ലോകം മുഴുവൻ ഐടി മേഖലിൽ വൻ കുതിപ്പ് നടത്തുമ്പോഴും ഒരു മൊബൈൽ ആപ്പ് ഉണ്ടാക്കാൻ കേരളം നടത്തിയ കഷ്ടപ്പാടുകൾ 'ബെവ് ക്യൂ' എന്ന ആപ്പ് ഉണ്ടാക്കിയ സമയത്തെ വിവാദങ്ങൾ ഓർത്താൽ അറിയാം. ലക്ഷക്കണക്കിന് മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന ആ ആപ്പിനെ കുറിച്ചുള്ള പരാതികൾ ഇനിയും തീർന്നിട്ടില്ല. പക്ഷേ പ്രതിഭകൾ കേരളത്തിൽ ഉണ്ട് എന്നത് നമുക്ക് ഇപ്പോഴും പ്രതീക്ഷ നൽകുന്നു. ആഗോള ഭീമനായ സൂമിനെ മാറ്റുന്നതിനായി കേന്ദ്ര സർക്കാർ നടത്തിയ ചലഞ്ചിൽ ഒന്നാമതെത്തി ഏവരെയും ഞെട്ടിച്ചത് വി-കൺസോൾ എന്ന മലയാളി സംരംഭമാണ്. 'സൂ'മിനെ വെല്ലുന്ന വീഡിയോ കോൺഫറൻസിങ്ങ് ആപ്പാണ് ടെക്ജെൻഷ്യ എന്ന കമ്പനി വികസിപ്പിച്ചത്. അതിന്റെ സിഇഒ ജോയി സെബാസ്റ്റ്യൻ ആകട്ടെ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ചു വളർന്ന, ഒരു നാടൻ ടെക്കിയും.

ഇൻഫർമേഷൻ ടെക്ക്നോളജിയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമ്പോൾ തന്നെ അതിന്റെ സുരക്ഷാ പ്രശ്നങ്ങളെ കൂറിച്ച് നമ്മുടെ രാജ്യം ബോധവാന്മാരുവുന്നത് ഈയിടെയാണ്. ചൈന അതിർത്തിയിൽ നമ്മടെ 22 സൈനികരുടെ ജീവനെടുത്തതോടെ ചൈനീസ് ആപ്പുകളായ ടിക്ക്ടോക്ക് അടക്കമുള്ളവ കേന്ദ്രം നിരോധിച്ചു. ആ സമയത്തുതന്നെയാണ് സൂം എന്ന വീഡിയോ കോൺഫറൻസിങ്ങ് ആപ്പിന്റെ സുരക്ഷാ പ്രശ്നങ്ങളും ചർച്ചയായത്. പക്ഷേ ഇതിനും മുമ്പേതന്നെ ഇന്ത്യക്ക് സ്വന്തമായി ഒരു വീഡിയോ കോൺഫറസൻസിങ്ങ് ആപ്പ് വേണമെന്ന ആവശ്യം ഉണ്ടായിരുന്നു. ആഗോള ഭീമനായ 'സൂ'മിനെ ഭാവിയിൽ പകരം വെക്കുന്നതും ഇന്ത്യൻ ആപ്പ് ആയിരിക്കും.

അതിനായി കേന്ദ്ര സർക്കാർ നടത്തിയ ഇന്നവേഷൻ ചലഞ്ചിലൂടെ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ടൂളായി തെരഞ്ഞെടുക്കപ്പെട്ടത് ടെക്ജെൻഷ്യ വികസിപ്പിച്ച വി-കൺസോൾ ആണ്. കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ സംഘടിപ്പിച്ച ടെക്‌നോളജി ചലഞ്ചിൽ പങ്കെടുത്ത രണ്ടായിരം കമ്പനികളെ പിന്തള്ളിയാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ഓൺലൈനിൽ ഫലം പ്രഖ്യാപിച്ചപ്പോൾ, ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ചെർത്തല ഇൻഫോപാർക്കിൽ സ്ഥിതിചെയ്യുന്ന ടെക്‌ജെൻസിയ വിജയിച്ചപ്പോൾ ഏവരും ആദ്യം ഒന്ന് ഞെട്ടി എന്നതാണ് സത്യം.

