തിരുവനന്തപുരം: പട്ടിക വിഭാഗങ്ങളെ ഹരിജൻ എന്ന് പരാമർശിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. പൂത്തോൾ ചാത്തൻ മാസ്റ്റർ സ്മാരക ഭൂമിയിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമ്മാണത്തെക്കുറിച്ച് പി. ബാലചന്ദ്രന്റെ സബ്മിഷന് മറുപടി നൽകവെയായിരുന്നു മന്ത്രിയുടെ പരാമർശം.

പ്രസംഗത്തിനിടെ പലതവണ ഹരിജൻ എന്ന വാക്ക് ബാലചന്ദ്രൻ ഉപയോഗിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഹരിജനങ്ങൾ എന്ന് പറയാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. എല്ലാവരും ഇനിയും ശ്രദ്ധിക്കാനാണ് താനിത് പറയുന്നതെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

2017 ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ ഇതുസംബന്ധിച്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നതാണ്. ഔദ്യോഗിക രേഖകളിൽ 'ദളിത്', 'ഹരിജൻ' തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാൻ പാടില്ല എന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്. കേരള വിവര സാങ്കേതിക വകുപ്പാണ് ഈ ഉത്തരവിട്ടിരുന്നത്.

കേരള പട്ടിക ജാതി-പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാനായ ജസ്റ്റിസ് പി. എൻ. വിജയകുമാറാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. കീഴാളർ' എന്ന ശബ്ദം താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുവേണ്ടി ഉപയോഗിക്കുന്നതിനെയും വിലക്കിയിരുന്നു. ജാതി തിരിച്ചുള്ള ഈ വാക്കുകൾ ജാതി വ്യവസ്ഥയെ ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്നതുകൊണ്ടാണ് ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കുന്നത് എന്നാണ് ഈ മാറ്റത്തിന് കാരണമായി പറഞ്ഞത്.