ന്യൂഡൽഹി: മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്ന് വീണു. പൈലറ്റുമാരിൽ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്.

കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകൾ തിരച്ചിൽ നടത്തുകയാണെന്ന് നാവിക സേന അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന പ്രസ്താവനയിൽ വ്യക്തമാക്കി.

അറബിക്കടലിൽ ഐഎൻഎസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്.

ഈ വർഷം ഫെബ്രുവരിയിൽ ഗോവയിൽ പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനം തകർന്ന് വീണിരുന്നു.