ബംഗളൂരു: ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയുടെ പേര് വിവേകാനന്ദ സർവകലാശാല എന്നാക്കി മാറ്റണമെന്ന് ബിജെപി ജനറൽ സെക്രട്ടറിയും കർണാടക മന്ത്രിയുമായ സി.ടി രവി. വിവേകാനന്ദനാണ് ഇന്ത്യ എന്ന ആശയത്തിനായി നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'വിവേകാനന്ദന്റെ തത്വവും മൂല്യവുമാണ് ഭാരതമെന്ന മഹത്വത്തെ ശക്തിപ്പെടുത്തിയത്. ദേശസ്നേഹിയായ ആ സന്യാസിയുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കും', സി.ടി രവി പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജെ.എൻ.യുവിൽ വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ജെ.എൻ.യുവിൽ പ്രതിമ സ്ഥാപിച്ചതിൽ അങ്ങേയറ്റം അഭിമാനം തോന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എല്ലാ ആശയങ്ങളും നാടിന്റെ വികസനത്തിന് വേണ്ടിയായിരിക്കണമെന്നും വിദ്യാഭ്യാസത്തിലൂടെ രാജ്യം സ്വയം പര്യാപ്തമാകണമെന്നാണ് വിവേകാനന്ദൻ ആഗ്രഹിച്ചതെന്നും മോദി പറഞ്ഞു.