കോഴിക്കോട് : കേരളം ഇത് ആദ്യമായി ശക്തമായ മൂന്നാം ബദലിനായി വോട്ടുചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിന് കേരളത്തിൽ ഇടംനേടിത്തരുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്. ഉജ്ജ്വലമായ മുന്നേറ്റമായിരിക്കും എൻഡിഎ നടത്താൻ പോകുന്നത്.

എൻഡിഎയുടെ കരുത്തുറ്റ മുന്നേറ്റമാകും ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രണ്ട് മുന്നണികൾക്കും തിരിച്ചടിയുണ്ടാകും. സീറ്റുകളുടെ കുറവുണ്ടാകും. വോട്ടിന്റെ കാര്യത്തിലും വലിയ ഇടിവുണ്ടാകും. സീറ്റിന്റെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും ഏറ്റവും ശക്തമായ മുന്നേറ്റം നടത്തുക എൻഡിഎയായിരിക്കും.

നേമത്തെ ബിജെപി അക്കൗണ്ട് ഇത്തവണ പൂട്ടിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കെ സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പിലെ അക്കൗണ്ടൊക്കെ മുഖ്യമന്ത്രിയുടെ പോക്കറ്റിലാണെന്നാണോ വിചാരിക്കുന്നത് ?. ജനങ്ങളാണ് യജമാനന്മാർ. ജനങ്ങൾ തീരുമാനിക്കുന്നത് പോലെയാണ് വോട്ടുണ്ടാകുന്നത്. നേമം ഉൾപ്പെടെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മൽസരമാണ് നടക്കുന്നത്. എൻഡിഎ മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

35 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന വാദം സുരേന്ദ്രൻ ആവർത്തിച്ചു. ഈ വാദത്തിൽ ഉറച്ചുനിൽക്കുന്നു. സാഹചര്യങ്ങൾ നേരത്തെ പറഞ്ഞതിനേക്കാൾ കൂടുതൽ ശക്തമായ മുന്നേറ്റമാണ് ഉണ്ടാകുക. ഒട്ടുമിക്ക മണ്ഡലങ്ങളിലും അട്ടിമറി വിജയം എൻഡിഎ നേടും. മുല്ലപ്പള്ളിയുടെ പ്രസ്താവന എൻഡിഎയ്ക്കല്ല, യുഡിഎഫിനും എൽഡിഎഫിനുമാണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പരസ്പരം കടിച്ചുകീറിയിരുന്ന മുന്നണികൾ വോട്ടു യാചിക്കേണ്ട സ്ഥിതിയിലെത്തിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.