മലപ്പുറം: സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിക്ക് പിന്തുണയുമായി കെ മുരളീധരൻ എംപി. കേരള പൊലീസിൽ ഡിജിപിമാർക്കും എസ്‌പിമാർക്കും വരെ സല്യൂട്ട് നൽകാമെങ്കിൽ പിന്നെ എന്തുകൊണ്ട് എംപിമാർക്ക് സല്യൂട്ട് നൽകിക്കൂടെന്ന് അദ്ദേഹം ചോദിച്ചു. സല്യൂട്ട് എംപിമാർക്ക് അവകാശപ്പെട്ടതാണ്. എംപിമാർ ഓട് പൊളിച്ച് കയറി വന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പത്തനാപുരം എംഎൽഎയും കേരള കോൺഗ്രസ് ബി ചെയർമാനുമായ കെബി ഗണേശ് കുമാർ, സുരേഷ് ഗോപി എംപിക്ക് പിന്തുണ നൽകിയിരുന്നു. സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാൻ പൊലീസ് മടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി എന്ന വ്യക്തിക്കല്ല ഇന്ത്യൻ പാർലമെന്റംഗത്തിനാണ് സല്യൂട്ടെന്നും ഗണേശ് കുമാർ പറഞ്ഞു. പാർട്ടി നോക്കിയല്ല പ്രോട്ടോക്കോൾ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പൊലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പൊലീസുകാർക്ക് ഉണ്ടാവാൻ പാടില്ലെന്നും ഗണേശ് കുമാർ നിലപാടെടുത്തിരുന്നു.

അതേസമയം തനിക്ക് സല്യൂട്ട് വേണ്ടെന്ന് വ്യക്തമാക്കി മറ്റൊരു കോൺഗ്രസ് എംപിയായ ടിഎൻ പ്രതാപൻ കത്ത് നൽകിയിരുന്നു. ജനപ്രതിനിധികളെ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് അഭിവാദ്യം നൽകുന്നതും സാർ വിളി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് ടിഎൻ പ്രതാപൻ കത്ത് നൽകിയത്. തനിക്ക് സല്യൂട്ട് വേണ്ടെന്നും സാർ എന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും എനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്നും പൊലീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസുകാരും മറ്റു സർക്കാർ ഉദ്യോഗസ്ഥരും എന്നെ ''സാർ'' എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണം. തന്നെ എംപിയെന്നോ അല്ലെങ്കിൽ പേരോ വിളിച്ചാൽ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതിനു പുറമെ കോൺഗ്രസ്സിലെ സെമി കേഡർ സ്വഭാവത്തെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു.കോൺഗ്രസിലെ സെമികേഡർ എന്തെന്ന് അറിയണമെങ്കിൽ പാർട്ടി ഭരണഘടന വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.