വടകര: ലക്ഷദ്വീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാൻ അനുവദിക്കരുതെന്ന് വടകര എംഎൽഎ കെകെ രമ. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് രമ രംഗത്തെത്തിയത്. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ വഴി ദ്വീപിൽ അടിച്ചേൽപ്പിക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ തികച്ചും മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ലക്ഷദ്വീപ് സമൂഹത്തിന്റെ സ്വൈര്യജീവിതം തകർക്കാൻ ലക്ഷ്യം വെച്ചുള്ളതുമാണെന്ന് എംഎൽഎ ചൂണ്ടിക്കാണിക്കുന്നു.

മുസ്ലിം വിരുദ്ധത മാത്രമല്ല ലക്ഷദ്വീപിൽ നടക്കുന്ന സംഘപരിവാർ നീക്കത്തിന് പിന്നിലെന്നു വേണം മനസ്സിലാക്കാൻ. തദ്ദേശീയ സംസ്‌കാരവും സുഘടിത ജനജീവിതവും തനത് തൊഴിൽ മേഖലകളും തദ്ദേശീയ സമ്പത്തുൽപ്പാദന രംഗങ്ങളും തകർത്ത് ടൂറിസം കോർപ്പറേറ്റുകൾ അടക്കമുള്ള സാമ്പത്തിക ശക്തികൾക്ക് ലക്ഷദ്വീപ് വില്പനയ്ക്ക് വെക്കാനുള്ള മൂലധന താല്പര്യങ്ങൾ കൂടി ഉള്ളടങ്ങിയ കോർപ്പറേറ്റ്-ഫാസിസ്റ്റ് സംയുക്ത അജണ്ടയാണ് ഇതിനു പിറകിലെന്ന് തീർച്ചയായും നാം തിരിച്ചറിയേണ്ടതുണ്ട്. രമ വ്യക്തമാക്കി.

എംഎ‍ൽഎയുടെ പ്രസ്താവന

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് അശാന്തവും അരക്ഷിതവുമാകുന്നതിന്റെ വാർത്തകൾ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളേയും ആശങ്കപ്പെടുത്തുകയാണ്. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ വഴി ദ്വീപിൽ അടിച്ചേൽപ്പിക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ തികച്ചും മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ലക്ഷദ്വീപ് സമൂഹത്തിന്റെ സ്വൈര്യജീവിതം തകർക്കാൻ ലക്ഷ്യം വെച്ചുള്ളതുമാണ്.

പുറമേക്ക് കാണുന്നതു പോലെ സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധത മാത്രമല്ല ഇതിലുള്ളത് എന്നു വേണം മനസ്സിലാക്കാൻ. തദ്ദേശീയ സംസ്‌കാരവും സുഘടിത ജനജീവിതവും തനത് തൊഴിൽ മേഖലകളും തദ്ദേശീയ സമ്പത്തുൽപ്പാദന രംഗങ്ങളും തകർത്ത് ടൂറിസം കോർപ്പറേറ്റുകൾ അടക്കമുള്ള സാമ്പത്തിക ശക്തികൾക്ക് ലക്ഷദ്വീപ് വില്പനയ്ക്ക് വെക്കാനുള്ള മൂലധന താല്പര്യങ്ങൾ കൂടി ഉള്ളടങ്ങിയ കോർപ്പറേറ്റ്-ഫാസിസ്റ്റ് സംയുക്ത അജണ്ടയാണ് ഇതിനു പിറകിലെന്ന് തീർച്ചയായും നാം തിരിച്ചറിയേണ്ടതുണ്ട്.

എല്ലാ ഫാസിസ്റ്റ് നീക്കങ്ങളും പോലെ മതവിദ്വേഷം ഒരു മാർഗ്ഗവും കൃത്യമായ മൂലധന ചൂഷണം അതിന്റെ ലക്ഷ്യവുമാണ് ലക്ഷദ്വീപിന്റെ കാര്യത്തിലും. ലക്ഷദ്വീപ് തീവ്രവാദത്തിന്റെയും കള്ളക്കടത്തിന്റെയും കേന്ദ്രമാണ് എന്ന സ്ഥിരം ഫാസിസ്റ്റ് നുണപ്രചാരണമുയർത്തിയാണ് നിക്ഷിപ്ത താൽപ്പര്യക്കാർ ഈ ജനവിരുദ്ധ പരിഷ്‌കാരങ്ങൾക്ക് ന്യായികരണം ചമച്ചുകൊണ്ടിരിക്കുന്നത്.

അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികളുടെ രീതിയും സ്വഭാവവും വിലയിരുത്താനും അവയിൽ ഉള്ളടങ്ങിയ വിദ്വേഷ വിഷലിപ്ത രാഷ്ട്രീയവും ഫാസിസ്റ്റ് ലക്ഷ്യങ്ങളും കോർപ്പറേറ്റ് അജണ്ടകളുമൊക്കെ തിരിച്ചറിയാനും നാം ആ പുതിയ പരിഷ്‌ക്കാരങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ മാത്രം മതിയാകും.

