കൊച്ചി: നട്ടെല്ലിന്റെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാ പിഴവുമൂലം ഭിന്ന ശേഷിക്കാരിയായ 17 കാരിയുടെ ശരീരം തളർന്നു പോയ സംഭവത്തിൽ ആസ്റ്റർ മെഡ്സിറ്റിയെ കേസിൽ കക്ഷിചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പെൺകുട്ടിയുടെ മാതാവ് റോസി ജോസഫിന്റെ ഹർജിയിലാണ് ആശുപത്രിക്കെതിരെ അന്വേഷണം നടത്തണമെന്നും ആസ്റ്റർ മെഡ്സിറ്റിയെ കക്ഷിചേർക്കാനും ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടത്. പെൺകുട്ടിയുടെ നിലവിലെ അവസ്ഥയിൽ കോടതി ഉത്കണ്ഠയും രേഖപ്പെടുത്തി.

നോർത്ത് പറവൂർ ഗോതുരുത്ത് പുത്തേഴത്ത് വീട്ടിൽ ജോസഫിന്റെയും റോസിയുടെയും മകൾ ജിസ്നാ ജോസഫാണ് ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ ഗുരുതര ചികിത്സാ പിഴവുമൂലം ശരീരം തളർന്ന് കിടപ്പിലായത്. ജിസ്നാ ജോസഫ് ഭിന്നശേഷിയുള്ള കുട്ടിയായിരുന്നു. കഴിഞ്ഞ പ്രളയം കഴിഞ്ഞപ്പോൾ കടുത്ത നടുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ നടത്തിയപ്പോഴാണ് നട്ടെല്ലിന്റെ വളവു മൂലമാണ് വേദനയെന്ന് അറിയുന്നത്.

നാളുകൾ കഴിയും തോറും വളവു കൂടിവരുമെന്നതിനാൽ വിദഗ്ദ്ധചികിത്സ ലഭ്യമാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2020 ജനുവരി 12 ന് കോതമംഗലത്തുള്ള പീസ് വാലി കൺവെൻഷൻ സെന്ററിൽ ആസ്റ്റർ മെഡിസിറ്റിയും ഒരു സംഘടനയും സംയുക്തമായി നട്ടെല്ലിനും കഴുത്തിനും പ്രശ്നങ്ങൾ ഉള്ളവർക്കായി ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ചികിത്സ സൗജന്യമാണെന്നായിരുന്നു അവരുടെ വാഗ്ദാനം. ഇതറിഞ്ഞ് ജിസ്നയുമായി മാതാപിതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.

ക്യാമ്പിൽ പങ്കെടുക്കുന്നതിനായി റേഷൻ കാർഡ്, ദാരിദ്ര രേഖക്ക് താഴെയാണെന്നുള്ളസർട്ടിഫിക്കറ്റ്, പഞ്ചായത്തിന്റെ സാക്ഷ്യ പത്രം, പള്ളി ഇടവകയുടെ സാക്ഷ്യ പത്രം എന്നു തുടങ്ങീ എല്ലാ വിധ രേഖകളുമായാണ് എത്തിയത്. അവിടെ വച്ച് ഡോക്ടർ ജേക്കബ് ഈപ്പൻ മാത്യു പരിശോധന നടത്തി. സ്‌കോളിയോസിസ് എന്ന അസുകമാണെന്നും ചെറിയ ശസ്ത്രക്രിയയിലൂടെ ഇത് മാറ്റി എടുക്കാനാകുമെന്നും ഡോ. ജേക്കബ് ഈപ്പൻ മാത്യു ജിസ്നയുടെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. പാർശ്വഫലങ്ങളൊന്നുമില്ലാത്ത ശസ്ത്രക്രിയ ചെയ്യനായി 50,000 രൂപ ആകുമെന്നും അദ്ദേഹം അറിയിച്ചു.