ഒരു കോടി രൂപ സമ്മാനം; സൂം ആപ്പിനേക്കാൾ മികച്ചത്

ഇപ്പാൾ, ഒരു കോടി രൂപയും, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഡിയോ കോൺഫറൻസിംഗിനായി മൂന്ന് വർഷത്തെ കരാറും ടെക്ജെൻസിയയെ കാത്തിരിക്കയാണ്. സൂം ആപ്പിനേക്കാൾ മികച്ച സാങ്കേതിക മികവ് ഈ സറ്റാർട്ടപ്പ് കമ്പനിക്കുണ്ടെന്നാണ് വ്യക്തമായത്. മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ 12 കമ്പനികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നതിന് 5 ലക്ഷം രൂപ വീതം നൽകി. പിന്നീട് അവസാന റൗണ്ടിലേക്ക് മൂന്ന് കമ്പനികളെ തിരഞ്ഞെടുക്കുകയും ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിന് 20 ലക്ഷം രൂപ വീതം നൽകുകയും ചെയ്തു. മൂന്ന് ആപ്ലിക്കേഷനുകൾ അവലോകനം ചെയ്ത ശേഷം ജൂറി ടെക്ജെൻസിയയെ വിജയിയായി തിരഞ്ഞെടുക്കയായിരുന്നു.

ടെക്ജെൻഷ്യയിലെ ജോയിയുടെ 50ലധികം സഹപ്രവർത്തകരും ഈ നേട്ടത്തിന് ഉത്തരവാദികളാണ്. ഒരു എംസിഎ ബിരുദധാരിയായ ജോയ് ഇപ്പോൾ വർഷങ്ങളായി വീഡിയോ കോൺഫറൻസിങ് രംഗത്ത് പ്രവർത്തിക്കുന്നു.സർക്കാർ ഈ വെല്ലുവിളി അവതരിപ്പിച്ചില്ലെങ്കിൽ തന്റെ ഉൽപ്പന്നം അജ്ഞാതമായി തുടരുമെന്ന് ജോയ് സെബാസ്റ്റ്യൻ പറഞ്ഞു. ''ഞങ്ങൾ നേരത്തെ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരുന്നു, വെല്ലുവിളിയിൽ അവതരിപ്പിച്ച ഉൽപ്പന്നമാണ് ട്രയലിനും പരിശോധനയ്ക്കും വിധേയമായ ഏറ്റവും പുതിയ പതിപ്പ്,'' അദ്ദേഹം കൂട്ടിച്ചേർത്തു. നൂറിലധികം പേർക്ക് ഒരു സമയം വീഡിയോ കോൺഫറൻസ് ചെയ്യാൻ കഴിയും. സൂമിനേക്കാൾ വി- കൺസോളിലെ മികച്ചതാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പങ്കെടുക്കുന്നവരുടെ എണ്ണത്തെ ചിത്ര ഗുണമേന്മ ബാധിക്കില്ല. നൂറിലധികം പങ്കാളികൾക്ക് ഒരു സമയം ഒരു വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാം, അതേസമയം 300 ലധികം പേർ കാണാനാകും.ഇത് 100 ശതമാനം സുരക്ഷിതമാണെന്നും സൈന്യത്തിന് പോലും ഉപയോഗിക്കാമെന്നും ജോയ് സെബാസ്റ്റ്യനും ടെക്ജെൻസിയയും പറയുന്നു.

