തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ സിപിഎമ്മിനെയും സർക്കാറിനെയും പ്രതിരോധത്തിലാക്കുന്ന വിധത്തിലുള്ള പ്രസ്താവനകളുമായി ബിജെപി രംഗത്തെത്തി. സ്വപ്‌ന സുരേഷിന്റെ മൊഴിയിലെ ഉന്നതൻ ഈശ്വരന്റെ പേരുള്ള ആളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ഭരണഘടന പദവിയിലുള്ളവരും സ്വർണ്ണക്കടത്ത് സംഘത്തെ സഹായിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രിയും പാർട്ടിയും മൗനം പാലിക്കുക്കുകയാണെന്നും. സത്യം പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഭഗവാന്റെ പേരുള്ളവരാണ് ഇതിന്റെ പിന്നിൽ, എല്ലാം ഭഗവാന്റെ പര്യായ പദങ്ങളാണ് സുരേന്ദ്രൻ പറയുന്നു. സ്വർണ്ണക്കടത്ത് കേസിൽ റിവേഴ്‌സ് ഹവാലയ്ക്ക് ഉന്നതരുടെ സഹായമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഭരണ ഔദ്യോഗിക സംവിധാനങ്ങൾ ഇതിനായി ദുരുപയോഗപ്പെടുത്തിയെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. കോടതി തന്നെ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് ധാർമ്മികമായി അവകാശമില്ലെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് വച്ച് പറഞ്ഞു. ഉന്നതർ ഗ്രീൻ ചാനൽ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നും രഹസ്യമൊഴി പുറത്ത് വരുമ്പോൾ പലർക്കും കുറ്റവാളികളുടെ മുഖമാഖുമെന്നുമാണ് സുരേന്ദ്രന്റെ അവകാശവാദം.

മുഖ്യമന്ത്രി കണ്ണൂരിൽ പോയത് പ്രചാരണത്തിനായിട്ടല്ലെന്നും ഊരാളുങ്കൽ വിവാദത്തിലെ ചർച്ചയ്ക്കാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെ മുഖ്യമന്ത്രിക്ക് ധർമ്മടത്ത് പോകാതിരിക്കാനാകില്ലെന്നാണ് സുരേന്ദ്രന്റെ പരിഹാസം. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഓഫീസ്, മന്ത്രിമാർ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ സെക്രട്ടറിമാർ തുടങ്ങിയവരാണ് ഇപ്പോൾ പ്രതിസ്ഥാനത്തുള്ളത്. ഭരണഘടനാപരമായി നമ്മുടെ നാടിനെ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള ചില ആളുകൾ നേരിട്ട് കള്ളക്കടത്ത് സംഘത്തെ സഹായിച്ചു എന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം.

ഈ സംഭവങ്ങൾ പുറത്തുവരുമ്പോൾ, വാർത്ത തിരിച്ചുവിടാനാണ് ഭരണനേതൃത്വം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും സി പി എം സെക്രട്ടറിയും സി പി എം കേന്ദ്രനേതൃത്വവും ഇക്കാര്യത്തിൽ കുറ്റകരമായ മൗനം തുടരുകയാണ്. വർഗീയത ഇളക്കിവിട്ടും സാമുദായിക വികാരം ഉണ്ടാക്കിയും തിരഞ്ഞെടുപ്പിൽ ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.