പുറത്തുള്ള ഹോസ്പിറ്റലുകളിൽ 4 ലക്ഷം രൂപയോളം ചിലവു വരുന്ന ചികിത്സ കുറഞ്ഞ തുകയ്ക്ക് ലഭിക്കുമെന്നറിഞ്ഞതോടെ എതിരൊന്നും പറയാതെ അവർ ശസ്ത്രക്രിയ നടത്താൻ സമ്മതം മൂളുകയായിരുന്നു. ഇതിനായി ആസ്റ്റർ മെഡ്സിറ്റി ഫൗണ്ടേഷൻ ടീമിന്റെ പ്രതിനിധിയായ ലത്തീഫ് എന്നയാളെ പരിചയപ്പെടുത്തുകയും ലത്തീഫ് വഴി ശസ്ത്രക്രിയ ബുക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് ജനുവരി 21 ന് ശസ്ത്രക്രിയക്ക് മുന്നോടിയായി ചെക്കപ്പിന് ആശുപത്രിയിലെത്തിയ ജിസ്നയ്ക്ക് മറ്റ് ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് റിപ്പോർട്ട് നൽകി.

അങ്ങനെ മെയ് 8 ന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. രാവിലെ പത്ത് മണിയോടെ ജിസ്നയെ ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ കഴിയുമെന്ന് പറഞ്ഞ ശസ്ത്രക്രിയ രാത്രി 7 മണിയായിട്ടും കഴിഞ്ഞില്ല. ബന്ധുക്കൾ വിവരങ്ങൾ തിരക്കിയിപ്പോൾ അരമണിക്കൂറിനകം കാണിക്കും എന്ന് അറിയിച്ചു. 7.30 ന് ഡോക്ടർ പുറത്തിറങ്ങി ശസ്ത്രക്രിയ വിജകരമായിരുന്നു എന്ന് അറിയിച്ചു. കുട്ടി ഉറങ്ങുകയാണെന്നും 9.30 ഓടെ കാണിക്കാം എന്നും പറഞ്ഞു.

അങ്ങനെ കട്ടിയെ മാതാവ് കയറി കണ്ടപ്പോൾ അനക്കമില്ലാതെ കിടക്കുന്നതാണ് കാണുന്നത്. ക്ഷീണം മുലമാണ് കുട്ടി ഇങ്ങനെ കിടക്കുന്നതെന്ന് ഡോക്ടർ അനൂപ് ആ സമയം പറഞ്ഞു. എന്നാൽ അൽപ്പസമയം കഴിഞ്ഞപ്പോൾ ജിസ്ന തന്നെ തനിക്ക് കാലുകൾ അനക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞു. ഇതോടെ ഡോക്ടർമാർ സി.ടി സ്‌കാൻ എടുക്കുകയും അതിൽ അധികമായി ശസ്ത്രക്രിയ നടത്തിയ നട്ടെല്ലിൽ സ്‌ക്രൂ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. കൂടാതെ ഒരു സ്‌ക്രൂ നാഡീ ഞരമ്പിൽ തുളഞ്ഞു കയറി ക്ഷതം പറ്റിയതായും കണ്ടെത്തി. അന്ന് രാത്രി 11.30 ന് വീണ്ടും ജിസ്നയെ ശസ്ത്രക്രിയ നടത്തി സ്‌ക്രൂ പുറത്തെടുത്തെങ്കിലും കുട്ടി നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും തളർന്ന് പോകുകയായിരുന്നു.

തുടർന്ന് ആശുപത്രി അധികൃതർക്ക് ചികിത്സാ പിഴവ് ബോദ്ധ്യപ്പെടുകയും ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. ആദ്യം നഷ്ടപരിഹാരമായി ജിസ്നയുടെ മൂത്ത സഹോദരിക്ക് ജോലിയും മാതാവ് റോസി ജോസഫിന് ഒരു ചെറിയ ഷോപ്പും ആശുപത്രി അധികൃതർ വാഗാദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതിൽ നിന്നും അവർ പിന്മാറി. ഇതേ തുടർന്ന് ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ ിവർ പരാതി നൽകിയെങ്കിലും പൊലീസ് പരാതി സ്വീകരിച്ചില്ല. കടുത്ത അവഗണനയാണ് അവിടെ നിന്നും ലഭിച്ചത്.

ഇതോടെ നിയമ പോരാട്ടത്തിനായി രണ്ടും കൽപ്പിച്ച് കുടുംബം രംഗത്തിറങ്ങുകയായിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കൂടാതെ ഹൈക്കോടതിയിലും ആസ്റ്റർ മെഡ്സിറ്റിയെ കക്ഷി ചേർക്കണമെന്ന് ഹർജി നൽകി. ഈ ഹർജിയിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്. നീതി ലഭിക്കും എന്ന് പ്രതീക്ഷയിലാണ് കുടുംബം.