ചേർത്തലയിൽ ഒരു ഐടി കമ്പനി ജോയി തുടങ്ങിയപ്പോൾ നെറ്റി ചുളിച്ചവർ ഏറെയുണ്ടായിരുന്നു. പക്ഷേ രാജ്യത്തിന്റെ അംഗീകാരം ഒരിക്കൽ തന്നെ തേടിയെത്തുമെന്നും ജോയിക്ക് വിശ്വാസം ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ ഇന്നവേഷൻ ചലഞ്ചിൽ പങ്കെടുക്കുമ്പോഴും സുഹൃത്തുക്കളോട് ജോയ് പറയുമായിരുന്നു, നിഷ്പക്ഷമായ തെരഞ്ഞെടുക്കലാണ് നടക്കുന്നതെങ്കിൽ തീർച്ചയായും നമ്മൾ വിജയിക്കുമെന്ന്. അത് ശരിയായി. രാഷ്ട്രീയ പക്ഷപാതിത്വമില്ലായെ കാര്യങ്ങൾ കൊണ്ടുപോയാൽ കേരളത്തിൽനിന്നുവരെ നിരവധി പ്രതിഭകൾ ഉയർന്നുവരും എന്നതിന്റെ തെളിവ് കൂടിയാണ് ഈ വിജയം.

കേന്ദ്ര അംഗീകാരം വന്നതോടെ ടെക്ജെൻഷ്യ സാരഥി ജോയ് സെബാസ്റ്റ്യൻ സോഷ്യൽ മീഡിയയിലും താരമാണ്. ആരെയും അമ്പരിപ്പിക്കുന്ന അതിജീവനത്തിന്റെ കഥ കൂടിയാണ് അദ്ദേഹത്തിന്റെത്.

വറുതിയുടെ ബാല്യത്തിൽനിന്ന് വളർന്നു

ആലപ്പുഴയിലെ പാതിരാപ്പള്ളിയിൽ ചെട്ടികാട് എന്ന ഗ്രാമത്തിലാണ് ജോയ് സെബാസ്റ്റ്യന്റെ വീട്. മത്സ്യത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും ഗ്രാമമാണ് ചെട്ടികാട്. വറുതിയുടെ കരയിലായിരുന്നു ജോയിയുടെ ബാല്യം. മത്സ്യത്തൊഴിലാളിയായ പിതാവായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജോയിയുടെ മൂത്ത സഹോദരൻ ജോബും പഠിക്കാൻ മിടുക്കനായിരുന്നു. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും കാറും കോളും നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും പഠിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീന്താൻ യാതൊന്നും ജോബിനും ജോയിക്കും തടസമായില്ല. അന്നേ ചെട്ടിക്കാട്ടുകാർ പറയുമായിരുന്നു; ജോബും ജോയിയും തീരത്തിന്റെ അഭിമാനമാകുമെന്ന്.

പക്ഷേ, അപ്രതീക്ഷിതമായൊരു ദുരന്തം ആ കൊച്ചുവീട്ടിലേക്ക് കടന്നു വന്നു. എഞ്ചിനീയറിംഗിന് പഠിക്കുകയായിരുന്ന ജോബ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. വലിയ ആഘാതമായിരുന്നു ജോബിന്റെ അകാല വിയോഗം ആ കുടുംബത്തിനും നാടിനും സൃഷ്ടിച്ചത്. പഠന മികവിൽ ജോയിയേക്കാളും മുന്നിലായിരുന്നു ജോബ്. എല്ലാവരുടെയും പ്രതീക്ഷകളും കാത്തിരുപ്പുകളും വിഫലമാക്കി ജോബ് പോയി.

