വാഷിങ്ടൺ: നാക്കുകൊണ്ട് മാത്രം യുദ്ധം ചെയ്ത വ്യകതിയായിരുന്നു എന്തൊക്കെ പറഞ്ഞാലും അമേരിക്കയുടെ തോറ്റ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാത്രമല്ല നിർണ്ണായ സമാധാന സന്ധികൾ ഉണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അഫ്ഗാനിൽനിന്നുള്ള യുഎസ് സേനയുടെ പിൻവാങ്ങൽ തൊട്ട് ഇസ്രയേലുമായി യുഎഇ അടക്കമുള്ള രാജ്യങ്ങളെ അടുപ്പിച്ചതുമെല്ലാം ട്രംപിന്റെ നേട്ടങ്ങൾ ആയിരുന്നു. എന്നാൽ പുരോഗമവാദി എന്ന് അറിയപ്പെടുന്ന സാക്ഷാൽ ബറാക്ക് ഒബാമ അധികാരത്തിൽ വന്നപ്പോഴാണ് ലോകത്തിനും യുഎസിനും വൻ നഷ്ടമുണ്ടാക്കിയ യുദ്ധങ്ങളും സംഘർഷങ്ങളും ഉണ്ടാക്കിയത്. ഇപ്പോൾ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡൻ അധികാരത്തിലേറുമ്പോഴും അതേ ആശങ്കകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്.

ബൈഡനെ അഭിനന്ദിക്കാതെ റഷ്യയും ചൈനയും

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്ര നേതാക്കൾ ഇതിനോടകം അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും ഇതുവരെ ബൈഡന്റെ ജയം അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങളും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. നിലവിലെ യുഎസ് പ്രസിഡന്റും ബൈഡന്റെ എതിരാളിയുമായ ഡൊണാൾഡ് ട്രംപ് ഇതുവരെ തോൽവി അംഗീകരിച്ചിട്ടില്ല എന്നതും ചൈനയുടേയും റഷ്യയുടേയും മൗനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. വോട്ടെണ്ണൽ ഇനിയും പൂർത്തിയായിട്ടില്ലെന്നാണ് ചൈനയുടെ വിശദീകരണം.

ബൈഡൻ വിജയിച്ചിട്ടില്ലെന്നും നിയമപോരാട്ടത്തിലേക്ക് കടക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്. എന്നാൽ ബൈഡൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ട്വിറ്ററിൽ അഭിനന്ദനം അറിയിച്ചിരുന്നു. അതേ സമയം ജർമനി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും ബൈഡനെ പ്രശംസിച്ചിട്ടുണ്ട്.ട്രംപിന്റെ അടുത്ത സുഹൃത്തായ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബൈഡനെ ഔപചാരികമായി അഭിനന്ദിക്കുകയുണ്ടായി. എന്നാൽ പ്രസിഡന്റായി തിരഞ്ഞെടുത്ത കാര്യം അദ്ദേഹത്തിന്റെ അഭിനന്ദന സന്ദേശത്തിൽ ഇല്ലായിരുന്നു. യുഎസിന്റെ അയൽരാജ്യമായ മെകിസ്‌ക്കോയുടെ പ്രതികരണവും സമാനമായിരുന്നു. തിരഞ്ഞെടുപ്പിലെ വിജയിയായി ബൈഡനെ തിരഞ്ഞെടുത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് മെക്‌സിക്കോയുടെ പ്രതികരണം.

ഉത്തര കൊറിയയുമായുള്ള ബന്ധവും മോശമാവും

കിം ജോങ് ഉന്നുമായി സൂക്ഷിച്ചിരുന്ന സൗഹൃദത്തിന്റെ പേരും പറഞ്ഞ്, ട്രംപിനെ അടിക്കാൻ വേണ്ടിയെങ്കിലും കിമ്മിനെ നിരന്തരം പരിഹസിക്കുക മാത്രമാണ് ഇതുവരെ ബൈഡൻ ചെയ്തു പോന്നിട്ടുള്ളത്. തന്റെ തെരഞ്ഞെടുപ്പ് റാലികളിൽ ബൈഡൻ കിമ്മിനെ സ്വേച്ഛാധിപതി, ക്രൂരൻ, കൊലയാളി എന്നിങ്ങനെ പല പേരുകളും വിളിച്ചുപോന്നിട്ടുണ്ട്. ട്രംപ് കിമ്മിനെ സ്നേഹിതൻ എന്ന് പരാമർശിക്കുന്നത്, 'യൂറോപ്പിൽ അധിനിവേശം നടത്തും മുമ്പ് ഹിറ്റ്‌ലർ വളരെ മാന്യനായിരുന്നു' എന്ന് പറയുന്ന പോലെയെ കാണാനാകൂ എന്നാണ് ബൈഡൻ ഒരിക്കൽ പറഞ്ഞത്. മേഖലയിലെ ഒരു തെരുവുപോക്കിരി മാത്രമാണ് കിം ജോങ് ഉൻ എന്നാണ് അന്നൊക്കെ ബൈഡൻ പരസ്യമായി പറഞ്ഞിട്ടുള്ള അഭിപ്രായം. ആണവ നിർവ്യാപനം നടപ്പിലാക്കാതെ കിമുമായി ബൈഡൻ ചർച്ച നടത്താനുള്ള സാദ്ധ്യതകൾ തുലോം തുച്ഛമാണ്. കിമ്മിനെതിരെയുള്ള അധിക്ഷേപങ്ങൾക്ക് ശേഷം ഉത്തര കൊറിയയിലെ മാധ്യമങ്ങൾ ബൈഡനെ ദരിദ്രവാസി എന്നും, വളരെ കുറഞ്ഞ ഐക്യു ഉള്ള ഒരു മോശം വ്യക്തി എന്നൊക്കെ അധിക്ഷേപിച്ചുകൊണ്ട് മുഖപ്രസംഗം എഴുതുകയുമുണ്ടായി.

