കൊച്ചി: കെ റെയിലിനെ തകർക്കാനാണ് വന്ദേ ഭാരത് വരുന്നത്. എന്നാൽ കേരളത്തിനു ലഭിക്കുന്ന 2 വന്ദേഭാരത് ട്രെയിനുകൾ തിരുവനന്തപുരത്തു നിന്നുള്ള കണ്ണൂർ, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകൾക്കു പകരം ഓടിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെ വ്ന്നാൽ സാധാരണക്കാരുടെ വേഗതയിലുള്ള യാത്ര പ്രതിസന്ധിയിലാകും.

തിരുവനന്തപുരം ഡിവിഷനിൽ നിന്നാകും വന്ദേഭാരത്ത് സർവീസ്. രണ്ടു റേക്കുകൾ (16 പാസഞ്ചർ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാർക്ക് ഇരിക്കാവുന്ന 16 പാസഞ്ചർ കാറുകളാണ് ഒരു തീവണ്ടിയിൽ ഉണ്ടാകുക. ഈ തീവണ്ടി അനുവദിക്കുന്നതോടെ റെയിൽ കേരളയുടെ പ്രസക്തി തന്നെ നഷ്ടമാകും. അതിവേഗം സർവ്വീസ് നടത്തുന്നതാണ് ഈ തീവണ്ടി. വന്ദേഭാരത്ത് വരുന്നതോടെ കെ റെയിലിൽ നിന്നും റെയിൽവേയും പിൻവാങ്ങും. ഇതിനൊപ്പമാണ് വന്ദേഭാരത്ത് ജനശതാബ്ദിക്കും വിനയാകുമോ എന്ന സംശയം ഉയരുന്നത്.

എസി ചെയർകാർ കോച്ചുകൾ മാത്രമുള്ള വന്ദേഭാരത് ട്രെയിനുകൾ ശതാബ്ദി, തേജസ് ട്രെയിനുകളുടെ റൂട്ടിലാണു റെയിൽവേ നിർദ്ദേശിക്കുന്നത്. കേരളത്തിൽ ഇത്തരം പ്രീമിയം ട്രെയിനുകൾ ഇല്ലാത്തതിനാൽ ജനശതാബ്ദി ട്രെയിനുകൾ വന്ദേഭാരതാക്കി മാറ്റുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്. അങ്ങനെ വന്നാൽ സാധാരണക്കാർക്ക് അപ്രാപ്യമായി അതു മാറും. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് സെക്കന്റ് സീറ്റിംഗിൽ 150 രൂപയാണ് യാത്രാക്കൂലി. അതുകൊണ്ട് തന്നെ സാധാരണ യാത്രക്കാർക്ക് ജനശതാബ്ദി വലിയ ആശ്വാസമാണ്. ഈ തീവണ്ടി വന്ദേഭാരതിന് വേണ്ടി മാറിയാൽ യാത്രാ നിരക്ക് കൂടും.

ജനശതാബ്ദിയിലെ സ്ഥിരം യാത്രക്കാർ എസി ചെയർ കാർ കോച്ചുകൾ മാത്രമുള്ള വന്ദേഭാരതിൽ അധിക നിരക്കു നൽകി യാത്ര ചെയ്യേണ്ടി വരും. അതായത് 150 രൂപയുടെ സ്ഥാനത്ത് അറുന്നൂറു രൂപയോളം നൽകണം. തേജസ്, ശതാബ്ദി ട്രെയിനുകളെക്കാളും നിരക്കു കൂടിയ സർവീസാണു വന്ദേഭാരത്. ജനശതാബ്ദി മാറ്റി വന്ദേഭാരത് ആക്കുന്നതിനു പകരം തിരുവനന്തപുരം-മംഗളൂരു, എറണാകുളം-ബെംഗളൂരു റൂട്ടുകളിൽ പുതിയ സർവീസുകളായി തുടങ്ങണമെന്ന ആവശ്യവും ശക്തമാണ്.

വന്ദേഭാരതിനു സ്റ്റോപ്പുകളും വളരെ കുറവാണ്. ഡൽഹി-വരാണസി 757 കിലോമീറ്ററിൽ 2 സ്റ്റോപ്പുകളും ഡൽഹി-വൈഷ്‌ണോദേവി കത്ര 655 കിലോമീറ്ററിൽ 3 സ്റ്റോപ്പുകളുമേ ഉള്ളൂ. 2023 ഓഗസ്റ്റിൽ വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ സോണുകൾക്കു ലഭ്യമാക്കുന്നതിന്റെ ഭാഗമായി മെക്കാനിക്കൽ വിഭാഗത്തോട് ആവശ്യമായ അറ്റകുറ്റപ്പണി സൗകര്യം സജ്ജമാക്കാൻ റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരിച്ച സമയത്തിനുള്ളിൽ റേക്കുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമോയെന്നു വ്യക്തമല്ല.

