കൊച്ചി: തൃപ്പൂണിത്തുറ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ വിജയം അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ബാർ കോഴക്കേസും അനധികൃത സ്വത്തു സമ്പാദനവും പിന്നെ നാണംകെട്ട തിരഞ്ഞെടുപ്പ് തോൽവിയും കൂടിയായപ്പോൾ കെ.ബാബു എന്ന മുൻ മന്ത്രി ജനങ്ങൾക്കിടയിലും രാഷ്ട്രീയ നേതാക്കൾക്കിടയിലും ഒറ്റപ്പെട്ടു കഴിയുന്നതിനിടയിൽ മറുനാടൻ പുറത്ത് വിട്ട ഒരു വാർത്തയാണ് അദ്ദേഹത്തെ വീണ്ടും പൊതു പ്രവർത്തന രംഗത്തേക്ക് തിരിച്ചെത്തിച്ചത്. മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചതോടെ എതിർ സ്ഥാനാർത്ഥി എംഎ‍ൽഎ എം സ്വരാജിനെ പിൻതള്ളി വിയജത്തിന്റെ ചെന്നിക്കൊടി പാറിച്ചു.

2018 ജൂൺ മാസമാണ് മറുനാടൻ കെ.ബാബു പൊതു രംഗത്തേക്ക് എത്തുന്നില്ലെന്നും രാഷ്ട്രീയ നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ല എന്നുമുള്ള വാർത്ത പുറത്ത് വിട്ടത്. വാർത്ത വന്നതോടുകൂടി കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ നേരിൽകാണുകയും രാഷ്ട്രീയ രംഗത്ത് നിന്നും വിട്ടു നിൽക്കരുതെന്നും അഭ്യർത്ഥിച്ചു. കൂടാതെ അണികളും ഒരേ സ്വരത്തിൽ ബാബു പൊതുപ്രവർത്തന രംഗത്ത് സജീവമാകണമെന്ന് ആവശ്യപ്പെട്ടു. ഇതോടുകൂടിയാണ് വീണ്ടും കെ.ബാബു രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയത്. മറുനാടൻ വാർത്ത ബാബുവിന് തിരിച്ചു വരവിന്റെ പാത ഒരുക്കുകയായിരുന്നു. വലിയ പിൻതുണയാണ് ഇതോടെ ലഭിച്ചത്.

അന്ന് ഞങ്ങൾ ചെല്ലുമ്പോൾ തൃപ്പൂണിത്തുറയിലെ പൂർണ്ണാ ലെയ്നിലെ വീട്ടിൽ തീർത്തും ഒറ്റപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വാസം. മുൻപ് ഏത് സമയവും തിക്കും തിരക്കുമുണ്ടായിരുന്ന വീട്ടിൽ ആളും അനക്കവുമില്ല. മൂന്ന് ഗേറ്റുകളുള്ള ഇരുനില വീട്ടിന് മുന്നിൽ ബാബുവിന്റെ ഇന്നോവ കാർ നിർത്തിയിട്ടിരിക്കുന്നു. വിക്കറ്റ് ഗേറ്റ് വഴി അകത്ത് കടന്നു. സിറ്റൗട്ടിൽ നാലഞ്ചു കസേരകൾ നിരത്തിയിട്ടിരിക്കുന്നു. വാതിലുകൾ അടഞ്ഞു തന്നെ. കോളിങ്ങ് ബെൽ അമർത്തി കുറച്ചു നേരം കാത്തു നിന്നിട്ടും അനക്കമില്ല. വീണ്ടും ഒന്നു കൂടി ബെൽ അമർത്തിയപ്പോൾ ആരാണ് എന്ന ചോദ്യവുമായി കെ.ബാബു ജനാലയ്ക്കരികിൽ പ്രത്യക്ഷപ്പെട്ടു. ഒറ്റ നോട്ടത്തിൽ കെ.ബാബു എന്ന് പറയാനൊക്കില്ല. ഓജസൊക്കെ നഷ്ട്ടപ്പെട്ട് മെലിഞ്ഞിരിക്കുന്നു. സാറിനെ ഒന്നു കാണാനാണ് എന്ന് പറഞ്ഞപ്പോൾ ഓഫീസ് വാതിൽ തുറന്നു. മൊസ്‌ക്കിറ്റോ വാതിൽ അടഞ്ഞു തന്നെ കിടന്നു. എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ മീഡിയയിൽ നിന്നാണ് സാറിനോട് സംസാരിക്കാൻ എത്തിയതാണ് എന്ന്അറിയിച്ചു.

ഇതോടെ ഒന്നും സംസാരിക്കാനില്ല സോറി എന്ന് പറഞ്ഞ് അദ്ദേഹം ഡോർ അടച്ചു. അവിടെ നിന്നും ഞങ്ങൾ ഇറങ്ങി സമീപത്ത് ഉള്ളവരോട് ബാബുവിനെ പറ്റി അന്വേഷിച്ചു. വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങാറില്ല എന്നാണ് അവർ പറഞ്ഞത്. വിരളമായി മാത്രമേ കാണാറുള്ളൂ. ഭാര്യയും ബാബുവും മാത്രമേ വീട്ടിൽ ഉള്ളൂ എന്നും അവർ പറഞ്ഞു. മുൻപ് റോഡിൽ നടക്കാനിറങ്ങുമ്പോൾ കാണാൻ കഴിയുമായിരുന്നു. ഇപ്പോൾ ആ പതിവൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അവരോട് സംസാരിച്ചതിന് ശേഷം അടുത്തുള്ള ചെറിയ ചായക്കടയിൽ കയറി അന്വേഷിച്ചു. വീട്ടിൽ നേതാക്കളൊക്കെ വരുമോ എന്ന് ചോദിച്ചപ്പോൾ ചില പ്രാദേശിക നേതാക്കളല്ലാതെ മറ്റാരും എത്തുന്നത് കണ്ടിട്ടില്ല എന്നാണ് അറിഞ്ഞത്. കഴിഞ്ഞ ഇലക്ഷൻ വരെയും ദിവസവും വീടിന് മുന്നിലെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നുമില്ല. കാണാനെത്തുന്നവരുമായി അധികനേരം സംസാരിക്കാറുമില്ല. അത്ര അടുപ്പമുള്ളവരുമായി മാത്രമേ സംസാരിക്കുകയുമുള്ളൂ. തിരഞ്ഞെടുപ്പ് തോൽവിയാണ് ഏറെ തകർത്തതെന്നായിരുന്നു ജനസംസാരം. കൂടാതെ കേസുകളും ടെൻഷനുമായപ്പോൾ രോഗങ്ങൾക്കും അടിമയായി.

ബാബുവിനെ പൊതു വേദികളിൽ കാണാനില്ലെന്നത് പല അഭ്യൂഹങ്ങൾക്കും വഴി വച്ചു. ഈ സാഹചര്യത്തിലാണ് ബാബുവിനെ നേരിൽ കണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ മറുനാടൻ തീരുമാനിച്ചത്. ഇതിന് വേണ്ടിയാണ് വീട്ടിലെത്തിയത്. ജീവിതത്തിൽ മദ്യത്തെ അകറ്റി നിർത്തിയ നേതാവിനെ ഒടുവിൽ എക്‌സൈസ് വകുപ്പ് തന്നെയാണ് വീഴ്‌ത്തിയത്. ബാർ കോഴയിൽ ആരോപണ വിധേയനായതോടെ അദ്ദേഹം തീർത്തും നിരാശനായി. മന്ത്രിപദം കൈവിടാതെ തൃപ്പുണ്ണിത്തുറയിൽ ജയിക്കാമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാർ സരിതയുടെ ആരോപണങ്ങൾ നേരിട്ടവർ പോലും ജയിച്ചു. എന്നാൽ തൃപ്പുണ്ണിത്തുറയിൽ സ്വരാജിന് മുമ്പിൽ ബാബു തോറ്റു. ഇതിന് കാരണം കോൺഗ്രസുകാരുടെ പാലം വലിയായിരുന്നു. തോറ്റതോടെ വീട്ടിലേക്ക് ഒതുങ്ങി കൂടി. എന്തിനും ഏതിനും ദേഷ്യം. വീട്ടുകാരോടും ഇത് പ്രകടിപ്പിച്ചു. പാത്രങ്ങൾ എടുത്തെറിയുന്ന തരത്തിലേക്ക് ദേഷ്യം മാറി. ദിനചര്യകൾ തെറ്റി. ഇതോടെ അസുഖവും കൂടെ കൂടി.

കെ.കെ. കുമാരന്റെയും പൊന്നമ്മയുടെയും മകനായി 1951 ജൂൺ 2-ന് ജനിച്ച കെ. ബാബു കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. 1977-ൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനായിരുന്നു. 1977-ൽ യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റായും പിന്നീടു യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായും പ്രവർത്തിച്ചു. 1982 മുതൽ 1991 വരെ ഡി.സി.സി. ജനറൽ സെക്രട്ടറിയായിരുന്നു. ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നിരവധി ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനം വഹിച്ചിരുന്നു. അങ്കമാലി നഗരസഭയുടെ ആദ്യ ചെയർമാനായിരുന്നു ഇദ്ദേഹം. അങ്കമാലി ഫൈൻ ആർട്സ് സൊസൈറ്റി സ്ഥാപകനായ കെ. ബാബു ഇപ്പോൾ എറണാകുളം ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ടുമാണ്.

1991ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം.എം. ലോറൻസ് എന്ന പ്രമുഖ സിപിഎം നേതാവിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാ സാമാജികനായ കെ. ബാബു തുടർന്നുള്ള നാലു തെരഞ്ഞെടുപ്പുകളിലും അതേ മണ്ഡലത്തിൽ നിന്നു തന്നെ വിജയിച്ചു. കോൺഗ്രസ്സ് നിയമസഭാകക്ഷി വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. 2011 മെയ് 23-ന് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൽ എക്‌സൈസ്, തുറുമുഖം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റു. ബാർ കോഴ വിവാദത്തിൽ ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2016 ജനുവരി 23-ന് മന്ത്രി സ്ഥാനം രാജി വെച്ച് കൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

എന്നാൽ വിജിലൻസ് കോടതിയുടെ ഉത്തരവ് പിന്നീട് സംസ്ഥാന ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതിനെ തുടർന്ന് ഇദ്ദേഹം രാജി പിൻവലിച്ചു. അതിന് ശേഷവും മന്ത്രിയായി തുടർന്നു.