സഹോദരൻ ജോയിയുടെ ജീവിതത്തിൽ വലിയ താങ്ങായിരുന്നു. അത് നഷ്ടമായെങ്കിലും തളർന്നിരിക്കാൻ കഴിയുമായിരുന്നില്ല. കുടുംബത്തിന്റെ പ്രതീക്ഷ തന്നിലാണെന്നറിയാമായിരുന്നു ജോയിക്ക്. പഠനം മുന്നോട്ടുകൊണ്ടു പോകാൻ വെല്ലുവിളികളേറെ തരണം ചെയ്യണമായിരുന്നു. പിതാവിന്റെ വരുമാനം ഒന്നിനുമൊന്നിനും തികയില്ലെന്നറിയാവുന്ന ജോയി, ട്യൂഷൻ സെന്ററുകളിലും വീടുകളിലും കുട്ടികളെ പഠിപ്പിക്കാൻ പോയി. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് വിദ്യാഭ്യാസം മുന്നോട്ടു പോയി. സർക്കാർ സ്‌കൂളുകളിൽ നിന്നും പഠിച്ചു വളർന്ന ജോയിയുടെ ചിന്തകളിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറിംഗിന്റെ സാധ്യതകൾ ആവേശം കൊള്ളിക്കുമ്പോൾ, കമ്പ്യൂട്ടർ വ്യാപകമായി വരുന്നതേയുണ്ടായിരുന്നുള്ളൂ. തീരത്തു നിന്ന് ജോയ് ടികെഎം എഞ്ചിനീയറിങ് കോളേജിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് പഠിക്കാൻ പോകുമ്പോൾ, അതിനെക്കുറിച്ചൊന്നും അത്ര ബോധ്യമില്ലായിരുന്നുവെങ്കിലും ചെട്ടികാട് ഗ്രാമത്തിന്റെ പ്രതീക്ഷകൾ വാനോളമായിരുന്നു.

കംമ്പ്യൂട്ടർ വാങ്ങാൻ പോലും പണമില്ലാത്ത കാലം

എം.സി.എ.യ്ക്ക് പഠിക്കുന്ന കാലം. ഹോസ്റ്റലിലെ 12 സുഹൃത്തുക്കൾചേർന്ന് പഠിക്കാനായി പിരിവിട്ട് രണ്ട് കമ്പ്യൂട്ടറുകൾ വാങ്ങി. സാമ്പത്തിക പ്രയാസമുള്ളതിനാൽ ജോയിയോട് അവർ പിരിവുചോദിച്ചുമില്ല. ചോദിച്ചാൽത്തന്നെ കൊടുക്കാനുമില്ല. പിരിവ് നൽകിയില്ലെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിൽ കൂടുതൽ സമയവും കമ്പ്യൂട്ടർ ഉപയോഗിച്ചത് ജോയിതന്നെ. കോഴ്സുകഴിഞ്ഞ് ജോയി വീട്ടിലേക്കുമടങ്ങി. പിന്നീട് കൂട്ടുകാർ ആ കമ്പ്യൂട്ടറുകൾ ജോയിയുടെ വീട്ടിലെത്തിച്ച് പറഞ്ഞു: ''നിനക്കൊരു ജോലികിട്ടുന്നതുവരെ, ഈ കമ്പ്യൂട്ടറിനെ വരുമാനമാക്കണം. ഇതുകൊണ്ട് ഒരു കമ്പ്യൂട്ടർ സെന്റർ തുടങ്ങണം.'' വീട്ടിലെ സ്ഥിതി മനസ്സിലാക്കി കൂട്ടുകാർ നൽകിയ ആ കമ്പ്യൂട്ടറായിരുന്നു ജോയിയുടെ ജീവിതത്തിലെ ആദ്യനിക്ഷേപം, ആദ്യസംരംഭവും.ഇതിനിടെ പി.എസ്.സി. പരീക്ഷയെഴുതി. കോടതിയിൽ എൽ.ഡി. ക്ലാർക്കായി ജോലി ലഭിച്ചെങ്കിലും ജോയിയുടെ ലക്ഷ്യം ഐ.ടി.മാത്രമായിരുന്നു.

