തിരുവനന്തപുരം: റോഡുകൾ തടഞ്ഞുള്ള സമരങ്ങളെ എതിർക്കുന്നവരുടെ കൂട്ടത്തിലാണ് നടൻ ജോജു ജോർജ്ജ്. കോൺഗ്രസുകാരുടെ ന്യായമായ സമരത്തിനെതിരെ പ്രതികരിച്ചു ജോജു വിവാദ നായകനായിരുന്നു. ഇതിന്റെ പേരിൽ കോൺഗ്രസുമായി ഏറ്റുമുട്ടിയ നടൻ വീണ്ടും വിവാദത്തിൽ ചാടി. ഇടതുമുന്നണിയുടെ ഉപതിരഞ്ഞെടുപ്പ് വിജയം നടൻ വിനായകനൊപ്പം ആഘോഷിക്കുന്ന ജോജു ജോർജിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതോടെ കോൺഗ്രസുകാർ ജോജുവിനെതിരെ വീണ്ടും വിമർശനവുമായെത്തി. വഴിമുടക്കിയുള്ള എൽഡിഎഫിന്റെ വിജയാഹ്ലാദത്തിന് താളം പിടിക്കുന്നതിൽ അദ്ദേഹത്തിന് കുഴപ്പമില്ലേ എന്നായിരുന്നു ഉയർന്ന ചോദ്യം. സൈബർ ഇടത്തിൽ അടക്കം വീഡിയോ പ്രചരിക്കുകയും വിമർശനം ശക്തമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജോജു വിശദീകരണവുമായി രംഗത്തുവന്നത്.

ഇത്തരത്തിൽ ഒരു തിരഞ്ഞെടുപ്പ് നടന്ന കാര്യം തന്നെ താൻ അറിഞ്ഞിരുന്നില്ല. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ വിനായകനൊപ്പം ചേർന്ന് കുറച്ച് സമയം ഇലത്താളം കൊട്ടുക മാത്രമാണ് ചെയ്തത് എന്നും അദ്ദേഹം പ്രതികരിച്ചു. ജോജു ജോർജ് പറഞ്ഞത് ഇങ്ങനെ: ''നമ്മളെ വെറുതെ വിട്ടുകൂടേ.. ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോൾ അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോൾ ഞാൻ ചെന്നു. ഇലത്താളം വാങ്ങി കൊട്ടി. ഒരുമിനിറ്റോളം ഞങ്ങൾ തമ്മിൽ സംസാരിച്ചു.

ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല. ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്. കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്ന് അല്ലാതെ എന്ത് കാര്യം. വീണ്ടും കുറെ പേർ തെറിവിളി തുടങ്ങുകയാണ്. എനിക്ക് എന്തെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യം വേണ്ടേ. ഓൺലൈനിലും പൊതുപരിപാടികളിലും ഇപ്പോൾ ഞാൻ ഇല്ല. ഇതിൽ കൂടുതൽ ഞാൻ എങ്ങനെയാണ് ഒതുങ്ങേണ്ടത്'', എന്ന് ജോജു പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു കൊച്ചി കോർപറേഷനിലെ 63-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ ബിന്ദു ശിവൻ 687 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ എൽഡിഎഫ് നേടിയ വിജയം നടൻ വിനായകനൊപ്പം ആഘോഷിച്ചത്. ആഹ്‌ളാദപ്രകടനവുമായി ഇറങ്ങിയ പ്രവർത്തകർക്കൊപ്പം ചേർന്ന ജോജു ജോർജിന്റെയും വിനായകന്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പാർട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവർത്തകർക്കൊപ്പം ചേർന്ന ജോജുവിന്റെയും വിനായകന്റെയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനെയും വീഡിയോയിൽ കാണാമായിരുന്നു.