മുംബൈ: ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിലെ എൻ.സി.ബി സാക്ഷിയായ കെ.പി. ഗോസാവിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. വഞ്ചന കേസിൽ പൽഘർ പൊലീസാണ് ഇത്തവണ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു വഞ്ചന കേസിൽ ഇയാളെ പുനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു മുമ്പ് ലഷ്‌കർ പൊലീസും ഫറക്ഷാനാ പൊലീസും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നാല് കേസുകളാണ് ഗോസാവിക്കെതിരെയുള്ളത്.

ഗോസാവിയും ഇയാളുടെ അംഗരക്ഷകനായിരുന്ന പ്രഭാകർ സെയിലും ആര്യൻ ഖാൻ കേസിലെ സാക്ഷികളാണ്. എന്നാൽ, ഗോസാവിയും എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണവുമായി പ്രഭാകർ സെയിൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഗോസാവി ഒളിവിലാവുകയും ചെയ്തു.

ദിവസങ്ങൾക്കു ശേഷമാണ് വഞ്ചന കേസിൽ ഗോസാവിയെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രഭാകർ സെയിൽ പറയുന്നത് നുണയാണെന്നും പണം തട്ടാനുള്ള ശ്രമം നടന്നിട്ടില്ലെന്നുമാണ് ഗോസാവി പറയുന്നത്.

ആര്യൻ ഖാൻ അറസ്റ്റിലായ സമയത്ത് എൻ.സി.ബി സംഘത്തോടൊപ്പം ഗോസാവിയുമുണ്ടായിരുന്നു. ആര്യൻ ഖാനോടൊപ്പം ഗോസാവിയെടുത്ത സെൽഫി വൈറലായിരുന്നു. താൻ സ്വകാര്യ ഡിറ്റക്ടീവ് ആണെന്നാണ് അന്ന് ഇയാൾ അവകാശപ്പെട്ടത്. ഇയാളുടെ ഫോണിൽ നിന്ന് ആര്യൻ ഷാരൂഖിന്റെ മാനേജരായ പൂജ ദദ്‌ലാനിയെ വിളിക്കുകയും ചെയ്തിരുന്നു.