കാസർകോഡ്: ഈ ശ്രീധരന്റെ സൗകര്യവും താൽപ്പര്യവും പരിഗണിച്ചാവും അദ്ദേഹത്തിന്റെ മണ്ഡലം തീരുമാനിക്കുക എന്ന് കെ സുരേന്ദ്രൻ. ഇ ശ്രീധരൻ മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യനാണെന്നും കേരളത്തിൽ പാർട്ടിക്ക് പരിഗണിക്കാവുന്ന ഏറ്റവും നല്ല മുഖ്യമന്ത്രി സ്ഥാനാർത്ഥി ശ്രീധരനാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

മഞ്ചേശ്വരത്ത് ഇന്ന് ആരംഭിക്കുന്ന സംസ്ഥാന തല ജാഥയുടെ മുന്നോടിയായാണ് കെ സുരേന്ദ്രന്റെ പ്രതികരണം. ഇ ശ്രീധരന്റെ പാർട്ടി പ്രവേശനം പെട്ടന്നുണ്ടായതല്ല. കഴിഞ്ഞ നാല് മാസത്തോളം ശ്രീധരനുമായി പാർട്ടി പ്രവേശനത്തിൽ ചർച്ച നടന്നിരുന്നു. അതിന് ശേഷമാണ് പാർട്ടി പ്രവേശന വിഷയം മാധ്യമങ്ങളെ അറിയിച്ചത്. ഇ ശ്രീധരന്റെ വരവോട് കൂടി നിരവധിപ്പേർ പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നുണ്ട്. ശ്രീധരൻ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി തീരുമാനം യാത്രക്ക് ശേഷമേ ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നത് സംബന്ധിച്ച് കേന്ദ്രനേതൃത്വം തീരുമാനമെടുക്കും. തന്റെയും ശോഭാസുരേന്ദ്രന്റെയും ഒക്കെ സ്ഥാനാർത്ഥിത്വം ജാഥ പൂർത്തിയായതിന് ശേഷമെ കൃത്യമായി പറയാൻ പറ്റുവെന്നും സുരേന്ദ്രൻ പറഞ്ഞു.മഞ്ചേശ്വരം വിജയസാധ്യതയുള്ളവരെയാണ് പരിഗണിക്കുക.മഞ്ചേശ്വരത്ത് വിജയസാധ്യതയുള്ളവരെ പരിഗണിക്കും. അവസാന നിമിഷത്തെ അടിയൊഴുക്കുകൾ കൊണ്ടാണ് മഞ്ചേശ്വരത്ത് പലപ്പോഴും വിജയിക്കാൻ സാധിക്കാതെ പോയത്. വിജയസാധ്യതയുള്ള പ്രാദേശികമായും ധാരാളം ആളുകൾ ഇന്ന് പാർട്ടിയിൽ ഉണ്ട്. അത് കൂടി പരിഗണിച്ചാവും സ്ഥാനാർത്ഥിയെ തീരുമാനിക്കുക

തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള ആദ്യപടിയായാണ് വിജയ് യാത്ര സംഘടിപ്പിക്കുന്നത്. പുതിയൊരു കേരളം എന്ന മുദ്രാവാക്യവും അതിന് അനുബന്ധമായ വിഷയങ്ങളുമാണ് വിജയയാത്രയിലൂടെ ബിജെപി. മുന്നോട്ടുവെക്കുന്നത്. സംസ്ഥാന വികസനം, ജനങ്ങളുടെ സന്തോഷം എന്നിവയെല്ലാം വർഷങ്ങളായി നിഷേധിക്കപ്പെടുകയാണ്. മാറിമാറി ഭരിച്ച ഇരുമുന്നണികളുടെയും ദീർഘവീക്ഷണമില്ലാത്ത സമീപനമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.

ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത വിധത്തിലാണ് കേന്ദ്ര സർക്കാർ കേരളത്തിന് സഹായവും വികസനപദ്ധതികളും നൽകുന്നത്. ഇവ സാധാരണക്കാരന് പ്രയോജനപ്പെടുത്താൻ കേരളം ശ്രമിക്കുന്നില്ല.ഇന്നലെ ഉമ്മൻ ചാണ്ടി ചെയ്തത് ഇന്ന് പിണറായി വിജയൻ കുറെക്കൂടി സംഘടിതമായി ചെയ്യുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. കേരളത്തിലെ ന്യൂനപക്ഷത്തോടുള്ള വർഗീയ പ്രീണനത്തെ കുറിച്ച് ഞങ്ങൾ വർഷങ്ങളായി പറയുന്നു. പ്രീണനം അതിന്റെ പാരമ്യത്തിലാണിപ്പോൾ. അതിനെതിരേയും കൂടിയാണ് യാത്രയെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇത്തവണ ശക്തമായ സാന്നിധ്യമാകും.കേരളത്തിൽ സർക്കാർ ഉണ്ടാക്കാൻവേണ്ടി തന്നെയാണ് ഞങ്ങൾ ശ്രമിക്കുന്നത്. അടുത്ത സർക്കാർ ആരുണ്ടാക്കണം എന്ന് തീരുമാനിക്കുന്നതിൽ ഞങ്ങൾ ഒരു നിർണായകഘടകം തന്നെയാകും. ഞങ്ങൾ ഇവിടെ രണ്ട് മുന്നണികളെയും ഒരുപോലെ എതിർക്കുന്നു. മുഖ്യശത്രു അല്ല, തുല്യ എതിരാളികളാണ് ഇരുമുന്നണികളും. ഏതെങ്കിലും ഒരു മുന്നണിയെ തോൽപ്പിക്കാൻ രണ്ടാമത്തെ മുന്നണിയെ സഹായിക്കും എന്നൊരു രാഷ്ട്രീയ ലൈൻ ഇല്ല.

ഒരു മുന്നണിയോടും അനുഭാവമോ വിദ്വേഷമോ ഇല്ല. ശക്തമായ ത്രികോണ മത്സരംതന്നെ നടത്താനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.