തിരുവനന്തപുരം: സർവകലാശാലകളുടെ സർവാധികാരിയായ ഗവർണറെ നോക്കുകുത്തിയാക്കി പിണറായി വിജയൻ നടത്തുന്ന ക്രമക്കേടുകൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് എതിരെ കെ സുധാകരൻ വിമർശനം ഉന്നയിച്ചത്.

സർവകലാശാലകളുടെ സർവാധികാരിയായ ഗവർണറെ നോക്കുകുത്തിയാക്കി പിണറായി വിജയൻ നടത്തുന്ന ക്രമക്കേടുകൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം തകർക്കാനുള്ള സിപിഐ.എമ്മിന്റെ ശ്രമങ്ങൾക്കെതിരെ പൊതു സമൂഹത്തിന്റെ ശബ്ദം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടി ബന്ധുക്കൾക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന, ദുർഗന്ധം വമിക്കുന്ന ഈജിയൻ തൊഴുത്തായി സർവകലാശാലകൾ മാറിയിരിക്കുന്നുയെന്നും അദ്ദേഹം കൂട്ടിച്ചേർത്തുത്തു. കുട്ടി സഖാക്കളുടെ മേശവിരിപ്പിൽ വരെ സർവകലാശാലകളുടെ ഉത്തരക്കടലാസുകൾ എത്തുന്ന വഴികളാണ് ഇപ്പോൾ വ്യക്തമാകുന്നത്. യാതൊരു നിലവാരവുമില്ലാത്ത പല ഡിവൈഎഫ്ഐ നേതാക്കൾക്ക് പോലും പേരിന്റെ മുന്നിൽ ചേർക്കാൻ ഡോക്ടറേറ്റ് കിട്ടിയതെങ്ങനയെന്ന മലയാളികളുടെ സംശയവും ഇതോടെ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'രാജീവ്, രാഗേഷ്, ബിജു, ഷംസീർ, രാജേഷ്. സിപിഐ.എമ്മിന്റെ യുവനേതാക്കളുടെ പട്ടികയല്ലിത്, ഭാര്യമാരെ സർവ്വകലാശാലകളിൽ അനധികൃതമായി തിരുകി കേറ്റിയ സഖാക്കളുടെ പേരുകളാണിവ. ഈ പട്ടികയിൽ ഇടം നേടാനാണ് ഡിവൈഎഫ്ഐ നേതാക്കൾ പിണറായി വിജയന്റെ അഴിമതികൾക്കെതിരെ ചെറുശബ്ദം പോലുമുയർത്താതെ പഞ്ചപുച്ഛമടക്കി അടിമകളെപ്പോലെ ജീവിക്കുന്നത്,' സുധാകരൻ പറഞ്ഞു.

അതേസമയം, കണ്ണൂർ, കാലടി സർവകലാശാല വി സി. നിയമന വിവാദത്തിൽ സംസ്ഥാന സർക്കാരും ഗവർണറും നേർക്കുനേരാവുകയാണ്.
സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണെന്നും ഇഷ്ടക്കാരുടെ നിയമനങ്ങൾ തകൃതിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവർത്തിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സർക്കാർ നടപടിക്കെതിരെ മാധ്യമങ്ങളോടും ഗവർണർ പറഞ്ഞത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'സർവ്വകലാശാലകളുടെ സർവ്വാധികാരിയായ ഗവർണ്ണറെ നോക്കുകുത്തിയാക്കി പിണറായി വിജയൻ നടത്തുന്ന ക്രമക്കേടുകൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണ് '
രാജീവ്, രാഗേഷ്, ബിജു, ഷംസീർ ,രാജേഷ്...സിപിഎമ്മിന്റെ യുവനേതാക്കളുടെ പട്ടികയല്ലിത്, ഭാര്യമാരെ സർവ്വകലാശാലകളിൽ അനധികൃതമായി തിരുകി കേറ്റിയ സഖാക്കളുടെ പേരുകളാണിവ. ഈ പട്ടികയിൽ ഇടം നേടാനാണ് ഡിവൈഎഫ്‌ഐ നേതാക്കൾ പിണറായി വിജയന്റെ അഴിമതികൾക്കെതിരെ ചെറുശബ്ദം പോലുമുയർത്താതെ പഞ്ചപുച്ഛമടക്കി അടിമകളെപ്പോലെ ജീവിക്കുന്നത്.
കുട്ടി സഖാക്കളുടെ മേശവിരിപ്പിൽ വരെ സർവ്വകലാശാലകളുടെ ഉത്തരക്കടലാസുകൾ എത്തുന്ന വഴികളാണ് ഇപ്പോൾ വ്യക്തമാകുന്നത്. യാതൊരു നിലവാരവുമില്ലാത്ത പല ഡിവൈഎഫ്‌ഐ നേതാക്കൾക്ക് പോലും പേരിന്റെ മുന്നിൽ ചേർക്കാൻ ഡോക്ടറേറ്റ് കിട്ടിയതെങ്ങനയെന്ന മലയാളികളുടെ സംശയവും ഇതോടെ മാറിയിട്ടുണ്ട്.
പാർട്ടി ബന്ധുക്കൾക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന, ദുർഗന്ധം വമിക്കുന്ന ഈജിയൻ തൊഴുത്തായി സർവ്വകലാശാലകൾ മാറിയിരിക്കുന്നു. നാടിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം തകർക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾക്കെതിരെ പൊതു സമൂഹത്തിന്റെ ശബ്ദം ഉയർന്നു വരണം.