വാഷിങ്ടൺ: കാലിഫോർണിയ ഇലക്ടറൽ കോളേജ് ജയത്തോടെ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക വിജയം ജോ ബൈഡനെ തേടിയെത്തി. കാലിഫോർണിയയിലെ ഫലം ഇന്നലെ വൈകിട്ട് അഞ്ചരയോടെ പ്രഖ്യപിച്ചപ്പോൾ പ്രസിഡണ്ട് സ്ഥാനം നേടുവാൻ ആവശ്യമായ 270 എന്ന മാന്ത്രികസംഖ്യയെ ബൈഡൻ മറികടന്നു. ഇതോടെ ഇലക്ടറൽ കോളേജിൽ ബൈഡന് 302 വോട്ടുകളായി. ട്രംപിനുള്ളത് 232 വോട്ടുകളും.

ഇന്ന് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യും. നിയുക്ത പ്രസിഡണ്ടിന്റെ പ്രസംഗം പ്രധാനമായും ജനാധിപത്യത്തെ കുറിച്ചുള്ളതായിരിക്കും. അതേസമയം കോവിഡ് പ്രതിസന്ധിയെ കുറിച്ചും, വാക്സിനെ കുറിച്ചും അദ്ദേഹം പ്രതിപാദിക്കും. 3 ലക്ഷത്തോളം കോവിഡിന് കീഴടങ്ങി ജീവനൊടുക്കേണ്ടിവന്ന സാഹചര്യവും അദ്ദേഹം പരാമർശിക്കും എന്നാണ് കരുതപ്പെടുന്നത്. അതോടൊപ്പം തെരഞ്ഞെടുപ്പിൽ ജനാധിപത്യം വിജയം കൈവരിച്ചതും, അധികാര ധുർവിനിയോഗവുമെല്ലാം പ്രസംഗത്തിന് വിഷയമാകും.

അധികാര ദുർവിനിയോഗം എന്ന വിഷയം, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അത് സമ്മതിക്കാത്ത ട്രംപിനെതിരെയുള്ള വ്യക്തമായ ഒളിയമ്പായിരിക്കും. ഇത് റിപ്പബ്ലിക്കൻ പാർട്ടിയെ കൂടി ബാധിക്കും എന്നതിൽ സങ്കടമുണ്ടെന്നാണ് കാലാവധി തീരാറായ റിപ്പബ്ലിക്കൻ കോൺഗ്രസ്സ് അംഗം പോൾ മിഷേൽ പറഞ്ഞത്. അതുകൊണ്ടുതന്നെ അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇനി ബാക്കിയുള്ള ഏതാനം മാസങ്ങൾ കോൺഗ്രസ്സിൽ താൻ തികച്ചും സ്വതന്ത്രനായി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇനിയും പരാജയം സമ്മതിക്കാൻ മടിക്കുന്ന ട്രംപും അദ്ദേഹത്തിന്റെ അനുയായിവൃന്ദവും പുതിയപുതിയ ആശയങ്ങളുമായി എത്തുകയാണ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളായി വിവിധ സംസ്ഥാനങ്ങളിൽ മത്സരിച്ച് പരാജയപ്പെട്ടവരെ ഇലക്ടറൽ കോളേജ് അംഗങ്ങൾ യോഗം ചേരുന്ന സ്റ്റേറ്റ് ഹൗസിലോ അതിന് സമീപത്തോ വിളിച്ചു കൂട്ടുവാനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇവർ വോട്ടു ചെയ്യുകയും ആ വോട്ടുകൾ കോൺഗ്രസ്സിന് അയയ്ക്കുകയും ചെയ്യുമെന്ന് വൈറ്റ്ഹൗസ് സഹായ സ്റ്റീഫൻ മില്ലെർ പറഞ്ഞു. തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കുകയാണെങ്കിൽ, ഈ വോട്ടുകൾ പരിഗണിക്കണമെന്ന് ആവശ്യപ്പെടാം എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

ജോർജ്ജിയയിൽ അപ്രകാരം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ യോഗം ചേർന്ന് ട്രംപിന് വോട്ടുരേഖപ്പെടുത്തി. പെൻസിൽവേനിയയിലും ഇപ്രകാരം യോഗം ചേര്ന്നു. എന്നാൽ, ഇത് ഒരു രാഷ്ട്രീയ നാടകത്തിന് അപ്പുറം മറ്റൊന്നുമല്ലെന്ന് പെൻസിൽവേനിയയിൽ ട്രംപിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച ബേർഡി കംഫർട്ട് സമ്മതിച്ചു.

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ സുപ്രീം കോടതി തള്ളിക്കളഞ്ഞതോടെ ഇനി ട്രംപിന് നിയമത്തിന്റെ വഴിയിൽ ചെയ്യുവാൻ ഏറെയൊന്നുമില്ല. എങ്കിലും, നിയമത്തിന്റെ വഴി ഇനിയും അടഞ്ഞിട്ടില്ല എന്നാണ് മില്ലർ അവകാശപ്പെടുന്നത്. ഇന്നലെ, വിൻകോൻസിൻ സുപ്രീം കോടതിയും ട്രംപിന്റെ ഒരു തെരഞ്ഞെടുപ്പ് കേസ് തള്ളിക്കളഞ്ഞിരുന്നു.

ഇനി ട്രംപിന് മുന്നിലുള്ള വഴി തർക്കവിധേയമായ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുഫലം തള്ളിക്കളയുവാൻ ഇരു സഭകളേയും പ്രേരിപ്പിക്കുക എന്നതുമാത്രമാണ്. അത് തികച്ചും അസാദ്ധ്യമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇനി ട്രംഓയിന് പരാജയം സമ്മതിച്ചേ മതിയാകൂ. അതേസമയം, ബൈഡന്റെ വിജയവാർത്ത പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം എന്ന ആശങ്കയിൽ പല സംസ്ഥാന തലസ്ഥാനങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. മിച്ചിഗണിലെ നിയമസഭാ മന്ദിരത്തിൽ പൊതുജനങ്ങളെ വിലക്കിയിരിക്കുകയാണ്.

പെൻസിൽവേനിയയിൽ ഇന്നലെ ട്രംപ് അനുകൂലികൾ സംസ്ഥാന തലസ്ഥാനത്ത് പ്രകടനം നടത്തിൽ വോട്ടെണ്ണൽ പൂർത്തിയായാൽ, ഫലം വാഷിങ്ടണിലേക്ക് അയയ്ക്കും ജനുവരി 6 ന് വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ ഇത് ഒത്തുനോക്കും. ട്രംപ് പരാജയം സമ്മതിക്കാൻ വിസമ്മതിക്കുന്നതിനാൽ, ഇലക്ടറൽ വോട്ടുകൾക്ക് മുൻവർഷങ്ങളേക്കാൾ പ്രാധാന്യം ഈ വർഷം കൈവന്നിട്ടുണ്ട്.

എന്നാൽ, തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നു എന്ന വാദവുമായി മുന്നോട്ട് പോവുകയാണ് ട്രംപ്. തട്ടിപ്പിലൂടെ നിയമവിരുദ്ധമായ ഒരു പ്രസിഡണ്ട് രാജ്യത്തിനുണ്ടാകുന്നത് താൻ ഭയക്കുന്നു എന്നാണ് ട്ര്ംപ് നേരത്തേ ട്വീറ്റ് ചെയ്തത്.