കണ്ണൂർ: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും അഭിപ്രായ ഭിന്നതയില്ലെന്ന് കെ.സുധാകരൻ പറഞ്ഞു 'കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം 'ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം ചർച്ച ചെയ്യാൻ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും നേതൃയോഗം അടുത്ത ദിവസം ചേരും. ഈ യോഗത്തിൽ എല്ലാവർക്കും യോജിപ്പുണ്ടാകുന്ന ഒരു ഫോർമുലയുണ്ടാക്കി സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു ന്യുനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിലുള്ള തർക്കം ചെറിയൊരു വിഷയം മാത്രമാണ് ഇതു സർക്കാരിന് തീർക്കാൻ മാത്രമേയുള്ളു. എല്ലാ മതവിഭാഗങ്ങൾക്കും സ്വീകാര്യമായ ഒരു സമീപനമാണ് സ്വീകരിക്കേണ്ടത്.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞ കാര്യങ്ങളിൽ വിവാദമാക്കാൻ ഒന്നുമില്ലെന്നും അതിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു

വിഷയം ഓരോരുത്തരും വ്യാഖ്യാനിച്ച രീതിയിൽ വന്നതാണ് ഈ വ്യത്യാസം. കോൺഗ്രസിനും യുഡിഎഫിനും ഒരു അഭിപ്രായമാണ് ഈ വിഷയത്തിലുള്ളത്. സ്‌കോളർഷിപ്പിൽ എല്ലാ മതങ്ങളെയും പൂർണമായും വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും വേണം ഒരു നയം പ്രഖ്യാപിക്കാൻ.ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച നയത്തിനകത്ത് ചെറിയ അഭിപ്രായ വ്യത്യാസം വന്നിട്ടുണ്ട്. അത് മാറ്റണമെന്നാണ് യുഡിഎഫ് അഭിപ്രായം,' കെ സുധാകരൻ പറഞ്ഞു.

യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നേതൃയോഗം ഇതിന് ഒരു ഫോർമുല നിശ്ചയിക്കാനുള്ള ചർച്ച നാളെയോ മറ്റന്നാളോ ആയി ആരംഭിക്കും. ഐകകണ്‌ഠ്യേന തീരുമാനം എടുത്ത് മുന്നോട്ട് പോവും. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഭാഗത്ത് നിന്ന് വന്ന പ്രതികരണങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. പ്രതികരണങ്ങളിലെ വസ്തുത ഉൾക്കൊണ്ടു കൊണ്ട് സമവായത്തിലുള്ള ഒരു തീരുമാനം കൈക്കൊള്ളാൻ യുഡിഎഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ആ തീരുമാനം രണ്ട് ദിവസങ്ങൾക്കുള്ളിൽ പ്രാവർത്തികമാക്കി സർക്കാരിനോട് ഇതേപറ്റി സംസാരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ രണ്ടിടങ്ങളിൽ രണ്ട് തരത്തിൽ നടത്തിയ പരാമർശം ചർച്ചയായിരിക്കെയാണ് കെ സുധാകരന്റെ പ്രതികരണം. വിഷയത്തിൽ കോൺഗ്രസിലും മുസ്ലിം ലീഗിലുമുള്ള അഭിപ്രായ വ്യതാസങ്ങൾ വ്യക്തമാക്കുന്നതായിരുന്നു ഈ പരാമർശം.

ഇന്നലെ കാസർഗോഡ് മാധ്യമങ്ങളോട് സംസാരിച്ച വി ഡി സതീശൻ ജനസംഖ്യാ ആനുപാതികമായി സ്‌കോളർഷിപ്പുകൾ നിശ്ചയിക്കുന്നതുവഴി മുസ്ലിം സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ കുറവുണ്ടാകുമെന്ന മുസ്ലിം ലീഗിന്റെ നിലപാടിനൊപ്പമായിരുന്നു. പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെയാണ് പുതിയ അനുപാതം സർക്കാർ നിശ്ചയിച്ചിരിക്കുന്നതെന്നും ഈ നടപടി പാലോളി, സച്ചാർ കമ്മിറ്റികളുടെ ശുപാർശകളുടെ അന്തസത്ത പൂർണ്ണമായും ഇല്ലാതാക്കുന്നതാണെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്റെ വിമർശനം.

എന്നാൽ ഇന്ന് കോട്ടയത്ത് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ വി ഡി സതീശൻ തന്റെ മുൻ പരാമർശത്തെ തള്ളുന്ന പ്രതികരണമാണ് നടത്തിയത്. ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടം സംഭവിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്നും സ്‌കോളർഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടമുണ്ടായിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പുതിയ നിലപാട്. നിലവിലുള്ള സ്‌കോളർഷിപ്പ് കുറക്കാതെ മറ്റ് സമുദായങ്ങൾക്കുകൂടി ആനുപാതികമായി സ്‌കോളർഷിപ്പ് കൊടുക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് പ്രഖ്യാപിച്ച പ്രതിപക്ഷനേതാവ് നിലവിലുള്ള ഉത്തരവ് യുഡിഎഫിന്റെ കൂടി അഭിപ്രായം മാനിച്ചുകൊണ്ടാണെന്നും പറഞ്ഞു.