കൊച്ചി: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നതിനെതിരെ ജനരോഷം ശക്തമാകുമ്പോൾ, കെ. റെയിൽ 'മുഖം' മിനുക്കാൻ വേണ്ടി ചെലവഴിച്ചത് 50 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. ഇത് കൂടാതെ ഏരിയൽ ലിഡാർ സർവ്വേയ്ക്ക് 1.77 കോടി രൂപ നൽകിയെന്നും വ്യക്തമാക്കുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ അപ്പീലിലാണ് കെ. റെയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നേരത്തെ, അപൂർണമായ ഡിപിആറിന് 22 കോടി രൂപ കെ. റെയിൽ ചെലവഴിച്ചതിന്റെ രേഖ ഗോവിന്ദൻ പുറത്തുവിട്ടിരുന്നു.

ശബരിമല വിമാനത്താവളത്തിന് ഭൂമി പോലും അന്തിമമായി നിശ്ചയിച്ചിരുന്നില്ല. എന്നിട്ടും പഠനങ്ങൾ പലതു നടത്തി. ഇതിന് പിന്നിൽ കമ്മീഷൻ മോഹമാണെന്ന വാദം ശക്തമായിരുന്നു. തിരുവനന്തപുരം വിമാനാത്തവാളത്തിന് വേണ്ടി ടെൻഡറിൽ പങ്കെടുക്കുന്നതിന് വേണ്ടി നടത്തിയ പഠനങ്ങളും ഖജനാവിന് മാത്രം നഷ്ടമുണ്ടാക്കി. കെ റെയിലിലും അത്തരം പഠനങ്ങൾ മാത്രമാകും നടക്കുകയെന്ന സംശയം ശക്തമാണ്. കേന്ദ്ര സർക്കാർ അതിശക്തമായ നിലപാട് എടുക്കുന്നതാണ് ഇതിന് കാരണം. ഇതിനിടെയിലും കല്ലിടൽ മഹാമഹം പൊടി പൊടിക്കുകയാണ് പിണറായി സർക്കാർ.

ധൂർത്ത് ട്രാക്ക്

കെ. റെയിൽ ഓടുന്നത് ധൂർത്തിന്റെ ട്രാക്കിലാണ്. ഏറ്റെടുത്ത പല പദ്ധതികളും ആരംഭിക്കുന്നതേയുള്ളു. അതേ സമയം പ്രതിഛായക്ക് വേണ്ടി മാത്രം ലക്ഷങ്ങളാണ് ചെലവഴിച്ചത്. സംസ്ഥാനം ഏറെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോളാണ് കെ. റെയിലിന്റെ ഈ ധൂർത്ത്. ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിന് പകരം അവരെ ശത്രുക്കളായി കാണുകയും അതേസമയം അവർ നൽകിയ നികുതി പണം ഉപയോഗിച്ചു പിആർ വർക്ക് നടത്തുന്നതും അപലപനീയമാണ്. എന്തിനു വേണ്ടിയാണ് ഇത്രയും തുക ചെലവഴിച്ചതെന്ന് കെ. റെയിൽ അധികൃതർ വ്യക്തമാക്കണം ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ഇത് അടിയന്തരമായി അന്വേഷിക്കണം അദ്ദേഹം പറഞ്ഞു.

ബ്രാൻഡിങ് ചെലവേറിയത്

എംഡി നിഷെ മീഡിയ കൺസൽട്ടന്റ്‌സിന് പെർസെപ്ഷൻ മാനേജ്മന്റ്, പബ്ലിക് റിലേഷൻസ്, ഡിജിറ്റൽ മീഡിയ മാനേജ്മന്റ് എന്നിവ കൈകാര്യം ചെയ്യാൻ നൽകിയത് 50 ലക്ഷം രൂപയാണ് (50,40,000). നികുതി ഉൾപ്പടെ നൽകിയത് 59,47,200 രൂപ. ജിയോകനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഏരിയൽ ലിഡാർ സർവ്വേ നടത്തിയത്. ഇതിനായി നൽകിയത് 1.77 കോടി രൂപയാണ്. നികുതി ഉൾപ്പടെ 2.08 കോടി (2,08,93,760 രൂപ). 1,87,90,446.97 രൂപയാണ് ടെൻഡറിൽ കോട്ട് ചെയ്യപ്പെട്ടത് വിവരാവകാശ മറുപടിയിൽ പറയുന്നു.

