തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം വന്നേക്കും. സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഉന്നത ഗൂഢാലോചന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാൻ പ്രത്യക സംഘം വരുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിട്ടുള്ളത്. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഇടുക്കി ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കും.

തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പൊലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോൾ അറസ്റ്റിലായവർ കൂടാതെ പൊലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖിൽ പൈലിയും ജെറിൻ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്.

അതേസമയം എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കെ പി സി സി പ്രസിഡന്റ് കെ സുധാരന്റെയും സുരക്ഷ ശക്തിപ്പെടുത്താൻ ഇന്റലിജൻസ് നിർദേശമെന്ന് റിപ്പോർട്ട്. ഇരുവർക്കും പുറമെ പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷ വർധിപ്പിക്കണമെന്നും നിർദേശമുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ടു ചെയ്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രത്യേക കാവലിന് പുറമെ അകമ്പടിപ്പൊലീസ് വേണം. കെ സുധാകരന് നിലവിലുള്ള ഗൺമാന് പുറമെ കമാൻഡോ ഉൾപ്പെടെയുള്ള സുരക്ഷയൊരുക്കണം. കെ പി സിസി പ്രസിഡന്റ് പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് ഇന്റലിജൻസ് നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.

സുധാകരന്റെ വീടിന് പൊലീസ് കാവൽ വേണം, കോൺഗ്രസ് ഓഫീസുകൾക്ക് സുരക്ഷ വേണം തുടങ്ങിയ നിർദേശങ്ങളും ഇന്റലിജൻസ് മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു.

പുലർച്ചെ രണ്ട് മണിയോടെയാണ് സംസ്‌കാരം നടത്തിയത്. തളിപ്പറമ്പിലെ ധീരജിന്റെ വീടിനോട് ചേർന്ന് സിപിഎം വാങ്ങിയ എട്ട് സെന്റ് സ്ഥലത്താണ് സംസ്‌കാരം നടത്തിയത്. ഇന്നലെ രാവിലെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും ധീരജ് പഠിച്ചിരുന്ന കോളേജിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ട് പോയത്. ഇടുക്കിയിൽ നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര രാത്രി വൈകി ഒരു മണിയോടെയാണ് തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിയത്. വഴി നീളെ അന്ത്യാഭിവാദ്യമർപ്പിക്കാൻ പാർട്ടി പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു.