തിരുവനന്തപുരം: വെള്ളിയാഴ്‌ച്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളതെന്ന് പറഞ്ഞ ധനമന്ത്രി എൽഡിഎഫ് പ്രകടനപത്രികയ്ക്ക് പ്രാധാന്യം നൽകുമെന്നും വ്യക്തമാക്കി.

മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ആശയങ്ങൾ താൻ മുന്നോട്ടുകൊണ്ടു പോകുമെന്നാണ് ബാലഗോപാലിന്റെ പ്രഖ്യാപനം. കോവിഡ് കാലത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ന്യായമായ വിഹിതം പോലും നൽകുന്നില്ലെന്ന് അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സംസ്ഥാന വിരുദ്ധ നടപടികളാണ് കോവിഡ് കാലത്ത് കേന്ദ്രം സ്വീകരിച്ചുവരുന്നത്. മഹാമാരിയുടെ കാലത്ത് ഇത് സംസ്ഥാനങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

സർക്കാരിന്റെ പ്രധാന വരുമാനമാർഗ്ഗങ്ങളായ മദ്യം, ലോട്ടറി എന്നിവയിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തിൽ നികുതി വർധനവിനുള്ള സാധ്യതയും ധനമന്ത്രി തള്ളിക്കളഞ്ഞില്ല. സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 1000 കോടി രൂപയാണ് അധികമായി സംസ്ഥാനത്തിന് ചെലവാകുന്നത്.