നാദാപുരം: ബിജെപിയിൽ പുനഃസംഘടന തുടരുമെന്നും സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി അച്ചടക്കം പരമപ്രധാനമാണ്. അച്ചടക്കം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുക്കിയ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നാദാപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം. നേതാക്കളുടെ പെരുമാറ്റവും പ്രവർത്തനവും കൃത്യമായി വിലയിരുത്താൻ പാർട്ടിക്ക് സംവിധാനമുണ്ട്.

പാർട്ടി കമ്മിറ്റികൾ ചെറുതാക്കും. പാർട്ടി ഭാരവാഹികൾ സമൂഹമാധ്യമങ്ങൾ ഇടപെടുമ്പോൾ അതീവശ്രദ്ധ പുലർത്തണം. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുനഃ സംഘടനയിൽ അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. കാസർഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലാകളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്. പത്തനംതിട്ടയിൽ വി. എ സൂരജിനെയും കോട്ടയത്ത് ജി. ലിജിൻ ലാലിനെയും പാലക്കാട് കെ എം ഹരിദാസിനേയും വയനാട് കെ.പി മധുവിനെയും കാസർഗോഡ് രവീശ തന്ത്രിയെും പുതിയ പ്രസിഡന്റുമാരായി നിയോഗിച്ചു.

പി.രഘുനാഥ്, ബി.ഗോപാലാകൃഷ്ണൻ, ശിവൻകുട്ടി എന്നിവരെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. കെ.ശ്രീകാന്ത്, ജെ.ആർ പത്മകുമാർ,രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവരാണ് പുതിയ സെക്രട്ടറിമാർ.ട്രഷററായി ഇ. കൃഷ്ണദാസിനെയും വക്താക്കളായി കെവി എസ് ഹരിദാസ്, സന്ദീപ് വാചസ്പതി, ടിപി സിന്ധുമോൾ, നാരായണൻ നമ്പൂതിരി, സന്ദീപ് ജി. വാര്യർ എന്നിവരെയും നിയോഗിച്ചു.

ദേശീയ കൗൺസിലിലേക്ക് ജി രാമൻ നായരെയും എംഎസ് സമ്പൂർണയെയും നടനായ ജി കൃഷ്ണകുമാറിനെയും ജി. ഗിരീഷനെയും നിയോഗിച്ചു. ഓഫീസ് സെക്രട്ടറിയായി ജയരാജ് കൈമളിനെയും കിസാൻ മോർച്ച സംസ്ഥാന അദ്ധ്യക്ഷനായി ഷാജി ആർ നായരെയും നിയമിച്ചു. സംസ്ഥാന കമ്മറ്റി മെമ്പറായി സജി ശങ്കർ, സെൽ കോർഡിനേറ്ററായി അശോകൻ കുളനട, സോണൽ പ്രസിഡന്റുമാരായി കെ. സോമൻ (തിരുവനന്തപുരം), എൻഹരി (എറണാകുളം സോൺ), വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ(പാലക്കാട് സോൺ) ടിപി ജയചന്ദ്രൻ മാസ്റ്റർ (കോഴിക്കോട് സോൺ) എന്നിവരെയും പുതുതായി നിയോഗിച്ചു.

സോണൽ ഓർഗനൈസേഷൻ സെക്രട്ടറിമാരായി കോ വൈ സുരേഷ് (തിരുവനന്തപുരം), എൽ പത്മകുമാർ(ഏറണാകുളം), കെ.പി സുരേഷ് (പാലക്കാട്), ജി കാശിനാഥ് (കോഴിക്കോട്) എന്നിവരെയും പുതുതായി നിയോഗിച്ചിട്ടുണ്ട്.