അവനീർ എന്ന കമ്പനിയിലായിരുന്നു തുടക്കം. 2000-ത്തിൽ ഓഡിയോ കോൺഫറൻസിനുള്ള സംവിധാനമാണ് കമ്പനി ചെയ്തുകൊണ്ടിരുന്നത്. സാമ്പത്തികപ്രശ്നംമൂലം 2006-ൽ കമ്പനി പൂട്ടി. എന്നാലും ആ കമ്പനിയുടെ ഉടമസ്ഥന്റെ ആവശ്യപ്രകാരം സ്വതന്ത്രമായി അവർക്കുവേണ്ടി ജോലിചെയ്തു. 2009-ൽ ടോണി തോമസ് എന്ന സുഹൃത്തുമായി ചേർന്ന് തുടങ്ങിയ കമ്പനിയാണ് ഇപ്പോൾ ലോകമറിയപ്പെടുന്ന ടെക്ജെൻഷ്യയായി മാറിയത്. ഈ കമ്പനി 2009 മുതൽ വീഡിയോ കോൺഫറൻസ് സംവിധാനം ചെയ്തുതുടങ്ങി. അന്നുമുതലേ യുഎസിലെയും യൂറോപ്പിലെയും പല കമ്പനികൾക്കായും വീഡിയോ കോൺഫറൻസ് സംവിധാനമൊരുക്കി നൽകി. ഓർഡറുകൾ ലഭിച്ചിരുന്നെങ്കിലും വരുമാനം കാര്യമായി ഇല്ലായിരുന്നു. ചിലപ്പോൾ മാസങ്ങളോളം ജീവനക്കാർക്ക് ശമ്പളംപോലും കൊടുക്കാൻ സാധിച്ചില്ല. എന്നാൽ, പതിയെപ്പതിയെ കമ്പനി വളർന്നു.

സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിലാണ് ജോയി പഠിച്ചത്. അതിനാൽ ഐടി രംഗത്ത് ആദ്യഘട്ടത്തിൽ പല പരീക്ഷകളിലും ജയിച്ചെങ്കിലും അഭിമുഖത്തിനെത്തിയപ്പോൾ പരാജയപ്പെട്ടു. ഇംഗ്ലീഷുതന്നെയായിരുന്നു പ്രശ്നം. എന്നാൽ, അതിനെയെല്ലാം നിശ്ചയദാർഢ്യംകൊണ്ട് കീഴടക്കി. ആ പാഠത്തിൽനിന്ന്, വിദ്യാഭ്യാസയോഗ്യതയല്ല കഴിവാണ് മുഖ്യമെന്ന് ജോയി പറയുന്നു.

ജനകീയ ഭക്ഷണ ശാലയും ജനകീയ ലാബും

ഏതു വിജയവും നാടിനും നാട്ടുകാർക്കുമൊപ്പം ആഘോഷിക്കാനാണ് ജോയ് സെബാസ്റ്റ്യൻ എന്നും തയ്യാറായിട്ടുള്ളത്. വന്ന വഴി മറക്കാത്തവൻ എന്നാണ് നാട്ടുകാരും ജോയിയെക്കുറിച്ച് പറയുന്നത്. ഇന്ന് കേരളത്തിൽ തന്നെ ശ്രദ്ധേയമായി മാറിയ പാതിരാപ്പള്ളിയിലെ ഔവർ ലൈബ്രറിയുടെ പ്രസിഡന്റായി ജോയി ഉണ്ടായിരുന്ന കാലത്താണ് പഠിപ്പുര എന്ന പേരിൽ ഓൺലൈൻ മാഗസിൻ തയ്യാറാക്കുന്നത്. ലൈബ്രറി കൗൺസിൽ ഇങ്ങനെയൊരു ആശയം നടപ്പാക്കുന്നത് ഇതിനു ശേഷമാണ്. കേരളത്തിൽ തന്നെ ഇന്ന് ഏറ്റവും അറിയപ്പെടുന്ന പാലിയേറ്റീവ് സെന്ററാണ് പാതിരാപ്പള്ളിയിലെ സ്‌നേഹജാലകം. സ്‌നേഹ ജാലകത്തിന്റെ കീഴിൽ ജനകീയ ഭക്ഷണശാല എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനു പിന്നിലും ജോയിയുണ്ടായിരുന്നു.

