പാലക്കാട്: കേരള മണ്ണിലേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സ്ഥാനാർത്ഥിയായിരുന്നു കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് പാലത്തുള്ളി ഡിവിഷനിൽ മത്സരിച്ച ജ്യോതി വികാസ്. മത്സര രംഗത്ത് വന്നപ്പോഴാണ് 10 വർഷം മുൻപു നടന്ന സിനിമാ കഥയെ വെല്ലുന്ന ഫ്ളാഷ് ബാക്ക് മലയാളികൾ അറിയുന്നത്. തന്റെ വലതുകൈ ത്യജിച്ച് ജവാനെ രക്ഷിക്കുകയും ആ ജവാന്റെ ഭാര്യയായി കേരളത്തിലേക്ക് എത്തുകയും ചെയ്ത കഥ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ജ്യോതിയെ രാഷ്ട്രീയം മറന്ന് വോട്ടർമാർ വിജയിപ്പിക്കുമെന്നായിരുന്നു വിശ്വാസം. എന്നാൽ ഫലം പുറത്തു വന്നപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.

ജ്യോതിയുടെ പരാജയം അറിഞ്ഞതോടെ സോഷ്യൽ മീഡിയ ഒന്നാകെ കൊല്ലങ്കോട്ടുകാർക്ക് നേരെ ഉറഞ്ഞു തുള്ളുകയാണ് ഇപ്പോൾ. കേരളത്തിന്റെ മകളായ എത്തിയ ജ്യോതിയ പരാജയപ്പെടുത്തിയ നാട്ടുകാർ മനസാക്ഷിയില്ലാത്തവരാണ് എന്നാണ് പറയുന്നത്. എന്നാൽ ജ്യോതിക്ക് ആരോടും പരിഭവമില്ല. മറ്റൊരു നാട്ടിൽ നിന്നും എത്തിയ തനിക്ക് 1674 വോട്ടർമാർ തന്നെ പിൻതുണയാണ് തന്റെ വിജയമെന്നാണ് ജ്യോതി മറുനാടനോട് പ്രതികരിച്ചത്.

പിൻതുണച്ചവർക്ക് എല്ലാവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി. ജയവും തോൽവിയും മത്സരത്തിന്റെ ഭാഗമാണ്. അതിനെ നല്ല രീതിയിൽ കാണുന്നു. അടുത്ത തവണ വീണ്ടും പരിശ്രമിക്കും. ജയിച്ചാൽ ഒരു പാടു കാര്യങ്ങൾ ചെയ്യണമെന്നായിരുന്നു ആഗ്രഹം. പൊതു പ്രവർത്തന രംഗത്തേക്ക് മുന്നോട്ട് വച്ച കാൽ പിന്നോട്ടേക്ക് എടുക്കില്ല. സ്ഥാനമില്ലെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾ തുടരും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് താൽപര്യം. ഒരു സ്ഥാനത്ത് ഇരിക്കാതെ അതു ചെയ്യുക എന്നത് വെല്ലുവിളിയാണ്. കഴിയുന്നതു പോലെ ഞാൻ പ്രവർത്തിക്കും. മുഴുവൻ സമയവും ജനങ്ങൾക്ക് വേണ്ടി ചിലവഴിക്കും. കൊല്ലങ്കോട്ടെ രാഷ്ട്രീയ സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്.

കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കൂടുതൽ പിടിക്കാൻ കഴിഞ്ഞു എന്നും ജ്യോതി പറയുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെയാണു സംഭവിച്ചത്. ബ്ലോക്ക് പഞ്ചായത്തിലേക്കാണു മൽസരിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. ബിജെപിക്ക് കാര്യമായ സ്വാധീനം ഇല്ലാത്ത സ്ഥലവുമാണ്. എൽഡിഎഫ് ജയിച്ചു. യുഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തി. ഞാൻ മൂന്നാമതാണ്. പക്ഷേ 1,600ൽപ്പരം വോട്ട് കിട്ടി. അത് വലിയ കാര്യമായി കരുതുന്നു. ജയിച്ചില്ല എന്ന് കരുതി മാറി നിൽക്കില്ല. എനിക്ക് വേണ്ടി വോട്ട് ചെയ്തവരോടും പ്രാർത്ഥിച്ചവരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. തോൽവിയിൽ ഒട്ടും തന്നെ വിഷമമില്ല. ഇത് ഒരു അനുഭവമായി കാണുകയാണ്.

