കൊച്ചി: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി. ചിലർക്ക് മാത്രം സുരക്ഷ ഒരുക്കുന്നത് മറ്റുതീർത്ഥാടകരെ ബാധിക്കുന്നു. ഒന്നോ, രണ്ടോ തീർത്ഥാടകർക്കായി സുരക്ഷ ഒരുക്കുന്നത് ഒഴിവാക്കണം. സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രത്യേക സുരക്ഷ ഒരുക്കണമെങ്കിൽ ഹൈക്കോടതി നിർദ്ദേശിക്കുന്നവർക്കും പ്രത്യേക വ്യക്തികൾക്കും മാത്രമായിരിക്കണം. പൊലീസ് അകമ്പടിയിൽ സ്ത്രീകളെ മലകയറ്റുമ്പോൾ മറ്റ് ഭക്തർക്ക് അപകടം സംഭവിച്ചേക്കാമെന്ന് സമിതി വിലയിരുത്തി. തങ്ങൾ ചൂണ്ടിക്കാണിച്ച നിർദ്ദേശങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായി ഇറക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ചില വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് റിപ്പോർട്ടിൽ സമിതി ചെയ്തിരിക്കുന്നത്.

അതിനിടെ, മനിതി സംഘത്തെ സ്വകാര്യ വാഹനത്തിൽ പമ്പയിൽ എത്തിച്ചതിനെ ഹൈക്കോടതി വിമർശിച്ചു. സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാൻ അനുവദിക്കില്ലെന്ന ഉത്തരവ് നിലനിൽക്കെ പൊലീസ് ബോധപൂർവം ഇത് മറികടക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച സർക്കാരും ദേവസ്വം ബോർഡും വിശദീകരണം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു.