തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തിന്റെ പേരിൽ കോൺ​ഗ്രസിൽ വാക് പോര് കടുക്കുന്നു. തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടെന്ന യുഡിഎഫ്‌ കൺവീനർ എം എം ഹസന്റെ നിലപാട് തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രം​ഗത്തെത്തി. പാർട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണെന്നും മുന്നണിക്ക് പുറത്ത് ആരുമായും ബന്ധമില്ലെന്നുമാണ് കെ സി വേണുഗോപാലിന്റെ നിലപാട്. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെങ്കിൽ അത്‌ പരിശോധിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം, ഈ വിഷയത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത് മാധ്യമ പ്രവർത്തകരാണെന്നും ഇനി അതിൽ മറുപടി പറയാനില്ലെന്നുമായിരുന്നു ഹസ്സന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുക്കുംതോറും സിപിഎം വർഗീയ പ്രചാരണം നടത്തുകയാണെന്നും എം എം ഹസൻ ആരോപിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടെന്ന്‌ കഴിഞ്ഞ ദിവസംവും യുഡിഎഫ്‌ കൺവീനർ ആവർത്തിച്ചിരുന്നു. സഖ്യത്തെ കുറിച്ച്‌ മുല്ലപ്പള്ളിക്കും അറിയാമെന്നും താൻ പറയുന്നതാണ്‌ മുന്നണി നയമെന്നും ഹസൻ കോഴിക്കോട്ട് പറഞ്ഞിരുന്നു. ഇതിന്‌ മറുപടിയായാണ്‌ പാർട്ടി നയം പറയേണ്ടത് കെ പിസിസി പ്രസിഡന്റ്‌ ആണെന്ന്‌ കെ സി വേണുഗോപാൽ വിശദീകരിച്ചത്‌.

തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും വെൽഫെയർ പാർട്ടിയുമായുള്ള സഹകരണത്തെച്ചൊല്ലി കോൺ​ഗ്രസിൽ പോര് കനക്കുകയാണ്. വെൽഫെയർ പാട്ടിയുമായി തെരഞ്ഞെടുപ്പിൽ യാതൊരു സഹകരണവുമില്ലെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിക്കുന്നത്. എന്നാൽ, മുല്ലപ്പള്ളിയുടെ നിലപാട് പരസ്യമായി തള്ളി യു ഡി എഫ് കൺവീനർ എംഎം ഹസൻ രംഗത്തെത്തിയതോടെ കൂടുതൽ നേതാക്കൾ ​​ഹസനെതിരെ രം​ഗത്ത് വന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയെ സഖ്യകക്ഷിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും എം.എം ഹസൻ ഒരു പടികൂടി കടന്ന് പ്രസ്താവിച്ചതോടെ കോൺ​ഗ്രസ് നേതൃത്വം പ്രതിസന്ധിയിലാകുകയായിരുന്നു. വെൽഫെയർ പാർട്ടി ബന്ധത്തിൽ മുല്ലപ്പള്ളിയെ തള്ളി കെ മുരളീധരനും നേരത്തേ രംഗത്തെത്തിയിരുന്നു. മുല്ലപ്പള്ളിയുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നതിനിടെ ദേശീയനിലപാട് ആവർത്തിച്ച് കെസി വേണുഗോപാലും രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം വെൽഫെയർ പാർട്ടി ബന്ധം കോൺഗ്രസ്സിലും യുഡിഎഫിലും ആഭ്യന്തരതർക്കങ്ങൾക്ക് വഴിവെച്ചെക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കവെ നേതാക്കളുടെ അഭിപ്രായ വ്യത്യാസം തുടരുന്നതിൽ അണികൾക്കിടയിലും അമർഷ പുകയുന്നുണ്ട്.

അതേസമയം, മുസ്ലിം ലീ​ഗിലും അസംതൃപ്തർ കലാപക്കൊടി ഉയർത്തുകയാണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തിലും നേതാക്കളുടെ അഴിമതിയിലും പ്രതിഷേധിച്ച് കാസർകോട്ട് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം പാർട്ടിയിൽ നിന്ന് രാജിവെച്ചു. പി എ റഹ്മാൻ ഹാജിയാണ് ലീഗുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി കാഞ്ഞങ്ങാട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പ്രവാസി ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ അംഗം, മുസ്ലിം ലീഗ് 47-ാം വാർഡ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ച് വരികയായിരുന്നു റഹ്മാൻ ഹാജി.

അഴിമതിക്കാരുടെയും വഞ്ചകരുടെയും കൂടാരമായി ലീഗ് മാറിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണംകൊടുത്ത് സീറ്റു നൽകുന്ന പാർട്ടിയായി. ഇസ്ലാമിക രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുമായിപോലും രാഷ്ട്രീയ സഖ്യത്തിൽ ഏർപ്പെടുന്നത് അംഗീകരിക്കാൻ മനഃസാക്ഷി സമ്മതിക്കുന്നില്ല. ലീഗ് എംഎൽഎമാരായ വി കെ ഇബ്രാഹിം കുഞ്ഞും, എം സി ഖമറുദ്ദീനും അഴിമതിയുടെയും വിശ്വാസ വഞ്ചനയുടെയും പേരിൽ ജയിലിലാണ്. മഹാഭൂരിപക്ഷം മുസ്ലിം ലീഗ് പ്രവർത്തകൾ ഇരകളായ ഹാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഇരകൾക്കൊപ്പമല്ല ലീഗ്. ഖമറുദ്ദീനെയും കൂട്ടു പ്രതികളെയും വെള്ളപൂശുകയാണ്. ഇരകളെ തള്ളി വഞ്ചകരോടൊപ്പം നിലകൊള്ളുന്നത് അംഗീകരിക്കാനാവില്ല.

സ്പിരിറ്റ് കടത്ത് കേസിൽപെട്ട എക്‌സൈസ് പ്രിവന്റീവ് ഓഫീസറും നഗരസഭയിൽ ലീഗ് സ്ഥാനാർത്ഥിയാണ്. പണം വാങ്ങിയാണ് സീറ്റ് നൽകിയതെന്ന് വാർഡിലെ ലീഗ് റിബൽ സ്ഥാനാർത്ഥി പരസ്യമായി വ്യക്തമാക്കിയതാണ്. മുനിസിപ്പാലിറ്റിയിൽ നാല് വാർഡുകളിൽ നേതാക്കളുടെ ആശ്രിതരെയും പണം നൽകിയവരെയും സ്ഥാനാർത്ഥികളാക്കിയെന്നും അദ്ദേഹം പറഞ്ഞു. മതേതര ജനാതിപത്യ വിശ്വാസികൾക്ക് അണിചേരാൻ പറ്റുന്ന പ്രസ്ഥാനമായ എൽഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് റഹ്മാൻ ഹാജി വ്യക്തമാക്കി. നഗരസഭ മുൻ ചെയർമാൻ വി വി രമേശൻ, അഡ്വ. സി ഷുക്കൂർ എന്നിവരും റഹ്മാൻ ഹാജിയോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.