തിരുവനന്തപുരം: ഒടുവിൽ കണ്ണൂർ എംപിയുടെ ദുർവാശി തന്നെ വിജയിച്ചു. കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിലെ തർക്കത്തിന്റെ പശ്ചാത്തലത്തിൽ എയർഹോസ്റ്റസിനെതിരെ നടപടിയെടുത്തു അധികൃതർ. ഇക്കാര്യം കെപിസിസി അധ്യക്ഷൻ കൂടിയായ സുധാകരൻ തന്നെയാണ് അറിയിച്ചത്. സുരക്ഷാ കാരണങ്ങളാൽ ഒഴിഞ്ഞ സീറ്റിൽ ഇരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കെ. സുധാകരന്റെ സഹായി എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഈ ആരോപണം നിഷേധിച്ചു കൊണ്ടാണ് സുധാകരൻ എയർഹോസ്റ്റസിനെതിരെ നടപടി എടുത്ത വിവരം അറിയിച്ചത്.

കാര്യമായ ഒരു പ്രശ്നങ്ങളും വിമാനത്തിൽ വെച്ചുണ്ടായിട്ടില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരിക്കാൻ ചോദിച്ചപ്പോൾ എയർഹോസ്റ്റസ് അനുവദിച്ചില്ല. ഇത് സംബന്ധിച്ച് നിസാരമായ വാക്കുതർക്കമുണ്ടായി. ഞാനായി ആർക്കെതിരെയും പരാതി കൊടുത്തിട്ടില്ല. വിമാന കമ്പനി അധികൃതർ വസ്തുതകൾ അന്വേഷിച്ച് നടപടി എടുത്തുവെന്ന് ഞാൻ അറിഞ്ഞു. ഞാൻ ആരേയും അപമാനിച്ചിട്ടില്ല. എനിക്ക് അപമാനം നേരിട്ടിട്ടുമില്ല', കെ.സുധാകരൻ പറഞ്ഞു.

വിമാനത്തിൽ യാത്ര ചെയ്തിരുന്ന റേഡിയോ ജോക്കിയായ സൂരജ് സംഭവം സംബന്ധിച്ച് ഫേസ്‌ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിനാധാരം. ഞായറാഴ്ച വൈകിട്ട് കൊച്ചി - കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യവേ സുധാകരൻ എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വിമാനത്തിൽ 19 എഫ്ഡി & 18 എഫ്ഡി സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. ഒഴിഞ്ഞു കിടന്ന സീറ്റുകളിൽ തനിക്ക് ഇരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

അദ്ദേഹം എംപി ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയർ ഹോസ്റ്റസ്, ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലൻസിങ് ആവശ്യമായതിനാലും യാത്രക്കാർക്ക് സ്വന്തം താൽപര്യപ്രകാരം സീറ്റുകൾ മാറാൻ സാധിക്കില്ലെന്ന് പറഞ്ഞു. തുടർന്ന് സുധാകരനൊപ്പം ഉണ്ടായിരുന്ന ആൾ എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

അതേസമയം വിമാനത്തിലെ തർക്കം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്തറിയിച്ച ആർജെ സൂരജനെതിരെ കടുത്ത സൈബർ ആക്രമണമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. സൂരജ് ജോലി ചെയ്യുന്ന എഫ്എമ്മിലേക്ക അടക്കം പരാതികൾ നിരന്തരം ഉയർന്നു. സൂരജ് സിപിഎമ്മുകാരാനായതു കൊണ്ടാണ് സുധാകരനെ അധിക്ഷേപിച്ചു കൊണ്ട് രംഗത്തുവന്നത് എന്നതാണ് കോൺഗ്രസ് പ്രവർത്തകർ ഉന്നയിക്കുന്ന പരാതി. കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് സൂരജും ഫേസ്‌ബുക്കിൽ കുറിച്ചു.