കണ്ണൂർ: പി.സി ചാക്കോയെ തള്ളി കെ.സുധാകരൻ എംപി. കോൺഗ്രസ് രാഷ്ട്രീയം തനിക്ക് മടുത്തു എന്ന് പിസി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പാർട്ടിയിലെ പോരായ്മക്കൾ സാധാരണയായി താൻ ചാക്കോയോട് സംസാരിക്കാറുണ്ട്. എന്നാൽ ഈ അടുത്ത ദിവസങ്ങളിലൊന്നും ചാക്കോയോട് സംസാരിച്ചിട്ടില്ല.

ഏത് സാഹചര്യത്തിലാണ് പി സി ചാക്കോ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് എന്നറിയില്ല. പാർട്ടിക്കകത്തെ പ്രശ്‌നങ്ങൾ കൂട്ടായ ചർച്ചയിലൂടെ പരിഹരിക്കും. ചാക്കോയെ പോലുള്ള ആളുകൾ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ല. പരസ്യ പ്രസ്താവന അവസാനിപ്പിക്കണമെന്ന പാർട്ടി ആവശ്യം അനുസരിക്കുമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. നേരത്തെ കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അനാവശ്യമായ ഇടപെടലുകൾ നടത്തിയെന്ന് കെ.സുധാകരൻ തുറന്നടിച്ചിരുന്നു.

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വർക്കിങ് പ്രസിഡന്റായ തന്നോട് കുടിയാലോചിച്ചില്ലെന്ന അതൃപ്തിയും സുധാകരൻ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ ചില നേതാക്കളുടെ താൽപര്യം മാത്രമാണ് നടക്കുന്നതെന്ന സുധാകരന്റെ വിമർശനം പാർട്ടിയിലെ ഗ്രൂപ്പുവഴക്ക് അതിരൂക്ഷമാക്കിയിരുന്നു. തെരഞ്ഞെടുപിനെ നേരിടാനുള്ള തന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും പലവട്ടം പാർട്ടി സ്ഥാനമാനങ്ങൾ രാജി വച്ചാലോയെന്ന് ആലോചിച്ചതായും സുധാകരൻ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് കെ.സുധാകരൻ പാർട്ടി വിടുന്നതിനെ കുറിച്ച് തന്നോട് പറഞ്ഞതായി കോൺഗ്രസിൽ നിന്നും എൻസിപി യിലേക്ക് കുടുമാറിയ പി.സി ചാക്കോ വെളിപ്പെടുത്തിയത്.