തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ എൻഡിഎ സ്ഥാനാർത്ഥി സികെ ജാനുവിന് കെ സുരേന്ദ്രൻ പണം നൽകിയെന്ന ആരോപണത്തിന് കരുത്തു പകരുന്ന മറ്റൊരു സംഭാഷണവും പുറത്ത്. ജെആർപി ട്രഷറർ പ്രസീത അഴിക്കോടിന്റെ ആരോപണത്തിൽ പുതിയ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടു. പണം നൽകുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പണം നൽകുന്നതിനെ കുറിച്ച് ബിജെപിയിലെ പി കെ കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയിൽ സുരേന്ദ്രൻ പറയുന്നത്.

'ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് (ജാനുവിനോട്) പറയണം. ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗിൽവെച്ചിട്ട് ഇന്നലെമുതൽ അങ്ങോട്ടും ഇങ്ങോട്ടും ഇതുകൊണ്ടുനടക്കുകയാണ്. രാവിലെ ഒരു ഒമ്പത് ഒമ്പതേകാലാകുമ്പോൾ ഞാൻ വരാം', എന്നാണ് പണം നൽകാൻ ഹോട്ടൽ മുറിയിൽ വരുന്നതിന് മുമ്പുള്ള സംഭാഷണത്തിലുള്ള സുരേന്ദ്രന്റെ ആവശ്യം.

പണം നൽകുന്നത് കൃഷ്ണദാസ് അറിയരുത്. അത് ജാനുവിനോട് പറയണം എന്നാണ് രാവിലെ ഏഴിന് ഫോൺ വിളിച്ചപ്പോൾ സുരേന്ദ്രൻ ആവശ്യപ്പെട്ടതെന്നാണ് പ്രസീതയുടെ ആരോപണം. ഇതിന് മുമ്പ് പലതവണ വിളിച്ചിരുന്നെങ്കിലും എൻഡിഎയിലേക്ക് തിരികെ വരാൻ അവർക്ക് താൽപര്യം ഉണ്ടായിരുന്നില്ല. പിന്നീട് താൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് സുരേന്ദ്രൻ ജാനുവിനെ മുന്നണിയിൽ എത്തിച്ചതെന്ന് പ്രസീത പറഞ്ഞു. മുസ്ലിം ലീഗിൽ നിന്നും ക്ഷണം ലഭിച്ചതിനാലാണ് ജാനു എൻഡിഎയിലേക്ക് പോകാൻ തയ്യാറാകാതിരുന്നത്. അതിനാലാണ് തങ്ങൾക്ക് ഇടപെടേണ്ടതായി വന്നതെന്നും പ്രസീത നേരത്തെ പറഞ്ഞിരുന്നു.

അതേസമയം ഏഷ്യാനെറ്റ് പുറത്തുവിട്ട ശബ്ദരേഖയെ തള്ളി കൊണ്ടാണ് സുരേന്ദ്രൻ രംഗത്തുവന്നത്. ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീർക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഓഡിയോ ക്‌ളിപ്പുകളിൽ കൃത്രിമം കാണിച്ച് കള്ളപ്രചാരണം നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. മറ്റുള്ള ചാനലുകളിലെ സി. പി. എം പ്രവർത്തകരെയും ഇതിന് കൂട്ടുപിടിക്കുകയാണെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സികെ ജാനുവിന്റെ വീട്ടിൽ പോയി മുന്നണി മാറ്റത്തെ കുറിച്ച് സംസാരിച്ച ഘട്ടത്തിൽ, കൃഷ്ണദാസ് വിളിച്ച കാര്യം അവർ പറഞ്ഞിരുന്നു. എന്നാൽ അങ്ങിനെയൊരു തീരുമാനം ഇപ്പോഴെടുക്കേണ്ട എന്നായിരുന്നു സികെ ജാനുവിന്റെ നിലപാടെന്നാണ് പുറത്തുവന്ന പുതിയ സംഭാഷണത്തെ കുറിച്ച് പ്രസീത പ്രതികരിച്ചത്. ആ സമയത്ത് മുസ്ലിം ലീഗ് ഒരു സീറ്റ് വാഗ്ദാനം ചെയ്ത് നിൽക്കുന്നതായതുകൊണ്ടാണ് അങ്ങിനെ ഒരു നിലപാട് എടുത്തതെന്നാണ് ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ അത് നടക്കാതെ പോയി. പിന്നീടാണ് കെ സുരേന്ദ്രനുമായി ഒരു കൂടിക്കാഴ്ച നടത്തണമെന്ന് പറഞ്ഞത്. അപ്പോൾ അനുകൂല നിലപാട് സ്വീകരിച്ചു.

ബിജെപിക്ക് അകത്തെ ചേരിതിരിവ് കൊണ്ടാകാം കൃഷ്ണദാസിനോട് ഇക്കാര്യം പറയേണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞത്. വിട്ടുപോയ ഘടകകക്ഷികളെ തിരികെ കൊണ്ടുവരണമെന്ന ഒരു തീരുമാനം ഉണ്ടായിരുന്നു. സികെ ജാനുവിനെ കൊണ്ടുവരണമെന്ന് കൃഷ്ണദാസും സുരേന്ദ്രനും തീരുമാനിച്ചിട്ടുണ്ടാകാം. കൃഷ്ണദാസ് അറിയുന്നതിൽ ഒരു പേടി അദ്ദേഹത്തിനുണ്ടായിരുന്നു. കൊടുക്കുന്നതിന് ഒരു മണിക്കൂർ മുൻപേയാണ് ഞങ്ങൾ സംസാരിച്ചതെന്നും പ്രസീത പറഞ്ഞു.