കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ വടകരയിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരൻ എം പി. വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ യു.ഡി.എഫും ആർ.എംപിയും ചേർന്ന് രൂപീകരിച്ച ജനകീയ മുന്നണിക്കായി പ്രചരണത്തിനിറങ്ങില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇവിടെ കോൺഗ്രസ് വിമതനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പിന്തുണച്ചതാണ് കാരണം.

കോൺഗ്രസ് വിമതന് കൈപ്പത്തി ചിഹ്നം അനുവദിച്ചിരുന്നു. ഇത് തന്നോട് ആലോചിക്കാതെയാണെന്ന് വടകര എംപി കൂടിയായ മുരളീധരൻ പറഞ്ഞു.വടകര നഗരസഭയിലും ഒഞ്ചിയം, ഏറാമല, അഴിയൂർ, ചോറോട് പഞ്ചായത്തിലുമാണ് യു.ഡി.എഫ്-ആർ.എംപി സഖ്യമുള്ളത്. കോൺഗ്രസ്, ലീഗ് പ്രവർത്തകർ ആർ.എംപിയുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന് ധാരണയുണ്ടാക്കിയതിന് പിന്നാലെയാണ് കല്ലാമല ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയകുമാർ എത്തുന്നത്.ആർ.എംപിയുടെ ഏരിയ കമ്മറ്റിയംഗം സുഗതനാണ് ജനകീയ മുന്നണി സ്ഥാനാർത്ഥി.