മലപ്പുറം: കെ എം ഷാജിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് നടപടി മുസ്ലിംലീഗിന് വിനയാകുമോ? തുടർച്ചയായുള്ള എൻഫോഴ്‌സ്‌മെന്റ് നടപടികളിൽ ലീഗ് നേതൃത്വത്തിന് അസ്വസ്ഥത മുറുകുന്നു. പാണക്കാട്ട് ചേരുന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്ക് കെ എം ഷാജി എംഎൽഎയെ വിളിച്ചുവരുത്തി ലീഗ് ഈ ആ ആശങ്ക വ്യക്തമാക്കുകയും ചെയ്തു. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വിളിച്ചുവരുത്തിയത്. നേതൃത്വത്തിന് ഷാജി നേരിട്ട് വിശദീകരണം നൽകും.അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നേരത്തെ ഷാജിയെ ഇഡി ചോദ്യം ചെയ്തിരുന്നു.

ഷാജിയുടെ വരുമാന ഉറവിടത്തെക്കുറിച്ചായിരുന്നു ഇ.ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്.വേണ്ടത്ര രേഖകൾ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ഏജൻസിയുടെ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മാലൂർകുന്നിൽ ഷാജി നിർമ്മിച്ച വീടുമായി ബന്ധപ്പെട്ടും ആരോപണം ഉയർന്നിരുന്നു.

അതേസമയം സംസ്ഥാന സർക്കാർ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് കുഞ്ഞാലിക്കുട്ടി. കെ എം ഷാജിക്കെതിരെ വിജിലൻസ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണ്. ഇത് നെറികെട്ട നിലപാടാണെന്നും രാഷ്ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തുടർച്ചയായി ഇഡി ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഉന്നതാധികാര സമിതി യോഗം ചേർന്നതിന് തൊട്ട് പിന്നാലെയാണ് ഷാജിയെ വിളിച്ച് വരുത്തി വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്. യൂത്ത് ലീഗിന്റെ സെക്രട്ടറിയാണ് നിലവിൽ കെഎം ഷാജി. ഷാജിയെ ഇഡി വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ തുടരുകയാണ്. തദ്ദേശഭരണ തെരെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി

16 മണിക്കൂറാണ് കെ എം ഷാജിയെ നേരത്തെ ചോദ്യം ചെയ്ത്. കുറച്ച് രേഖകൾ കൂടി ഹാജരാക്കാനുണ്ടെന്നും അതിനായി പത്ത് ദിവസം അനുവദിച്ചതായും കെഎം ഷാജി പറഞ്ഞു. ചോദ്യങ്ങളെ നേരിട്ടത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്നും അദ്ദേഹം ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.

അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ.എം ഷാജിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനും മൊഴിയെടുക്കലുമായും ബന്ധപ്പെട്ട് നിരവധി പേർക്ക് നേരത്തെ തന്നെ ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എം ഷാജിയുടെ ഭാര്യ കെ.എം ആശയെയും ലീഗ് നേതാവ് ഇസ്മായിലിനേയും മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നു.

എല്ലാ രേഖകളും ഇ.ഡിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തോടെ മറുപടി നൽകേണ്ട ബാധ്യത തനിക്കുണ്ടെന്നും ആദ്യ ദിവസം ചോദ്യം ചെയ്യലിന് ശേഷം കെഎം ഷാജി പ്രതികരിച്ചിരുന്നു. മറ്റു തരത്തിലുള്ള രാഷ്ട്രീയപരമായ നീക്കം പോലെയല്ല. ഇ.ഡിയുടേത് സ്വാഭാവിക സംശയങ്ങളാണ് അതിനെ ദൂരികരിക്കാനുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. അതിന് ഉത്തരം കൊടുക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും രാഷ്ട്രീയപരമായ സ്വാധീനം ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ ബാധിക്കില്ലെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തിങ്കളാഴ്ച കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്. ലീഗ് നേതാവും മുൻ പിഎസ് സി അംഗവുമായ ടിടി ഇസ്മായിലിന്റെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

ഷാജിയും ടിടി ഇസ്മായിലും മറ്റൊരു ലീഗ് നേതാവും ചേർന്നായിരുന്നു മാലൂർകുന്നിൽ ഭൂമി വാങ്ങിയത്. പിന്നീടിത് ഷാജി സ്വന്തമാക്കുകയും ഭാര്യ ആശയുടെ പേരിലേക്ക് മാറ്റുകയുമായിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് താൻ നേരത്തെ നൽകിയ മൊഴിയിൽ വ്യക്തത തേടാനാണ് തന്നെ വിളിപ്പിച്ചതെന്ന് ടിടി ഇസ്മയിൽ പറഞ്ഞു. ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്മെന്റിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്ക് ഇപ്പോൾ കുരുക്കായിരിക്കുന്നത്. 2017 ൽ അഴിക്കോട് സ്‌കൂൾ മാനേജ്മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ഇതാണ് ഇഡി അന്വേഷിക്കുന്നത്.