വിശപ്പിന്റെ വിലയറിഞ്ഞു വളർന്നു വന്നൊരുവന്റെ സഹജീവികളോടുള്ള കരുതൽ. കൈയിൽ കാശില്ലാത്തതുകൊണ്ട് ആരും വിശന്നിരിക്കേണ്ടി വരരുതെന്ന ആഗ്രഹമായിരുന്നു ജനകീയ ഭക്ഷണ ശാലയെന്ന ആശയത്തിനു പിന്നിൽ. അതുപോലെയൊന്നാണ് ജനകീയ ലാബോറട്ടറി. സ്വകാര്യ ലാബുകൾ ആളുകളെ ചൂഷണം ചെയ്യുന്നതിന് തടയുകയായിരുന്നു ജനകീയ ലാബിനു പിന്നിലെ ലക്ഷ്യം. ഇതിനുവേണ്ടി വിശദമായൊരു പഠനം തന്നെ നടത്തിയ ശേഷമായിരുന്നു ജോയ് ലാബ് യാഥാർത്ഥ്യമാക്കിയത്. സംസ്ഥാന സർക്കാർ കേരളം മുഴവൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രതിഭാതീരം പദ്ധതിയുടെ പിന്നിലും ജോയി സെബാസ്റ്റ്യൻ എന്ന പേരുണ്ട്. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനുവേണ്ടി ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റെ ആശയമായിരുന്നു പ്രതിഭാതീരം. ഇന്ന് സംസ്ഥാനത്തിനു തന്നെ മാതൃകയമായി മാറിയ ഈ പദ്ധതിയും സാക്ഷാത്കരിക്കാൻ ജോയിയുണ്ടായിരുന്നു. 2018- ലെ മഹാപ്രളയ കാലത്ത് ആലപ്പുഴയിലെ രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ജോയി സെബാസ്റ്റ്യൻ പൂർണസമയവുമുണ്ടായിരുന്നു. കളക്റ്റ്രേറ്റിലെ കൺട്രോൾ റൂമിലെ സാങ്കേതിക പ്രവർത്തനങ്ങളുടെ ചുക്കാൻ ജോയിക്കായിരുന്നു.

പറയാൻ ഇനിയുമേറെയുണ്ട് ചെട്ടികാടുകാർക്കും ആലപ്പുഴക്കാർക്കും ജോയിയെക്കുറിച്ച്. ഇന്നിപ്പോൾ ജോയിയുടെ വിജയം തങ്ങൾ ഓരോരുത്തരുടെയും വിജയമായാണ് ചെട്ടികാട്ടെ മനുഷ്യർ ഏറ്റെടുത്തിരിക്കുന്നത്. ഏത് ആകാശവും എത്തിപ്പിടിക്കാൻ തങ്ങൾക്കുമാകുമെന്നാണവർ ജോയിയുടെ നേട്ടത്തെ അടയാളപ്പെടുത്തുന്നു.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ

ആദ്യമൊക്കെ കമ്പനിയിൽ ജോലിക്ക് ആളെക്കിട്ടാത്ത അവസ്ഥ. വൻനഗരമല്ലാത്ത ചേർത്തലയിലേക്ക് വരാൻ ആളുകൾ മടിച്ചു. വന്നവരിലധികവും നാട്ടിൻപുറത്തുകാർ. അവരെ ജോലിക്കെടുത്തു. കഴിവുമാത്രമാണ് നോക്കിയത്. അങ്ങനെ അതൊരു തനിനാടൻ ഐ.ടി. കമ്പനിയായി മാറി. എൻജിനിയറിങ് പഠിക്കാത്ത പലരും ഇന്ന് ഈ കമ്പനിയിലെ വിലയേറിയ എൻജിനിയർമാരാണ്. 65പേരാണ് ജോലിചെയ്യുന്നത്. ഇതിൽ 15 പേരായിരുന്നു വീഡിയോ കോൺഫറൻസിങ് സംവിധാനത്തിനായി കൂടുതലും ജോലി ചെയ്തത്. ജോലിചെയ്യിപ്പിക്കുന്നതിനും 'ജോയി മോഡലു'ണ്ട്. ഒരു മാസത്തേക്കുചെയ്യേണ്ട ജോലികളുടെ ടാസ്‌ക് ലിസ്റ്റ് ഓഫീസിൽ പ്രദർശിപ്പിക്കും. അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാം. അവരത് കൃത്യമായി ചെയ്യുകയുംചെയ്യും. 2010-ൽ കമ്പനിക്കൊപ്പം ചേർന്നവർ ഇന്ന് കമ്പനിയുടെ ഡയറക്ടർബോർഡിൽ അംഗങ്ങളാണ്. നിശ്ചിതകാലാവധി പൂർത്തിയാക്കുന്നവർക്ക് ഷെയറുകളും നൽകുന്നു. അതിനാൽ സ്വന്തം കമ്പനിയായിക്കണ്ടാണ് എല്ലാവരും പണിയെടുക്കുന്നത്. ശമ്പളംമാത്രമല്ല, ഇത്തരം അംഗീകാരങ്ങളും അവരെ സ്ഥാപനത്തോട് ചേർത്തുനിർത്തുന്നു.

മറ്റ് സോഫ്‌റ്റ്‌വേറുകളിൽനിന്ന് വി കൺസോളിനെ വ്യത്യസ്തമാക്കുന്നത് സുരക്ഷയാണ്. ചർച്ച മോഡറേറ്റ് ചെയ്യുന്നയാൾക്കുമാത്രമല്ല, പങ്കെടുക്കുന്ന എല്ലാവർക്കും പാസ്വേഡ് ഉപയോഗിച്ച് മീറ്റിങ്ങിൽ കയറാം. സൈനിക ആവശ്യങ്ങൾക്കുവരെ ഇതുപയോഗിക്കാമെന്ന് അദ്ദേഹം പറയുന്നു. ദൃശ്യഗുണമേന്മയാണ് ഏറ്റവും വലിയ സവിശേഷത. എച്ച്.ഡി. ക്വാളിറ്റിവരെ കിട്ടും. ഒരാൾ കയറിയാലും 50 പേർ കയറിയാലും ക്വാളിറ്റിയിൽ ഒരു വ്യത്യാസവുമില്ല. നൂറിലധികം പേർക്ക് മീറ്റിങ്ങിൽ പങ്കെടുക്കാം. മുന്നൂറിലധികംപേർക്ക് കാണുകയും ചെയ്യാം.

ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്കുമാത്രമേ വി-കൺസോൾ ഉപയോഗിക്കാനാവൂ. പൊതുജനങ്ങൾക്ക് ആപ്ലിക്കേഷൻ നൽകണമെങ്കിൽ നിക്ഷേപവും അടിസ്ഥാനസൗകര്യങ്ങളും കൂടുതലായി വേണ്ടിവരും. എന്നാലും ഒരു മാസത്തിനുശേഷം ജനങ്ങൾക്കിടയിലേക്ക് ആപ്ലിക്കേഷൻ എത്തിക്കുന്നതിനായുള്ള പ്രവർത്തനം തുടങ്ങും. കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ഇപ്പോൾ മറ്റൊരു യൂറോപ്യൻ രാജ്യം, വീഡിയോ കോൺഫറൻസ് സംവിധാനം തേടി കമ്പനിയെ സമീപിച്ചിട്ടുണ്ട്. അതാണ് ഇനി ജോയിയുടെയും സംഘത്തിന്റെയും അടുത്ത ലക്ഷ്യം.