ന്യൂഡൽഹി: ഹരിദ്വാറിൽ നടന്നുവന്ന കുംഭമേള വെട്ടിച്ചുരുക്കിയതായി സന്യാസി സംഘടന ജുന അഖാഡ അറിയിച്ചു. കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേള പ്രതീകാത്മകമായി ചടങ്ങുകൾ മാത്രമായി നടത്തണമെന്നും സ്വാമി അവധേശാനന്ദ ഗിരിയോട് അഭ്വർത്ഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഓരോ ജീവനുകളും പ്രധാനമാണെന്നും നിലവിലെ സാഹചര്യത്തിൽ കുംഭമേള വെട്ടിച്ചുരുക്കുകയാണെന്നും സ്വാമി അവ്‌ധേശാനന്ദ അറിയിച്ചു. പതിനാലു ലക്ഷം പേരാണ് ഹരിദ്വാറിലെ കുംഭമേളയുടെ രണ്ടാം ഷാഹിസ്‌നാനത്തിനെത്തിയിട്ടുള്ളത്.

കോവിഡ് കുതിച്ചുയരുമ്പോൾ ഇത്രയും പേർ ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് രോഗബാധ കൂട്ടുമെന്നതിനാലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ. കുംഭമേള വെട്ടിച്ചുരുക്കണം എന്ന ആവശ്യം നേരത്തെ ഉത്തരാഖണ്ട് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് തള്ളിയിരുന്നു. കാര്യങ്ങൾ കൈവിട്ടു പോകുന്ന പശ്ചാത്തലത്തിലാണ് ഒടുവിൽ പ്രധാനമന്ത്രിക്ക് ഇടപെടേണ്ടി വന്നത്.

അതേസമയം, യു.പി, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ കുംഭമേള കഴിഞ്ഞെത്തുന്നവർക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ക്വാറന്റീനും നിർബന്ധിത കോവിഡ് പരിശോധനയും തീർത്ഥാടകർക്ക് നടത്തുമെന്ന് സംസ്ഥാനങ്ങൾ അറിയിച്ചു.