തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് കെ കെ ശൈലജ എംഎൽഎ. സഭയിൽ ശ്രദ്ധ ക്ഷണിക്കലിലാണ് മുൻ ആരോഗ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സർക്കാർ സഹായം ചെയ്യുമ്പോഴും ഇനിയും ജനങ്ങളെ സഹായിക്കേണ്ടതുണ്ടെന്നും ചെറുകിട പരമ്പരാഗത തൊഴിൽ മേഖല വലിയ ബുദ്ധിമുട്ടിലാണെന്നും കെകെ ശൈലജ പറഞ്ഞു.

'കോവിഡ് പ്രതിസന്ധിയിൽ ഗുരുതരമായ പ്രശ്നങ്ങളാണ് ജനങ്ങൾ അനുഭവിക്കുന്നത്. സംസ്ഥാന സർക്കാർ സഹായം ചെയ്യുമ്പോഴും അവരെ ഇനിയും സഹായിക്കേണ്ടതുണ്ട് എന്നാണ് സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. ചെറുകിട പരമ്പരാഗത തൊഴിൽ മേഖല വലിയ ബുദ്ധിമുട്ടിലാണ്. രണ്ട് ലക്ഷത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് പ്രധാനപ്പെട്ട ഘടകമാണ്.

ഈ മേഖലയിലെ തൊഴിലാളികൾ പട്ടിണിയിലാവുന്നു. സർക്കാർ നൽകുന്ന കിറ്റുകൾ നൽകുന്നതുകൊണ്ട് അക്ഷരാർത്ഥത്തിൽ പട്ടിണിയിലല്ലെങ്കിലും ബാങ്ക് ലോണുകൾ, വിദ്യാഭ്യാസ ചെലവ് ഉൾപ്പെടെ നിർവഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്. വാദ്ധ്യ, തെയ്യം കലാകാരന്മാർക്കും വരുമാനം ഇല്ല. സൈക്കിൾ വാടകക്ക് കൊടുക്കുന്ന ഷോപ്പുകൾ വരെ അടച്ചിടുന്നു. അവർക്ക് മറ്റുവരുമാനമില്ല. ക്ഷേമനിധിയിൽ നിന്നും 1000 രൂപ നൽകിയെങ്കിലും അതുകൊണ്ട് മതിയാവില്ല.' എന്നാണ് കെകെ ശൈലജ പറഞ്ഞത്.

ഇവർക്ക് പലിശ രഹിത വായ്പ നൽകുകയും വിപണി ഒരുക്കുകയും ചെയ്യുന്നത് ഉൾപ്പെടെ സർക്കാർ ചെയ്യേണ്ടതുണ്ടെന്നും ശൈലജ വ്യക്തമാക്കി. എന്നാൽ ഗൗരവമായ പ്രശ്നമാണ് കെകെ ശൈലജ ഉയർത്തിയതെന്നും ഖാദി മേഖലയിലും കശുവണ്ടി, ബീഡി തൊഴിലാളി മേഖലയിലും സഹായം നൽകിയെന്ന് വ്യവസായ മന്ത്രി പി രാജീവ് മറുപടി നൽകി. വിവിധ പദ്ധതികൾ നടപ്പാക്കുകയാണെന്നും പി രാജീവ് പറഞ്ഞു.