സംസ്ഥാനത്തെ സ്പീഡ് റെയിൽ പദ്ധതിയുടെ അന്തിമ അലൈന്മെന്റ് നിശ്ചയിക്കാനാണ് ലിഡാർ സർവേ നടത്തിയതെന്നാണ് നേരത്തെ കെ റെയിൽ പറഞ്ഞിരുന്നത്. നാലുപേർക്കു യാത്ര ചെയ്യാവുന്ന പാർടനാവിയ പി68 എന്ന ചെറു വിമാനം ഉപയോഗിച്ചായിരുന്നു് സർവെ. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ എന്ന സ്ഥാപനത്തിനാണു സർവേ ചുമതല. കാലാവസ്ഥ അനുകൂലമെങ്കിൽ ആറു ദിവസത്തിനകം സർവേ പൂർത്തിയാക്കാൻ കഴിയുമെന്ന് കേരള റെയിൽവേ ഡവലപ്മെന്റ് കോർപറേഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സർവ്വേ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.

നാലു മണിക്കൂറുകൊണ്ട് കാസർകോടു നിന്ന് 532 കിലോമീറ്റർ പിന്നിട്ടു തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് സ്പീഡ് റെയിൽ (സിൽവർ ലൈൻ) നിർമ്മിക്കുന്നതെന്നാണ് മുമ്പ് പറഞ്ഞിരുന്നു. പദ്ധതിക്ക് റെയിൽവേ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിരുന്നുവെന്നും അന്ന് പറഞ്ഞു. എന്നാൽ ഇതെല്ലാം ശരിയല്ലെന്ന് കേന്ദ്ര സർക്കാർ പിന്നീട് വിശദീകരിക്കുകയും ചെയ്തു. ഇതോടെയാണ് ഈ പണച്ചെലവുകൾ ചർച്ചയാകുന്നതും.

56,000 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കേരള റെയിൽ വികസന കോർപറേഷനാണ് നടപ്പാക്കുന്നത്. പാത കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള പൂർണമായ വിവരശേഖരണം സാറ്റലൈറ്റ് സർവേയിലൂടെ സാധിക്കില്ല. മരങ്ങളും മറ്റു തടസ്സങ്ങളുമെല്ലാം മറികടന്നു കൃത്യമായി അലൈന്മെന്റ് തയാറാക്കാൻ ലേസർ ഉപയോഗിച്ചു നടത്തുന്ന ലിഡാർ സർവേ സഹായിക്കമെന്നായിരുന്നു അവകാശവാദം. ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്നാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും രണ്ട് സ്റ്റോപ്പുകൾക്ക് ഇടയിൽ മൂന്ന് ഫീഡർ സ്റ്റേഷനുകൾ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം സ്റ്റേഷനുകൾ എവിടെയെല്ലാം വേണമെന്നതു തീരുമാനിക്കുന്നതിനാണ് ഈ സർവ്വേ എന്നൊക്കെയായിരുന്നു അവകാശ വാദം.

56,000 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി കടമെടുത്താണ് കേരളം നടത്തുന്നത്. നാലിരട്ടി വസ്തുവിന് വില നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം. ഇങ്ങനെ കടമെടുത്ത് കേരളം മുമ്പോട്ട് പോകുമ്പോൾ ഭാവിയിൽ പലിശ അടക്കം കേരളത്തിന് താങ്ങാനാവാത്ത സ്ഥിതി വരും. ഇത് കേരളത്തെ മറ്റൊരു ശ്രീലങ്കയാക്കുമെന്ന ചർച്ച സജീവമാണ്. ഇതിനൊപ്പം തീവണ്ടി പാതയുടെ ഇരുവശവും ചേരികളായി മാറാനുള്ള സാധ്യതയും ഏറെയാണ്.

ദേശീയ പാതാ വരുമ്പോൾ രണ്ടു വശത്തും വികസനമാണ് ഉണ്ടാവുക. എന്നാൽ തീവണ്ടി പാതകൾക്ക് ഇരുവശവും വികസനമുണ്ടാകില്ല. അതിനൊപ്പം ചേരികളും രൂപപ്പെടുമെന്നതാണ് വസ്തുത. ബഫർ സോണിലുള്ളവരുടെ ജീവിത നിലവാരവും തകരും. ബഫർ സോണിലുള്ളവർക്ക് നഷ്ടപരിഹാരം കൊടുക്കാത്തതും പാവങ്ങളുടെ ജീവിതം ദുരിതമാക്കും.