തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന് എതിരെ വീണ്ടും ഫേസ്‌ബുക്ക് കുറിപ്പുമായി കെ.ടി.ജലീൽ. പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളു എന്ന തലക്കെട്ടിലാണ് അഭയ കേസുമായി ബന്ധപ്പെട്ട പോസ്റ്റ്. അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്റെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത് നമ്മുടെ 'കഥാപുരുഷൻ ഏമാന്റെ'( സിറിയക് ജോസഫ്) ഭാര്യയുടെ സഹോദരിയെയാണ്.

അഭയയുടെ കൊലപാതകത്തിലെ പ്രതികളെ നാർക്കോ ടെസ്റ്റ് നടത്തിയ ബാംഗ്ലൂരിലെ ഫൊറൻസിക്ക് ലാബിൽ അദ്ദേഹം മിന്നൽ സന്ദർശനം നടത്തി, അനധികൃതമായി ഇടപെട്ടുവെന്നാണ് ജലീൽ പോസ്റ്റിൽ ആരോപിക്കുന്നത്.

'പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളൂ'

അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്റെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത് നമ്മുടെ 'കഥാപുരുഷൻ ഏമാന്റെ' ഭാര്യയുടെ സഹോദരിയെയാണ്. (ജോമോൻ പുത്തൻപുരക്കലിനോട് കടപ്പാട്) തന്റെ ബന്ധു ഉൾപ്പടെയുള്ളവർ നടത്തിയ നാടിനെ ഞെട്ടിച്ച അഭയ എന്ന പാവം കന്യാസ്ത്രീയുടെ ഭീകര കൊലപാതകത്തിലെ പ്രതികളെ നാർക്കോ ടെസ്റ്റ് നടത്തിയ ബാംഗ്ലൂരിലെ ഫൊറൻസിക്ക് ലാബിൽ അദ്ദേഹം മിന്നൽ സന്ദർശനം നടത്തി.

അതുമായി ബന്ധപ്പെട്ട് അവിടുത്തെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ: എസ് മാലിനി സിബിഐ അഡീഷണൽ എസ്‌പി നന്ദകുമാർ നായർക്ക് നൽകിയ മൊഴിയുടെ പൂർണ്ണ രൂപമാണ് ഇതോടൊപ്പം ഇമേജായി ചേർക്കുന്നത്. പച്ച നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാരഗ്രാഫിന്റെ ആദ്യ വാചകത്തിന്റെ മലയാള പരിഭാഷയാണ് താഴെ.

'കർണാടക ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് സിറിയക് ജോസഫല്ലാതെ മറ്റാരുമല്ല ബാംഗ്ലൂർ എഫ്എസ്എല്ലിൽ ഞങ്ങളെ സന്ദർശിച്ചത്. കുറ്റക്കാരെന്ന് സംശയിക്കപ്പെട്ട മൂന്നുപേർ ഉൾപ്പെടെയുള്ളവരിൽ (അതായത് ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി) ഞാൻ നടത്തിയ നാർക്കോ അനാലിസിസിന്റെ വിശദാംശങ്ങൾ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തിരുന്നുവെന്ന സത്യം താങ്കളിൽ ആശ്ചര്യമുളവാക്കിയേക്കാം. ഇത് 30.06.2009 ന് ഞാൻ താങ്കൾക്ക് നൽകിയ മൊഴിയിലുണ്ട്'.

തെളിവു സഹിതം ഞാൻ മുന്നോട്ടുവെച്ച വാദങ്ങൾക്കൊന്നും പ്രതിപക്ഷ നേതാവോ മുൻ പ്രതിപക്ഷ നേതാവോ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ വസ്തുതാപരമായി പ്രതികരിച്ചതായി കണ്ടില്ല. ഇക്കാര്യത്തിൽ ഒരു തുറന്ന സംവാദത്തിന് യുഡിഎഫ് നേതാക്കളായ മേൽപ്പറഞ്ഞവരിൽ ആരെങ്കിലും തയ്യാറുണ്ടോ?

എല്ലാ കാര്യത്തിലും അഭിപ്രായം പറയാറുള്ള കോട്ടയം രാഷ്ട്രീയത്തിന്റെ അകവും പുറവും അറിയുന്ന മുൻ ചീഫ് വിപ്പ് പി.സി ജോർജ് എന്താണ് ഇപ്പോഴും മൗനിയായി തുടരുന്നത്?