പൊലീസ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

കാലിയാ റഫീഖ് , ഡോൺ തസ്ലീം വധക്കേസിലും കർണാടക പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി ജിയയെ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. ബാലിക അസീസ് കൊലപാതകത്തിലും മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. അതേസമയം ജിയ നാട്ടുകാർക്കിടയിൽ ഹീറോ പരിവേഷം ആണ് ഉള്ളത്. സാധാരണക്കാരെ സഹായിക്കുന്നതിൽ ഒട്ടും മടികാണിക്കാത്തിരുന്ന ജിയ അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് പണം വാരിക്കോരി ചെലവഴിച്ചിരുന്നു.

ഇതിനിടയിലാണ് രഹസ്യമായി നാട്ടിലെത്തിയ ജിയ വിദേശത്തേക്ക് തിരിച്ചു പോകാനായി ഇന്ന് പുലർച്ചെ മുംബൈ സഹാറ എയർപോർട്ടിൽ എത്തിയപ്പോൾ മുംബൈ പൊലീസ് പിടികൂടിയത്. നടി ലീന മരിയ പോളിനെ രവി പൂജാരി ഭീഷണിപെടുത്തിയിട്ടും പണം നൽകാതെ വന്നതോടെ ആക്രമണത്തിന് പ്രാദേശിക സഹായം ജിയ ഒരുക്കി നൽകിയെന്നണ് രവിപൂജാരി പൊലീസിന് നൽകിയ മൊഴി. ഇതാണ് അറസ്റ്റിന് സാഹചര്യമൊരുക്കിയത്. കൊച്ചി പൊലീസ് മുംബൈയിൽ എത്തി ജിയയെ കസ്റ്റഡിയിൽ എടുക്കും. ഇതിന് ശേഷം വിശദ ചോദ്യം ചെയ്യലുമുണ്ടാകും. .ജിയ അറസ്റ്റിലായതോടെ മുഴുവൻ കേസുകളിലും വ്യക്തത വരും എന്നാണ് പൊലീസ് കരുതുന്നത്.

ഉപ്പള മണിമുണ്ടയിലെ തീരദേശ മേഖലയിൽപെട്ട സാധാരണ കുടുംബത്തിൽ ജനിച്ച റഫീഖ് എന്ന ചെറുപ്പക്കാരൻ കാലിയാ റഫീഖെന്ന ഗുണ്ടാതലവനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം ലഭിച്ച റഫീഖ് ചെറിയ മോഷണങ്ങളിലൂടെയാണ് കൊടുംകുറ്റവാളിയിലേക്ക് എത്തിപ്പെട്ടത്. ദാരിദ്ര്യം തന്നെയായിരുന്നു റഫീഖിനെയും മോഷണത്തിലേക്ക് നയിച്ചത്. സമ്പന്നർക്കും ഗുണ്ടാമാഫിയാ സംഘങ്ങളിലെ എതിർചേരികൾക്കും മാത്രമായിരുന്നു കാലിയാ റഫീഖ് പേടി സ്വപ്നമായി മാറിയത്.

രണ്ട് കൊലക്കേസടക്കം 30 ലധികം കേസുകളിൽ പ്രതിയായിരുന്നു കാലിയാ റഫീഖ്. ഉപ്പള കേന്ദ്രീകരിച്ച് പ്രത്യേക ക്വട്ടേഷൻ സംഘത്തെ തന്നെ റഫീഖ് വളർത്തിയെടുത്തു. ഉപ്പളയിൽ പ്രവർത്തിച്ചിരുന്ന മറ്റ് ഗുണ്ട- ക്വട്ടേഷൻ സംഘങ്ങളെയെല്ലാം ഇവിടെ നിന്നും ആട്ടിപ്പായിച്ചതോടെ റഫീഖ് ഇവിടെ മുടിചൂടാമന്നനായി വാഴുകയായിരുന്നു. റഫീഖിന്റെ വളർച്ച പലപ്പോഴും എതിർചേരികൾക്ക് അത്രരസിക്കുന്നതായിരുന്നില്ല. റഫീഖിനെ ഒളിഞ്ഞും തെളിഞ്ഞും തളർത്താൻ ശ്രമിച്ചവർക്കെല്ലാം അതിന്റെ തിരിച്ചടി റഫീഖ് നൽകിക്കൊണ്ടിരുന്നു.

ഹഫ്ത പിരിവിൽ അഗ്രഗണ്യനാണ് റഫീഖ്. ഉപ്പളയിലെ പ്രമുഖ ബിസിനസുകാരും ഫൽറ്റ് നിർമ്മാതാക്കളും ഹഫ്ത കൊടുക്കാൻ നിർബന്ധിതരായിരുന്നു. സാധാരണക്കാരിൽ റഫീഖിനുണ്ടായിരുന്ന സ്വാധീനം കാരണം പലപ്പോഴും കാലിയാ റഫീഖിനെ പിടിക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ പൊലീസ് പട ഇറങ്ങിയിട്ടും പലപ്പോഴും കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ശത്രുക്കൾ റഫീഖിനെ വകവരുത്തിയത്. ഇതിന് പിന്നിലും ജിയയുടെ ബുദ്ധിയുണ്ടെന്നാണ് പൊലീസ് നിഗമനം.

കാലിയ റഫീഖിനെ കൊല്ലിച്ചത് താനാണെന്നും തന്നെയും തന്റെ സംഘത്തിലുള്ളവരെയും ഉപദ്രവിച്ചാൽ ഇനിയും കൊലനടത്തുമെന്നും ബാലിഗെ വധക്കേസ് പ്രതി കൂടിയായ ജിയ എന്ന സിയാദ് പരസ്യമായി പ്രതികരിച്ചിരുന്നു. ദുബൈയിലുള്ള ഇയാൾ ഫോൺവഴിയാണ് മാധ്യമപ്രവർത്തകരെ ഇന്ന് ഇക്കാര്യം അറിയിച്ചത്. കാലിയ റഫീഖ് വധക്കേസിൽ പൊലീസ് പിടിയിലായ നാലുപേരും കൊലക്ക് ജിയയാണ് നിർദ്ദേശം നൽകിയതെന്ന് മൊഴിനൽകിയിട്ടുണ്ട്. 2012ൽ ജിയയ്‌ക്കെതിരെ വധശ്രമം നടന്നിരുന്നു.

ഇതിനുപിന്നിൽ ബാലിഗെ അസീസ് ആയിരുന്നതിനാലാണ് അന്ന് അയാളെ കൊലപ്പെടുത്താൻ കാരണം. ഇതിന് പകരംചോദിക്കാൻ അസീസിന്റെ സഹോദരൻ മജീദ് കാലിയ റഫീഖിന് ക്വട്ടേഷൻ നൽകിയിരുന്നു. 2015ൽ ഉപ്പളയിലെ ഫ്‌ളാറ്റിൽ തന്റെ ആത്മാർഥസുഹൃത്ത് റയിസിനെ കൊല്ലാൻ റഫീഖ് ശ്രമിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് റയിസ് രക്ഷപ്പെട്ടത്.