കണ്ണൂർ: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എത്തുന്നത് ചിന്തിക്കാൻ പോലും കഴിയാതെ മമ്പറം ദിവാകരൻ. സുധാകരനെ ഒഴിവാക്കാൻ അവസാന വട്ട ശ്രമങ്ങൾ നടത്തുകയാണ് മമ്പറം ദിവാകരൻ. കണ്ണൂർ കോൺഗ്രസിലെ തമ്മിൽ അടിയിൽ ഇരുപക്ഷത്ത് നിൽക്കുന്ന നേതാക്കളാണ് സുധാകരനും ദിവാകരനും. ഈ സാഹചര്യത്തിലാണ് കെ.സുധാകരന് പകരം പി.സി വിഷ്ണുനാഥോ, പി.ടി തോമസോ കെപിസിസി അധ്യക്ഷനാകുന്നതാണ് പാർട്ടിക്ക് ഗുണകരമെന്ന് മമ്പറം ദിവാകരൻ പ്രതികരിക്കുന്നത്.

സുധാകരൻ കെപിസിസി അധ്യക്ഷനായാലും തന്റെ വിമർശനങ്ങൾ തുടരുമെന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗമായ മമ്പറം ദിവാകരൻ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. എംപിയെന്ന നിലയിൽ കോൺഗ്രസ് സംഘടനയെ നയിക്കുന്നതിലും വൻ പരാജയമാണ് കെ.സുധാകരൻ. സ്വന്തം ഗ്രൂപ്പുണ്ടാക്കി വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാനല്ലാതെ സുധാകരന് മറ്റൊന്നുമറിയില്ല. കണ്ണൂരിലെ പാർട്ടിയെ നശിപ്പിച്ചത് കെ.സുധാകരനാണെന്നും മമ്പറം ആരോപിച്ചു. ആരാകണം കെപിസിസി അധ്യക്ഷൻ എന്ന എഐസിസിയുടെ അന്വേഷണത്തിൽ മുൻതൂക്കം കിട്ടിയത് സുധാകരനാണ്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പോലും സുധാകരനെ എതിർക്കുന്നില്ല. ഇതിനിടെയാണ് മമ്പറത്തിന്റെ വിമർശനങ്ങൾ.

കഴിഞ്ഞ രണ്ടുവർഷമായി മണ്ഡലത്തിൽ കാണാത്ത എംപിയാണ് സുധാകരൻ. എവിടെയും അദ്ദേഹമില്ല. മട്ടന്നൂരോ, ഇരിക്കൂറോ, ധർമടത്തോ എവിടെയെങ്കിലും ഏതെങ്കിലും പൊതുപരിപാടികളിൽ അദ്ദേഹത്തെ കാണാറുണ്ടോയെന്ന് ഞാൻ വെല്ലുവിളിക്കുന്നു. എംപിയെന്ന നിലയിൽ ഏതെങ്കിലും ഉദ്ഘാടനങ്ങൾക്ക് ആരെങ്കിലും അദ്ദേഹത്തെ വിളിക്കുന്നതായും അറിയില്ല. പാർലമെന്റിലും സുധാകരന്റെ സാന്നിധ്യമുണ്ടാകാറില്ലെന്ന് രേഖകൾ പരിശോധിച്ചാൽ കാണാം. പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിൽ പോകാതെ ചെന്നൈയിൽ സ്വന്തം ബിസിനസു കാര്യങ്ങൾക്കായി പോവുകയാണ് സുധാകരനെന്നും ദിവാകരൻ കുറ്റപ്പെടുത്തി.