ആദ്യം പ്രഖ്യാപിച്ച 2 ട്രെയിനുകൾക്കുള്ള ചക്രങ്ങളുടെ ഇറക്കുമതി യുക്രെയ്ൻ യുദ്ധം മൂലം തടസ്സപ്പെട്ടിരിക്കയാണ്. പുതിയ ഡിസൈനിലുള്ള 2 വന്ദേഭാരത് ട്രെയിനുകളാണു ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണത്തിലുള്ളത്. ഇവയിൽ ആദ്യ റേക്ക് ജൂണിൽ പുറത്തിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. നിർമ്മാണത്തിലുള്ള 2 റേക്കുകൾ കൂടാതെ 44 പുതിയ ട്രെയിനുകൾക്കുള്ള കരാർ ഹൈദരാബാദിലെ മേധാ സെർവോ ഡ്രൈവ്‌സിനും 58 ട്രെയിനുകൾക്കുള്ള കരാർ 7 കമ്പനികൾക്കും നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 35 ട്രെയിനുകൾ പുറത്തിറങ്ങും എന്നാണ് വിവരം.

തീവണ്ടി സർവീസുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ തിരുവനന്തപുരത്ത് നടത്തണമെന്ന് റെയിൽവേ ബോർഡ് നിർദ്ദേശിച്ചുകഴിഞ്ഞു. രണ്ടു റേക്കുകൾ നിർത്തിയിടാനും അറ്റകുറ്റപ്പണി നടത്താനും തിരുവനന്തപുരത്ത് എത്രയുംവേഗം സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം. പ്രധാനമന്ത്രിയുടെ പ്രീതി നേടി കെ റെയിൽ എത്തിക്കാനായിരുന്നു കേരളത്തിന്റെ നീക്കം. ഇതിനുള്ള നിർണ്ണായക ചർച്ചകൾ അമേരിക്കയിൽ പുരോഗമിക്കുന്നതായാണ് സൂചന. ഇതിനിടെയാണ് വന്ദേഭാരത് ഇരുട്ടടിയും വരുന്നത്.

കേരളത്തിൽ നിലവിലുള്ള പാതയുടെ കിടപ്പനുസരിച്ച്, വിഭാവനംചെയ്ത വേഗത്തിൽ വന്ദേ ഭാരത് എക്സ്‌പ്രസ് തീവണ്ടികൾ ഓടിക്കാൻ കഴിയില്ല. വേഗത്തിൽ അല്പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. എങ്കിലും കേരളത്തിൽ ഉടനീളം ആറു മണിക്കൂർ കൊണ്ട് തീവണ്ടിയാത്ര പ്രാപ്തമാകും. തിരുവനന്തപുരത്ത് നിന്ന് ജനശതാബ്ദി കോഴിക്കോട് എത്തുന്നത് ഏഴു മണിക്കൂർ കൊണ്ടാണ്. അതിൽ നിന്നും കുറച്ചു കൂടി വേഗത മാത്രം മതി കാസർഗോട്ടേക്ക് ആറു മണിക്കൂർ കൊണ്ടെത്താൻ. ചെലവും കുറവായിരിക്കും.

പ്രത്യേകമായി രൂപകല്പന ചെയ്ത വന്ദേ ഭാരത് തീവണ്ടികളുടെ നിർമ്മാണം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുരോഗമിക്കുകയാണ്. ആദ്യ തീവണ്ടിയുടെ നിർമ്മാണം ഇക്കൊല്ലം ഓഗസ്റ്റിൽ പൂർത്തിയാകും. 2023 ഓഗസ്റ്റിനുമുമ്പ് 75 തീവണ്ടികൾ വിവിധ റെയിൽവേ സോണുകൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ഡിവിഷന് രണ്ടാംഘട്ടത്തിലേ തീവണ്ടി ലഭിക്കുകയുള്ളൂ. അങ്ങനെ വന്നാൽ 2024 ഓടെ റെയിൽവേയുടെ അതിവഗ വണ്ടി കേരളത്തിലെത്തും.

സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതിനിടെ കേരളത്തിൽ വന്ദേ ഭാരത് തീവണ്ടി സർവീസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതു പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. കേരളത്തിന് വന്ദേ ഭാരത് തീവണ്ടി അനുവദിക്കാമെന്ന്, കെ-റെയിൽ പദ്ധതി സംബന്ധിച്ച ചർച്ചകൾക്ക് ഡൽഹിയിലെത്തിയ ബിജെപി. നേതാക്കൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയിരുന്നു.

ദക്ഷിണ റെയിൽവേയുടെ കീഴിൽ ചെന്നൈ (ആറ്), കോയമ്പത്തൂർ (മൂന്ന്), തിരുച്ചിറപ്പള്ളി (രണ്ട്), തിരുവനന്തപുരം (രണ്ട്) എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് റേക്കുകൾ അനുവദിക്കുക. ന്യൂഡൽഹിക്കാണ് ഏറ്റവും കൂടുതൽ റേക്കുകൾ നൽകുക-12 എണ്ണം. ഇവിടങ്ങളിലെല്ലാം അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ സജ്ജമാക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.