കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആവശ്യമെങ്കിൽ പ്രാദേശിക ലോക്ക്ഡൗൺ വേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗതീവ്രതയുള്ള സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ വേണ്ടിവരും. സമ്പൂർണ ലോക്ക്ഡൗൺ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവൻ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വാക്സിൻ ക്ഷാമമുണ്ടെന്നും കൂടുതൽ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടും മന്ത്രി പറഞ്ഞു. വാക്സിൻ കുറവായതിനാൽ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും കോവിഡ് പടരാൻ തിരഞ്ഞെടുപ്പ് കാരണമായിട്ടില്ല. മെഗാ വാക്സിനേഷൻ ക്യാമ്പിലൂടെ എല്ലാവർക്കും വാക്സിൻ നൽകാനുള്ള ദൗത്യം കേരളം നിർവഹിക്കുമ്പോൾ വാക്സിൻ ക്ഷാമം നന്നായി അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിഷേധാത്മക നിലപാട് ഇതുവരെ കേന്ദ്രം സ്വീകരിച്ചിട്ടില്ല. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭ്യമായിട്ടില്ല. കൂടുതൽ വാക്സിൻ ഡോസ് നൽകാൻ കേന്ദ്രം തയ്യാറാകണം. വാക്സിൻ നേരിട്ടുവാങ്ങാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല. കേന്ദ്രസർക്കാർ സമ്മതിക്കണം. സ്വകാര്യ മേഖലയിൽ വാക്സിൻ വാങ്ങാനുള്ള അനുവാദം കൂടി കേന്ദ്രം നൽകിയാൽ വാക്സിനേഷൻ വേഗത വർദ്ധിപ്പിക്കാൻ സാധിച്ചേക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.

കോവിഡ് നിയന്ത്രണത്തിന് അടിയന്തര നടപടികൾ കേന്ദ്രം കൈകൊള്ളണം. അടുത്ത ദിവസങ്ങളിൽ വലിയ തോതിൽ വാക്സിൻ ലഭ്യമായിട്ടില്ലെങ്കിൽ സംസ്ഥാനത്തെ മെഗാ വാക്സിനേഷൻ പദ്ധതി അവതാളത്തിലാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. മെഗാ വാക്സിനേഷൻ ഇന്ന് തുടങ്ങവേ സംസ്ഥാനത്ത് കോവിഡ് വാക്‌സിന്റെ വലിയ ക്ഷാമം നേരിടുന്നുണ്ട്. കൊവിഷീൽഡ് വാക്സിന്റെ സ്റ്റോക്ക് കുറഞ്ഞതാണ് കാരണം. ഇതോടെ വാക്സിനേഷൻ ക്യാംപുകൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചു.

അടുത്ത ബാച്ച് വാക്സിൻ എത്തിയാൽ മാത്രമേ നാളെ വീണ്ടും ക്യാംപുകൾ പുനരാരംഭിക്കാൻ കഴിയൂ.രണ്ട് ലക്ഷം ഡോസ് കൊവാക്സിൻ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നു. എന്നാലും തുടർലഭ്യത സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് മാസ് വാക്‌സീനേഷൻ തത്കാലം വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരമടക്കം അഞ്ച് ജില്ലകളിലാണ് കൊവീഷീൽഡ് വാക്സിൻ സ്റ്റോക്ക് തീർന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലും ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രികളിലും ഇതുതന്നെയാണ് അവസ്ഥ.എറണാകുളത്തുകൊവിഷീൽഡ് വാക്സിന്റെ സ്റ്റോക് തീർന്നെങ്കിലും കൊവാക്സിൻ സ്റ്റോക്കുള്ളതിനാൽ വാക്സിനേഷന് മുടക്കം വരില്ല. കോഴിക്കോടും മെഗാ വാക്സിനേഷൻ ക്യാമ്പുകൾ മുടങ്ങില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 153 കേന്ദ്രങ്ങളിലാണ് നിലവിൽ വാക്സിനേഷൻ ക്യാമ്പ് നടക്കുന്നത്.