കണ്ണൂർ: ധർമ്മടത്ത് നടക്കുന്നത് തെര ഞ്ഞെടുപ്പാണെന്നും ഗുസ്തി മത്സരമല്ലെന്നും കെ.സുധാകരൻ എംപി പറഞ്ഞു യു.ഡി.എഫ് കണ്ണൂർ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ സുധാകരൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന പ്രചാരണം തള്ളിക്കളഞ്ഞത്. പലർക്കും പല ആഗ്രഹങ്ങളുണ്ടാകും. എന്നാൽ അതിനൊന്നും നിന്നു കൊടുക്കാൻ എനിക്ക് കഴിയില്ല. കോൺഗ്രസിൽ കരുത്തന്മാർ ഒട്ടേറെയുണ്ട്.

പാർട്ടിയിൽ മുഴുവൻ കരുത്തരാണെന്നു തന്നെ പറയാം. തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടുചെയ്യേണ്ടതാണ്. അവിടെ കരുത്തിന്റെ ആവശ്യമല്ല ഗുസ്തി മത്സരമാണെങ്കിൽ കരുത്തു തെളിയിക്കാം തെരഞ്ഞെടുപ്പിൽ അതു കഴിയണമെന്നില്ലെന്നും സുധാകരൻ പറഞ്ഞു. ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ സീറ്റു തന്നെയാണെന്നാണ് എന്റെയും അഭിപ്രായം അതിൽ എതിർ അഭിപ്രായമില്ല. ഇരിക്കൂറിലെ പ്രശ്‌നങ്ങൾ പരിഹരികേണ്ടത് അതുണ്ടാക്കിയവരാണ്. അവരിവിടെ വരട്ടെയെന്നും സുധാകരൻ പറഞ്ഞു.

അത് പരിഹരിക്കാനുള്ള നിർദേശങ്ങൾ തനിക്കറിയില്ല. ഇരിക്കൂറിൽ കെ സി വേണുഗോപാൽ അനാവശ്യമായി ഇടപെട്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും സുധാകരൻ പറഞ്ഞു. ലതികാ സുഭാഷിനോട് ചെയ്തത് ശരിയായില്ലെന്നും താൻ അവരെ വിളിച്ചു സംസാരിച്ചുവെന്നും സുധാകരൻ പറഞ്ഞു. അതേസമയ കോൺഗ്രസ് പട്ടികയ്ക്കു ശേഷമുള്ള പൊട്ടിത്തെറിയിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. വനിത പ്രാതിനിധ്യം കൂട്ടണമെന്ന സോണിയ ഗാന്ധിയുടെ നിർദ്ദേശം നടപ്പാകാത്തതിലും അതൃപ്തിയുണ്ട്. ഇന്നു രാത്രിയോടെ തർക്ക സീറ്റുകളിൽ ധാരണയായേക്കും എന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു.

ഏഴു ദിവസത്തെ ചർച്ചയ്ക്ക് ശേഷം കോൺഗ്രസ് പട്ടിക പുറത്തിറക്കിയ ഉടനുള്ള ഈ പ്രതിഷേധം ദേശീയ തലത്തിലും വലിയ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 55 ശതമാനം പുതുമുഖങ്ങളുമായി വന്ന പട്ടികയുടെ പ്രഖ്യാപനം പാർട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു എഐസിസി കണക്കുകൂട്ടൽ. അതു കൊണ്ടാണ് എഐസിസി പട്ടിക പുറത്തിറക്കുക എന്ന പതിവ് മാറ്റി മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ഇത് പ്രഖ്യാപിക്കുക എന്ന നിർദ്ദേശം നല്കിയത്. എന്നാൽ ഇതിനു പിന്നാലെയുള്ള ലതിക സുഭാഷിന്റെ പ്രതിഷേധം പട്ടിക കൊണ്ട് നേടാമായിരുന്ന മുൻതൂക്കം ഇല്ലാതാക്കിയെന്നാണ് വിലയിരുത്തൽ. വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് സോണിയ ഗാന്ധി തന്നെ നിർദ്ദേശം നല്കിയിരുന്നു.

പത്തു ശതമാനം വനിതകളുണ്ടെന്നും മുസ്ലിം ലീഗും ഇത്തവണ ഒരു വനിതയ്ക്ക് സീറ്റ് നല്കിയെന്നും ചൂണ്ടിക്കാട്ടി പട്ടികയ്ക്ക് അംഗീകാരം വാങ്ങി. ലതിക സുഭാഷിന്റെ ആവശ്യം എല്ലാ മുതിർന്ന നേതാക്കളുടെയും മുന്നിൽ ഉണ്ടായിരുന്നെങ്കിലും ഇത്ര വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. സംസ്ഥാന നേതാക്കൾ ഇത് പറഞ്ഞു തീർക്കേണ്ടതായിരുന്നു എന്ന വികാരമാണ് ഹൈക്കമാൻഡിനുള്ളത്.

വട്ടിയൂർക്കാവിൽ പിസി വിഷ്ണുനാഥിനെതിരെ ഉൾപ്പടെ തർക്ക സീറ്റുകളിൽ പരിഗണിക്കുന്നവർക്കെതിരെയും എഐസിസിയിലേക്ക് പരാതി പ്രളയമാണ്. നാളെ രാവിലെയോടെ എല്ലാം പ്രഖ്യാപിക്കാം എന്ന പ്രതീക്ഷയാണ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. ഒറ്റപ്പാലത്തുൾപ്പടെ ഹൈക്കമാൻഡ് ഇടപെടൽ അവസാന നിമിഷം പട്ടികയിലുണ്ടായി. സ്ഥാനാർത്ഥിനിർണ്ണയത്തിനു ശേഷമുള്ള തർക്കങ്ങൾ തീർക്കാൻ എഐസിസി തന്നെ നേരിട്ട് ഇടപെട്ടേക്കും.