തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക്പോര് തുടരുമെന്ന തന്നെ ലൂചന. ഇന്ന് കൊച്ചിയിൽ സുധാകരൻ നടത്തിയ വാർത്താസമ്മേളനത്തിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു കൊണ്ടാണ് രംഗത്തുവന്നത്. മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് സുധാകരൻ മറുപടി നൽകിയത്. 

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പിണറായിക്ക് നട്ടെല്ലുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സുധാകരൻ വെല്ലുവിളിച്ചു. മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട വിവരം അറിഞ്ഞിട്ടും സ്വന്തം ഭാര്യയോട് പോലും പറയാതിരുന്ന പിണറായി അച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് തനിക്ക് സംശയമുണ്ടെന്നും സുധാകരൻ പറഞ്ഞു. തനിക്കെതിരായ ആരോപമങ്ങൾ തെളിയിക്കാൻ വെല്ലുവിളിച്ച സുധാകരൻ രണ്ട് കൊലപാതകങ്ങളിൽ പിണറായി വിജയന് നേരിട്ട് പങ്കുണ്ടെന്നും വ്യക്തമാക്കി.

'സ്വന്തം അനുഭവം പങ്കുവെക്കാൻ അദ്ദേഹം എഴുതി വായിക്കേണ്ടതുണ്ടോ? എന്റെ അനുഭവം ഞാൻ നിങ്ങളോട് പറയുന്നത് എഴുതിയിട്ടല്ല. അനുഭവം എഴുതി വായിക്കേണ്ട അവസ്ഥ മറ്റാർക്കുമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. 'മക്കളെ തട്ടിക്കൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടെന്ന് പറഞ്ഞ ആളുടെ പേര് പറയുന്നില്ല. ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന എനിക്ക് എന്ത് ഫിനാൻഷ്യറാണ് ഉണ്ടാകുക? വിദ്യാർത്ഥികൾക്ക് എന്ത് ഫിനാനഷ്യറാണ് ഉണ്ടാകുക? മരിച്ചുവെന്ന് പറഞ്ഞ ആളാണ് പറഞ്ഞതെന്നാണ് പിണറായി പറഞ്ഞത്. അയാളുടെ പേര് എന്തുകൊണ്ട് പറയുന്നില്ല. സ്വന്തം കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട വിവരം എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ല.

'രണ്ടാമത്തെ ആരോപണം എനിക്ക് വിദേശ കറൻസി ഇടപാടുണ്ടെന്നാണ്. ആരാ പറയുന്നത്? അഞ്ചു വർഷം കേരളം ഭരിച്ച മുഖ്യമന്ത്രിയാ. അഴിമതിയും സ്വജനപക്ഷപാതവും വെച്ചുപുലർത്തി വിദേശ കറൻസി ഇടപാട് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. അത് എല്ലാവരും അറിഞ്ഞതാണ്. നാല് വർഷം കൂടെ കൊണ്ടുനടന്നു സ്വപ്ന സുരേഷിനെ. എന്നിട്ട് അവസാനം എനിക്കറിയില്ലെന്ന് പറഞ്ഞു. കൊച്ചുകുട്ടികൾ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല. അപാരമായ തൊലിക്കട്ടിയുള്ള ആൾക്കല്ലാതെ ഞാൻ കറൻസി ഇടപാട് നടത്തിയെന്ന് പറയാനാവില്ല.

'മണൽ മാഫിയയുമായി ബന്ധമുള്ള ആളാണ് കെപിസിസി. അധ്യക്ഷനെങ്കിൽ നിങ്ങൾ അന്വേഷിക്കണം. ഭരണം നിങ്ങളുടെ കൈയിൽ ആണല്ലോ. വെടിയുണ്ട കണ്ടെടുത്തപ്പോൾ കോടതിയിൽനിന്ന് ലഭിച്ച തിരിച്ചടി പിണറായിക്ക് ഓർമയുണ്ടോ... ജസ്റ്റിസ് സുകുമാരൻ ആവർത്തിച്ച് പറഞ്ഞു, മാഫിയകളുമായി ബന്ധമുണ്ടെന്ന്. വെടിയുണ്ട കണ്ടെടുത്തത് എന്നിൽ നിന്നല്ല. പിണറായി വിജയനിൽ നിന്നാണ്. ഉണ്ട കൊണ്ടുനടന്നത് പുഴുങ്ങി തിന്നാനല്ലല്ലോ. തോക്കുമായി നടക്കുന്ന പിണറായിയാണോ മാഫിയ ഒരു തോക്ക് പോലും ഇതുവരെ വാങ്ങാത്ത ഞാനാണോ മാഫിയ എന്ന് ജനം പറയട്ടെ.

'സ്‌കൂൾ ഫണ്ടും രക്തസാക്ഷിളുടെ ഫണ്ടും ദുരുപയോഗം ചെയ്തെന്ന് പറഞ്ഞു. ഇതൊന്നും പിണറായി അന്വേഷിക്കേണ്ട. അതിന് എന്റെ പാർട്ടിയുണ്ട്. ഇതിനെ കുറിച്ച് ആരെങ്കിലും പിണറായി പരാതി നൽകിയിട്ടുണ്ടെങ്കിൽ പൊലീസിനെ വെച്ച് അന്വേഷിക്കണം. നട്ടെല്ലുണ്ടെങ്കിൽ എനിക്കെതിരായാ ആരോപണങ്ങളിൽ കേസെടുത്ത് എന്നെ പ്രതിക്കൂട്ടിൽ കയറ്റണം. നട്ടെല്ലുണ്ടെങ്കിൽ അത് കാണിക്കണം. അല്ലാതെ ചീഞ്ഞളിഞ്ഞ മനസ്സ് ഒരു മുഖ്യമന്ത്രി ഭൂഷണമല്ല. ശുദ്ധമായ മനസ്സാവണം ഒരു മുഖ്യമന്ത്രിയുടേത്.- സുധാകരൻ പറഞ്ഞു.