ഒരു വശത്ത് ട്രംപുമായി സ്നേഹ സംഭാഷണങ്ങൾ നടത്തുന്നതിനിടെ, മറുവശത്ത് കിം ജോങ് ഉൻ, അമേരിക്കയിൽ വരെ ചെന്നെത്താവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ(കഇആങ) വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. കിം അടക്കമുള്ള പ്യോങ് യാങ്ങിലെ പലരും ആഗ്രഹിച്ചിരുന്നത്, കുറേക്കൂടി നല്ല ബന്ധമുള്ള ട്രംപ് തന്നെ വിജയിച്ചു രണ്ടാമതും പ്രസിഡന്റ് ആയിരുന്നെങ്കിൽ എന്നുതന്നെയാണ്. അതിനു വിരുദ്ധമായിട്ടാണ് ഇപ്പോൾ അത്ര നല്ല രസത്തിൽ അല്ലാത്ത ജോ ബൈഡൻ ജയിച്ചിരിക്കുന്നതും അമേരിക്കയുടെ പ്രസിഡന്റ് ആയിരിക്കുന്നതും. ഇത് ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്താനുള്ള സാധ്യത വളരെ അധികമാണ്.

ആശങ്കയോടെ തായ്വാനും

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ജോ ബൈഡന്റെ നിർണായക ജയം രാജ്യാന്തര തലത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നു ലോകരാജ്യങ്ങൾ ഉറപ്പിക്കുമ്പോൾ ആശങ്ക വിട്ടൊഴിയാതെ തയ്വാൻ. ജോ ബൈഡൻ ചൈനയോട് അനുഭാവ പൂർണമായ നിലപാട് എടുക്കുമെന്ന പ്രചാരണം പൂർണമായും വിശ്വസിക്കുന്നില്ലെങ്കിലും തയ്വാൻ യുഎസ് ബന്ധത്തിൽ കാതലായ മാറ്റം ഉണ്ടാകുമെന്നു വിശ്വസിക്കുന്നവരാണ് നിരവധി. ശനിയാഴ്ച പെൻസിൽവേനിയയിലെ ഫലം വന്നതിനു ശേഷം, 'തിരഞ്ഞെടുപ്പു ഫലം എന്തുമാകട്ടെ, യുഎസുമായുള്ള ബന്ധത്തിനു മാറ്റമുണ്ടാകില്ല' എന്നായിരുന്നു തയ്വാൻ പ്രസിഡന്റ് സായ് ഇങ് വെൻ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതും.

തയ്വാനിൽ ഏറെ ജനപ്രീതിയുള്ള നേതാവായിരുന്നു ഡോണൾഡ് ട്രംപ്. ചൈനയ്ക്കെതിരെ ട്രംപ് സ്വീകരിച്ച നിലപാടുകളാണ് തയ്വാനിൽ ട്രംപിന്റെ പ്രശസ്തിയുയർത്തിയത്. തയ്വാനും യുഎസുമായുള്ള ബന്ധം മറ്റാരുമായുള്ള ബന്ധത്തേക്കാൾ വ്യത്യസ്തമാണെന്നു പൊതുവേദിയിൽ പറഞ്ഞിട്ടുള്ള ട്രംപിൽനിന്ന് ബൈഡനിലേക്ക് എത്തുമ്പോൾ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നു ഭരണപക്ഷമായ ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടി (ഡിപിപി) യുടെ പ്രമുഖ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

തയ്വാന് എപ്പോഴും ചൈനീസ് ഭീഷണിയുണ്ട്. തയ്വാനും യുഎസും തമ്മിലുള്ള ബന്ധം നല്ലതാണോ വഷളാണോ എന്നത് പ്രശ്നമല്ലെന്നും അത് എല്ലായ്‌പ്പോഴും നിലനിൽക്കുന്നതുമാണെന്നുമായിരുന്നു തയ്വാൻ വിദേശകാര്യമന്ത്രി ജോസഫ് വുവിന്റെ പ്രതികരണം.നിരവധി നേതാക്കളാണ് തയ്വാൻ പാർലമെന്റിൽ തങ്ങളുടെ ആശങ്ക പങ്കുവച്ചത്. തയ്വാൻ യുഎസ് ബന്ധത്തിൽ നയപരമായ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ തായ് മെയിൻലാൻഡ് അഫയേഴ്‌സ് കൗൺസിൽ നേതാക്കളിൽ പലരും ഈ വാദത്തെ തള്ളി. ജോ ബൈഡൻ ചൈനയോട് അനുഭാവപൂർണ്ണമായ നിലപാട് എടുക്കില്ലെന്നു തന്നെയാണ് വിശ്വാസമെന്നു രാജ്യാന്തര മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നു. ആഗോള ശക്തിയായി നിലനിൽക്കാനുള്ള യുഎസ് ശ്രമങ്ങൾക്ക് മധ്യേഷ്യയിലും ഏഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും തടയിടുന്നത് ചൈനയാണെന്നും വാണിജ്യ രംഗത്തെ ചൈനയുടെ തള്ളിക്കയറ്റം ട്രംപിനെപ്പോലെ ബൈഡനെയും ബാധിക്കുന്നതാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.