ഛത്തീസ്‌ഗഡ് സ്വദേശിനിയായ ജ്യോതി മലയാളത്തിന്റെ മരുമകളായിട്ട് ഒമ്പത് വർഷമാകുന്നു. മലയാളി ജവാന്റെ ഭാര്യയായി കേരളത്തിൽ എത്തിയ ജ്യോതിയുടെ ജീവിതം അതിർവരമ്പുകൾ ഇല്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും അപൂർവ്വ പ്രണയത്തിന്റെയും ഉത്തമ ഉദാഹരണമാണ്. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം കൈ നഷ്ടപ്പെടുത്തിയ ജ്യോതി ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല അതേ ആൾ തന്റെ ജീവിതത്തിലേക്കു കൈപിടിച്ചു കേറി വരുമെന്ന്. അത് അങ്ങ് ഛത്തീസ്‌ഗഡിൽ നിന്നും ഇങ്ങ് തെക്കൻ കേരളത്തിൽ പാലക്കാട് കൊല്ലങ്കോട് മലയാളത്തിന്റെ മരുമകളായാണ് ഇന്ന് ജ്യോതി. സിനിമക്കഥയെ വെല്ലുന്ന ജീവിതകഥയാണ് ജ്യോതിയുടേത്.

സംഭവങ്ങളുടെ എല്ലാം തുടക്കം 2010 ജനുവരി മൂന്നിനാണ്. ഛത്തീസ്‌ഗഡ് ദുർഗിലെ മൈത്രി കോളേജിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിനിയായ ജ്യോതി ഹോസ്റ്റലിൽ നിന്നു ബച്ചേലിയിലെ തന്റെ വീട്ടിലേക്കു പോകാനാണ് ബസിൽ യാത്ര തിരിച്ചത്. അതേ ബസിലെ സഹയാത്രികനായിരുന്നു സിഐ.എസ്.എഫ് ജവാനായിരുന്ന പാലക്കാടു സ്വദേശി വികാസ്. ഛത്തീസ്‌ഗഡിലെ തന്നെ മറ്റൊരു ക്യാമ്പിലായിരുന്ന സഹോദരൻ വിശാലിനെ സന്ദർശിച്ചു ദണ്ഡേവാഡ ജില്ലയിലെ ബെലാഡിയിലെ സ്വന്തം ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്നു.

ബസിന്റെ വിൻഡോ സീറ്റിന്റെ ജനൽപാളിയിൽ തലചായ്ച്ചു നല്ല ഉറക്കത്തിലായിരുന്നു വികാസ്. വളരെ പെട്ടെന്നാണ് എതിർവശത്തു നിന്നു വന്ന ട്രാക്ടർ നിയന്ത്രണം വിട്ടു ബസിന് നേർക്കു വരുന്നതു യാത്രക്കാർ കാണുന്നതു ഉറങ്ങുകയായിരുന്ന വികാസ് ഒഴികെ മറ്റെല്ലാവരും ഒരു വശത്തേക്കു ചരിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു. മരണം മീറ്ററുകൾക്കപ്പുറം എത്തിനില്ക്കുകയായിരുന്നു വികാസിനു. പക്ഷെ ദൈവത്തിന്റെ ആ കൈ വികാസിനെ മരണത്തിനു വിട്ടു കൊടുത്തില്ല. വികാസിനു തൊട്ടു പിറകിൽ ഇരുന്ന ജ്യോതിയുടെ ആയിരുന്നു ആ കൈകൾ. മറ്റു യാത്രക്കാരെല്ലാം പ്രാണരക്ഷാർത്ഥം ഓടി മാറിയപ്പോൾ ഉറക്കത്തിലായിരുന്ന വികാസിനു സംഭവിക്കാവുന്ന അപകടം മനസിലാക്കിയ ജ്യോതി തന്റെ വലതു കൈ ഉപയോഗിച്ചു വികാസിന്റെ തല പിടിച്ചു മാറ്റുകയായിരുന്നു. ഞെട്ടിയുണർന്ന വികാസ് കാണുന്നതു കൈ അറ്റു ചോരയിൽ കുളിച്ചു കിടക്കുന്ന ജ്യോതിയെയാണ്. അപകടം ഉണ്ടായി എന്നു അല്ലാതെ മറ്റൊന്നും വികാസിനു മനസിലായിരുന്നില്ല.