സുധാകരൻ ഇതേ രീതിയിൽ പോവുകയാണെങ്കിൽ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഇനിയൊരു കോൺഗ്രസ് സ്ഥാനാർത്ഥി ജയിക്കുമെന്ന് തോന്നുന്നില്ല,സുധാകരൻ കെപിസിസി അധ്യക്ഷനാകുന്നത് കണ്ണൂരിലെ നേതാക്കളുടെ പിൻതുണപോലുമില്ലാതെയാണ്. കണ്ണൂരിലെ ഭൂരിഭാഗം ജില്ലാനേതാക്കളും മണ്ഡലം കമ്മിറ്റി ഭാരവാഹികളും സുധാകരൻ കെപിസിസി അധ്യക്ഷനാകരുതെന്ന അഭിപ്രായക്കാരാണ്. പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ചില പിള്ളേർ മാത്രമാണ് സുധാകരന്റൊപ്പമുള്ളത്. സുധാകരനെതിരെ ഞാൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ഇതുവരെ മറുപടി പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല.

കെ.കരുണാകരൻ ട്രസ്റ്റിനായി ചിറക്കൽ സ്‌കൂൾ ഏറ്റെടുക്കാൻ പിരിച്ച 15 കോടി എവിടെയാണെന്ന് സുധാകരൻ വ്യക്തമാക്കണം. പിരിച്ച പണം ഡയറക്ടർമാരായി ചേർത്തവർക്ക് തിരിച്ചു നൽകിയിട്ടില്ലെന്നാണ് അവർ തന്നെ പറയുന്നത്്. എഡ്യൂ ഹബ് സ്ഥാപിക്കാനായി രൂപീകരിച്ച സൊസൈറ്റി ഇന്നു നിലവിലില്ല. ചിറക്കൽ സ്‌കൂൾ കിട്ടിയില്ലെന്നു മാത്രമല്ല കോൺഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവമാണത്്. സി.പി. എം നിയന്ത്രിത സഹകരണബാങ്കാണ് ഒടുവിൽ സ്‌കൂൾ സ്വന്തമാക്കിയത്. ഇതേ അവസ്ഥ തന്നെയാണ് ഡി.സി.സി ഓഫിസ് നിർമ്മിക്കാനായി ഫണ്ടുപിരിച്ച സംഭവത്തിലുമുണ്ടായത്. ഇതുവരെ ഉദ്ഘാടനം ചെയ്യാൻ കഴിയാത്ത ഡി.സി.സി ഓഫീസിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പിരിച്ച കൈയും കണക്കുമില്ലാത്ത പണം എവിടെക്ക് ഒഴുക്കിയെന്നു വ്യക്തമാക്കാനുള്ള ധാർമിക ഉത്തരവാദിത്വം സുധാകരനുണ്ടെന്ന് മമ്പറം ദിവാകരൻ പറഞ്ഞു.

സുധാകരൻ കെപിസിസി അധ്യക്ഷനായാൽ ഇത്തരം കാര്യങ്ങൾ കൂടുതൽ ആവർത്തിക്കുകയാണ് ചെയ്യുക.കണ്ണൂരിലെ പാർട്ടിയുടെ അവസ്ഥതന്നെയാകും സംസ്ഥാന തലത്തിലും.സ്വന്തം ഗ്രൂപ്പുണ്ടാക്കി അധികാരം നേടാനും പണപ്പിരവ് നടത്താനും മാത്രമേ സുധാകരന് കഴിയുകയുള്ളൂ. ഇതു കോൺഗ്രസ് പോലുള്ള ജനാധിപത്യപാർട്ടിക്ക് ഗുണകരമാവില്ലെന്നും കെപിസിസി അധ്യക്ഷനായി സംശുദ്ധ പൊതുജീവിതത്തിന് ഉടമയായ പി.ടി തോമസിനെയോ, യുവനേതാക്കളായ പി.സി വിഷണുനാഥ്, ഷാഫി പറമ്പിൽ എന്നിവരെയോ പരിഗണിക്കണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു.

പുതുതലമുറയിലെ പ്രതിനിധി രാഹുൽ മാങ്കുട്ടത്തിനെ വരെ കെപിസിസി അധ്യക്ഷനാക്കാം. ഇവരെയൊക്കെ സുധാകരൻ നേതൃത്വത്തിലേക്ക് വരുന്നതിനെക്കാൾ പാർട്ടിക്ക് നൂറിരട്ടി ഗുണം ചെയ്യുമെന്നും ദിവാകരൻ ചൂണ്ടിക്കാട്ടി.