ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയ പാർലമെന്ററി സമിതി സ്വരം കടുപ്പിച്ചതോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഉൾപ്പെട്ട മത​ഗ്രന്ഥ വിതരണ വിവാദത്തിൽ വിശദമായ റിപ്പോർട്ട് നൽകാമെന്ന് ഉദ്യോ​ഗസ്ഥരുടെ ഉറപ്പ്. വിഷയം തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ, സമിതിയിലെ അം​ഗമായ എൻ കെ പ്രേമചന്ദ്രൻ എംപി കാര്യങ്ങളുടെ ​ഗൗരവം വിശദമാക്കിയതോടെയാണ് വിശദമായ റിപ്പോർട്ട് നൽകാമെന്ന് പാർലമെന്ററി സ്ഥിരം സമിതിയിൽ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഉറപ്പു നൽകിയത്.

വിദേശകാര്യ മന്ത്രാലയ സമിതിയിൽ എൻ.കെ. പ്രേമചന്ദ്രനാണ് വിഷയം ഉന്നയിച്ചത്. അൽഫോൻസ് കണ്ണന്താനം, മീനാക്ഷി ലേഖി തുടങ്ങിയവർ പിന്തുണച്ചു.കഴിഞ്ഞ യോഗത്തിലും പ്രേമചന്ദ്രൻ വിഷയം ഉന്നയിച്ചതാണെന്നും ഒഴുക്കൻ മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നും സമിതി അധ്യക്ഷൻ പി. പി. ചൗധരി പറഞ്ഞു. വിഷയം തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ, കേരളത്തിൽ വിഷയം സജീവ ചർച്ചയാണെന്നും താനും യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും പ്രധാനമന്ത്രിക്കു കത്തെഴുതിയതാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

നയതന്ത്രമെന്നതിൽ മതപരമായ നയതന്ത്രവും ഉൾപ്പെടുമോയെന്നും പ്രോട്ടോക്കോൾ ലംഘനമുണ്ടായോ എന്നിവയിലെല്ലാം വാസ്തവമറിയാൻ ജനത്തിന് അവകാശമുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു. വിദേശത്തുനിന്നു കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി സമിതി ഇന്നു ചർച്ച നടത്തും.

മന്ത്രി ജലീൽ മതവിശ്വാസത്തെ ഉപയോഗപ്പെടുത്തി കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതായാണ് പ്രതിപക്ഷം ആവർത്തിച്ച് ആരോപിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തെ ജലീൽ ദുരുപയോഗം ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. യു.എ.ഇ കോൺസുലേറ്റ് വഴി വന്ന പാഴ്സലിൽ വിശുദ്ധഗ്രന്ഥങ്ങളാണെന്നും ഇത് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തിട്ടുണ്ടെന്നുമായിരിന്നു ജലീലിന്റെ വിശദീകരണം. വഖഫിന്റെ ചുമതലയുള്ള മന്ത്രിയായതുകൊണ്ടാണ് ഖുറാൻ എത്തിക്കാൻ യു.എ.ഇ സമീപിച്ചതെന്നും മന്ത്രി പറഞ്ഞിരിന്നു.എന്നാൽ കേസിൽ നിന്ന് രക്ഷപെടാൻ വിശുദ്ധഗ്രന്ഥത്തെ ഉപയോഗപ്പെടുത്തുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

വിവാദങ്ങളിലേക്ക് വിശൂദ്ധഗ്രന്ഥത്തെ വലിച്ചിഴച്ചത് ശരിയല്ലെന്ന നിലപാട് ലീഗിനുമുണ്ട്. ജലീലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ രാഷട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷത്തേയും സ്വാഗതം ചെയ്യുന്നുവെന്നാണ് ജലീൽ വ്യക്തമാക്കുന്നത്.