യാത്രക്കാരൊക്കെ ഡ്രൈവറെ കുറ്റപ്പെടുത്തുന്നതു അല്ലാതെ സഹായിക്കാൻ മുതിർന്നില്ല. തന്നെ രക്ഷിക്കാൻ ശ്രമിച്ചാണ് ജ്യോതിയുടെ കൈ നഷ്ടമായതു എന്നു കുറച്ചു വൈകിയാണ് വികാസ് മനസിലാക്കിയതു. തന്റെ ജീവൻ രക്ഷിച്ച പെൺക്കുട്ടിക്കു അതുമൂലം കൈനഷ്ടമായെന്നു അറിഞ്ഞതോടെ അവരെ ഇങ്ങനെയും രക്ഷിക്കണം എന്നു വികാസ് മനസിൽ ഉറപ്പിച്ചു. സമീപത്തെ ആശുപത്രിയിൽ വിദഗ്ദ്ദ ചികിത്സ ഇല്ലാത്തതിനാൽ മുറിഞ്ഞു പോയ കൈയുമായി ബിലാസ്പൂറിലെ അപ്പോളോ ആശുപത്രിയിലും പിന്നീടു റായ്പൂരിലെ രാമകൃഷ്ണാ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുന്നി ചേർക്കാനാകത്ത വിധം കൈപ്പത്തി വേർപ്പൈട്ടുവെന്നും ഡോക്ടർമാർ അറിയിച്ചു.

വിവരം അറിഞ്ഞു ആശുപത്രിയിൽ എത്തിയ സഹോദരൻ വിശാൽ തന്റെ കൈപ്പത്തി വരെ ജ്യോതിക്കു നൽകാൻ ഒരുക്കമായിട്ടും അതും നടക്കില്ല എന്നു ഡോക്ടർമാർ അറിയിച്ചു. അങ്ങനെ ചെയ്യുന്നത് പഴുപ്പു ഉണ്ടാകുമെന്നല്ലാതെ ഗുണം ചെയ്യില്ലെന്നും പറഞ്ഞതോടെ വികാസ് ആകെ തകർന്നു.ഇതിനിടയിലെ ജ്യോതിയുടെ വീട്ടുകാരുടെ പ്രതികരണം വളരെ ക്രൂരമായിരുന്നു. പരിചയമില്ലാത്ത ഒരാൾക്കു വേണ്ടി സ്വന്തം കൈപ്പത്തി കളഞ്ഞ ജ്യോതിയെ അവർ കുറ്റപ്പെടുത്തി ചികിത്സയുടെ അവസാന നാളുകളിൽ മാത്രമാണ് അവർ ആശുപത്രിയിൽ തന്നെ എത്തിയതു. എന്റെ വലതുകൈയെക്കാൾ വലുതല്ലെ ഒരു ജീവൻ എന്നു പറഞ്ഞ ജ്യോതിയുടെ മറുപടി വികാസിനെ ജ്യോതിയെ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടുക എന്ന തീരുമാനത്തിൽ എത്തിച്ചു. സിംമ്പതി കാരണം വികാസ് പറയുന്നതാണ് എന്നു കരുതി ആദ്യം വിവാഹത്തിനു എതിർത്ത ജ്യോതി ഒടുവിൽ വികാസിന്റെ ഇഷടത്തിനു വഴങ്ങുകയായിരുന്നു.തന്റെ ജീവൻ രക്ഷിക്കാൻ കൈ കളഞ്ഞവളെ കൈപിടിച്ചു സ്വന്തം ജീവിതത്തോടു ചേർക്കുകയായിരുന്നു വികാസ്. 2011 ഏപ്രിൽ 13 ന് കൊടുമ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹിതരായി. ഇപ്പാൾ കോയമ്പത്തൂരിൽ ആണ് വികാസിനു ജോലി. എട്ടും നാലും വയസുള്ള രണ്ടു മക്കമുണ്ട് ഇവർക്ക്.