ന്യൂഡൽഹി: ഝാർഖണ്ഡിൽ ജഡ്ജി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐക്ക്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ജാർഖണ്ഡ് ഹൈക്കോടതി അംഗീകരിച്ചു. അന്വേഷണം ഏറ്റെടുക്കാൻ സിബിഐക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.ഹൈക്കോടതിയും പിന്നാലെ സുപ്രീംകോടതിയും സംഭവത്തിൽ സ്വമേധയാ കേസെടുത്തു. ഇതിന് പിന്നാലെ ജാർഖണ്ഡ് സർക്കാർ എസ്‌ഐടി അന്വേഷണം പ്രഖ്യാപിക്കുകയും ഓട്ടോ ഡ്രൈവറടക്കം പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ധൻബാദ് ജില്ലയിലെ അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോർട്ടിൽ ജഡ്ജിയായിരുന്നു കൊല്ലപ്പെട്ട ജസ്റ്റിസ് ഉത്തം ആനന്ദ്. ജൂലൈ 28ന് പതിവ് പ്രഭാത സവാരിക്കിറങ്ങിയ ജസ്റ്റിസ് ആനന്ദിനെ ഒരു ഓട്ടോ പിന്നിൽ നിന്ന് വന്നിടിച്ചിടുകയായിരുന്നു.തലക്ക് പരിക്കേറ്റ് റോഡരുകിൽ കിടന്ന ജഡ്ജിയെ വഴിപോക്കർ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കുറിന് ശേഷം മരിച്ചു.ജഡ്ജിയെ ബോധപൂർവ്വം ഇടിച്ചതാണെന്ന് സംശയിക്കാവുന്ന സിസിടിവി ദൃശ്യങ്ങൾ പിന്നാലെ പുറത്ത് വന്നു.

രാജ്യത്ത് ഏറ്റവും അധികം കൽക്കരി ഖനികൾ ഉള്ള പ്രദേശമാണ് ഝാർഖണ്ഡിലെ ധൻബാദ്. കൽക്കരി മാഫിയ ഗുണ്ടാസംഘങ്ങൾക്കെതിരെ അടുത്തകാലത്ത് ഒരു കേസിൽ ജഡ്ജി ഇറക്കിയ ഉത്തരവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നുണ്ട്