ബീഫ് അടക്കമുള്ള മാംസ ഭക്ഷണം പ്രധാനമായ ലക്ഷദ്വീപുകാരുടെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് നിലവിലുണ്ടായിരുന്ന മാംസ ഭക്ഷണം ഒഴിവാക്കി. ഗോവധ നിരോധനം നടപ്പാക്കുന്നു. ഭക്ഷ്യാവശ്യങ്ങൾക്കുള്ള മാംസത്തിനായി മൃഗങ്ങളെ അറുക്കാൻ ഭരണകൂടത്തിന്റെ അനുമതി വാങ്ങണം. സർക്കാർ ഡയറി ഫാമുകൾ അടച്ചു പൂട്ടി. സർക്കാർ ഫാമിലെ പശുക്കളെ ലേലം ചെയ്ത് പകരം അമുലിന് പാൽ/ പാലുല്പന്ന വിപണി തുറന്നു കൊടുക്കുന്നു. തീരദേശ സംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡുകൾ അടക്കമുള്ളവയെല്ലാം പൊളിച്ചുമാറ്റി.

ടൂറിസം വകുപ്പിൽ നിന്ന് കാരണമില്ലാതെ ദ്വീപ് നിവാസികളായ ജീവനക്കാരെ പിരിച്ചുവിട്ടു. സർക്കാർ ജീവനക്കാരിൽ തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നു. അംഗനവാടികൾ അടച്ചുപൂട്ടുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് 2 മക്കളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്ന നിബന്ധന വച്ചു. CAA/NRC ക്ക് എതിരെ ലക്ഷദീപിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ മുഴുവൻ എടുത്തു മാറ്റിയ ഭരണക്കാർ ഇന്ത്യയിൽ മറ്റെല്ലായിടത്തും പൗര സമൂഹത്തിനുള്ള ഭരണഘടനാ ദത്തമായ അഭിപ്രായസ്വാതന്ത്ര്യം പോലും ലക്ഷദ്വീപിൽ നിഷേധിക്കുന്നു.

ഒരൊറ്റ കുറ്റവാളി പോലുമില്ലാതെ ജയിലുകളും പൊലീസ് സ്റ്റേഷനുകളുമെല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപിൽ അനാവശ്യമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി. പ്രതിഷേധങ്ങളെ ഈ നിയമമുപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കമാണിത്. ചരിത്രപരമായിത്തന്നെ ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂർ തുറമുഖവുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കുകയാണ്. ഇനി മുതൽ ചരക്കുനീക്കവും മറ്റും മംഗലാപുരം തുറമുഖം വഴി മതിയെന്ന് തീരുമാനിച്ചിരിക്കുന്നു.

ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ് നിവാസികളെ തുടച്ചുനീക്കി കൊണ്ടുള്ള ഈ ഏകാധിപത്യനീക്കങ്ങൾക്ക് എന്താണ് തീവ്രവാദവും കള്ളക്കടത്തുമായുള്ള ബന്ധമെന്ന് വസ്തുതാപരമായ ഒരു വിശദീകരണവും ഭരണക്കാർ നൽകുന്നുമില്ല

ഗോത്ര ജനതയുടെ സംസ്‌കാരവും സ്വൈര്യ ജീവിതവും സംരക്ഷിക്കാനുള്ള ഭരണഘടനാ ബാദ്ധ്യതയും നിയമപരമായ ഉത്തരവാദിത്തവും കാറ്റിൽ പറത്തിയാണ് ഭരണകൂടത്തിന്റെ ഇത്തരം അധിനിവേശങ്ങളെന്ന് ഓരോ ജനാധിപത്യവിശ്വാസിയും തിരിച്ചറിയേണ്ടതുണ്ട്. കേവലം കുത്തകകളുടെ കച്ചവട താല്പര്യങ്ങളുടെ കളിപ്പാവയായി നിന്ന് ഈ രാജ്യത്തിന്റെ മതേതര പാരമ്പര്യവും പാവപ്പെട്ട മനുഷ്യരുടെ സ്വൈര്യജീവിതവും തനത് സാംസ്‌കാരിക പാരമ്പര്യവും തകർക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് തീർച്ചയിയും കേന്ദ്രസർക്കാർ പിന്തിരിഞ്ഞേതീരൂ. ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെയും നീക്കങ്ങൾക്കെതിരെ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ ദേശാഭിമാന ശക്തികളുടേയും മുൻകൈയിൽ ഉജ്വലമായ മുന്നേറ്റങ്ങളുടെയും പ്രക്ഷോഭമുന്നേറ്റങ്ങൾ ഉയർന്നുവരിക തന്നെ വേണം. ലക്ഷദ്വീപ് നിവാസികളെ ഒറ്റപ്പെടുത്തി വേട്ടയാടി തകർക്കാൻ നാം അനുവദിച്ചുകൂടാ.