കോട്ടയം: പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് ശേഷം ഇന്നലെ രാവിലെ ഉമ്മൻ ചാണ്ടി പൊട്ടിത്തെറിച്ചപ്പോൾ അതിനോട് കെ സുധാകരനും വി ഡി സതീശനും എങ്ങനെ പ്രതികരിക്കുമെന്ന ആകാംക്ഷയായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളിൽ. മുതിർന്ന നേതാവിനോട് സൗമ്യമായി പ്രതികരിക്കുമെന്നാണ് പലരും കരുതിയത്. എന്നാൽ, കെ സുധാകരൻ വാർത്താസമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയെ നിലംപരിശാക്കുന്ന വിധത്തിലാണ് പ്രതികരണം നടത്തിയത്. ചർച്ച നടത്തിയ കാര്യം എണ്ണിപ്പറഞ്ഞത് കൂടാതെ ഡയറിയും ഉയർത്തി കാട്ടിയുള്ള മുറുപടി ഉമ്മൻ ചാണ്ടിയെ ശരിക്കും ക്ഷീണിപ്പിക്കുകയായിരുന്നു. ഇതിൽ അമർഷം പൂണ്ട ഉമ്മൻ ചാണ്ടി വീണ്ടും തന്റെ വാദത്തിൽ ഉറച്ചു നിന്നു കൊണ്ട് രംഗത്തുവരികയാണ്.

കെ പി സി സി പ്രസിഡന്റിന്റെ പരസ്യവെളിപ്പെടുത്തലിലുള്ള അമർഷത്തിലാണ് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. താനുമായി രണ്ട് വട്ടം ചർച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ കെ സുധാകരൻ പ്രതികരിച്ചതാണ് ഉമ്മൻ ചാണ്ടിയെ രോഷാകുലനാക്കിയത്. ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചവരുടെ പേരുകൾ കുറിച്ച ഡയറിയും സുധാകരൻ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ താനുമായി ഒരിക്കൽ മാത്രമേ ഇക്കാര്യം സുധാകരൻ സംസാരിച്ചിരുന്നുള്ളു എന്നും അന്ന് പ്രതിപക്ഷ നേതാവ് ഒപ്പമുണ്ടായിരുന്നു എന്നും ഉമ്മൻ ചാണ്ടി അടുപ്പക്കാരോട് വ്യക്തമാക്കി. അന്ന് നൽകിയ ലിസ്റ്റാണ് സുധാകരൻ പരസ്യമായി കാണിച്ചത്. ഇത് ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളം കടുത്ത ക്ഷീണമുണ്ടാക്കുന്ന കാര്യമായി മാറി.

എന്നാൽ കൂടുതൽ വിശദമായ ചർച്ച നടത്താൻ തനിക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ പരസ്യമായ പ്രസ്താവനകൾ ഇപ്പോൾ വേണ്ട എന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. അതേസമയം പാർട്ടിക്കുള്ളിലെ ചർച്ചകളിൽ തന്റെ പരാതി ഉയർത്തുവാനാണ് തീരുമാനം.ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനു പിന്നാലെ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉയർത്തിയ പരസ്യ പ്രതിഷേധം സംസ്ഥാന കോൺഗ്രസിനെ സ്ഫോടനാത്മക സ്ഥിതിവിശേഷത്തിലെത്തിച്ചിരിക്കുകയാണ്.

ഹൈക്കമാൻഡ് പ്രഖ്യാപിച്ച പട്ടിക തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ ഉമ്മൻ ചാണ്ടി നടത്തിയ പരസ്യ പ്രതികരണം നേതൃത്വത്വത്തിനെതിരായ വെല്ലുവിളിയായി. എന്നാൽ, പ്രതിഷേധങ്ങളെ അവഗണിച്ച് കെപിസിസി പുനഃസംഘടനാ ചർച്ചകളിലേക്ക് കടക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇന്ന് മുതൽ അതിനുള്ള ചർച്ചകൾ ആരംഭിച്ചേക്കും. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയിലും ഇനി മാറ്റമില്ല.പുതുപ്പള്ളിയിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പ്രകോപിതനായി നടത്തിയ പ്രതികരണം സമീപകാല കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതിയ മുഖമായി.

ഫലപ്രദമായ ചർച്ച നടന്നെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ ഉമ്മൻ ചാണ്ടി , അനാവശ്യമായി തന്റെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചതിൽ അസ്വസ്ഥതയും പ്രകടിപ്പിച്ചു. അഭിപ്രായപ്രകടനം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടിയെന്നാൽ തനിക്കെതിരെയും നടപടിയെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അതിനെ ശരി വച്ച് കെ സി ജോസഫും രംഗത്തുവന്നു .എന്നാൽ, നേതൃത്വത്തെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിതോടെ , 'എ' ഗ്രൂപ്പിലെ ഭിന്നതയും പ്രകടമായി .സുധാകരൻ സതീശൻ അച്ചുതണ്ടിനെതിരെ ഒരുമിച്ച് നീങ്ങാനാണ് എ ഐ ഗ്രൂപ്പ് മാനേജർമാരുടെ ഒരുക്കം. അതേസമയം ഗ്രൂപ്പുകളിൽ നിന്നുതന്നെ ഗ്രൂപ്പില്ലാ നേതാക്കളെയുണ്ടാക്കി ഡി.സി.സി അദ്ധ്യക്ഷ പട്ടിക പുറത്തിറക്കിയ സംസ്ഥാനനേതൃത്വം, ഈ തന്ത്രമുപയോഗിച്ച് മറുനീക്കത്തെ പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലിലാണ്.

അതേസമയം പോരു മുറുകവേ കേരളത്തിലെ കോൺഗ്രസിൽ അച്ചടക്ക നടപടി മുന്നറിയിപ്പുമായി ഹൈക്കമാണ്ട് രംഗത്തുണ്ട്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറണമെന്ന് കെ പി സി സിക്ക് നിർദ്ദേശം നൽകി. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെ പി അനിൽ കുമാറിന്റേയും ശിവദാസൻ നായരുടേയും പ്രസ്താവനകളുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിശദ റിപ്പോർട്ട് നൽകാൻ താരിഖ് അൻവറിന് നിർദ്ദേശം നൽകി.

നേതൃത്വത്തിനെതിരെയുള്ള നിലപാട് തുടർന്നാൽ മുതിർന്ന നേതാക്കൾക്ക്തിരിച്ചടിയുണ്ടാകുമെന്നാണ് ഹൈക്കമാണ്ടിന്റെ മുന്നറിയിപ്പ്. രമേശ് ചെന്നിത്തലക്ക് നൽകാൻ ഉദ്ദേശിക്കുന്ന ദേശീയ തലത്തിലെ പദവിയിൽ പുനരാലോചനയുണ്ടാകുമെന്നാണ് ചെന്നിത്തലക്കുള്ള മുന്നറിയിപ്പ്. എതിർപ്പ് തുടരുന്ന പക്ഷം ഉമ്മൻ ചാണ്ടിയുടെ പദവിയിലും പുനരാലോചന നടക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ പരസ്യ വിഴുപ്പലക്കലുമായി രംഗത്തെത്തിയിരുന്നു. പെട്ടിതൂക്കികൾക്കാണ് സ്ഥനം നൽകിയതെന്ന ആരോപണവും ഉയർന്നു. കൂടിയാലോചനകൾ നടത്താതെയാണ് പട്ടികയെന്ന് മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി പറയുകയും ചെയ്തു.