കണ്ണൂർ: കെ.റെയിലിന് പിന്നാലെ വരുന്ന ജലപാതയടക്കമുള്ള വൻകിട പദ്ധതിയുടെ മറവിൽ കമ്മിഷനടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി.പ്രസിഡന്റ് കെ.സുധാകരൻ എംപി ആരോപിച്ചു കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കുക, പെട്രോൾ-പാചക വാതക വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.ഡി.എഫ് നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജലപാതയുടെ പേരിൽ വികസനമല്ല നടത്തുന്നത് മരാമത്ത് പണിയുടെ മറവിൽ ലാഭം അടിച്ചെടുക്കുന്നതിലാണ് കണ്ണ്. പാൽ ചുരത്തുന്ന പശുവിന്റെ അകിടിന്റെ കൊതുക് കടിച്ചാലും കുടിക്കുക പാലല്ല ചോരയാണ്.ഈ സർക്കാരും അങ്ങനെയാണ് ഏതു തൊട്ടാലും തൊട്ടതിന്റെ മുകളിൽ പണമാണ് അടിച്ചുമാറ്റുന്നത് 'എത്രയും മഹത്തായ സ്ഥാപനങ്ങളുടെ പ്രവൃത്തിയിൽ പോലും കമ്മിഷനടിച്ച സർക്കാരാണിത്.മുഖ്യമന്ത്രിയുടെ ഓഫിസിൽ കേന്ദ്ര ഏജൻസികൾ കയറിയിറങ്ങിയ കാലം വേറെയുണ്ടോയെന്നും സുധാകരൻ പറഞ്ഞു.

ഡിസിസി ജനറൽ സെക്രട്ടറി മുണ്ടേരി ഗംഗാധരൻ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്,മേയർ അഡ്വ.ടി ഒ മോഹനൻ, ഡപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, മുസ്ലിം ലീഗ് നേതാവ് കെ പി താഹിർ, സി എം പി നേതാവ് സുനിൽകുമാർ,വൽസൻ അത്തിക്കൽ, ജോസ് വേലിക്കത്ത്, അഡ്വ. മനോജ് കുമാർ, സുരേഷ്ബാബു എളയാവൂർ, ഡിസിസി ജനറൽ സെക്രട്ടറി റഷീദ് കവ്വായി തുടങ്ങിയവർ പങ്കെടുത്തു.