തിരുവനന്തപുരം: ഇടഞ്ഞു നിന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് സമരസപ്പെട്ടു അനുനയ പാതയിൽ എത്തിയത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഫോൺവിളിയിൽ. തന്നെ പതിവായി തഴയുന്നു എന്ന വികാരമായിരുന്നു കെ വി തോമസിനെ നയിച്ചത്. അതുകൊണ്ടാണ് അദ്ദേഹം ഉടക്കുമായി രംഗത്തുവന്നത്. ഇപ്പോൾ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനമാണ് നേതാക്കൾ തോമസിന് മുന്നിലേക്ക് വെച്ചിരിക്കുന്നത്. അധികം താമസിയാതെ നിയമന ഉത്തരവ് പുറത്തിറങ്ങഉമെന്നാണ് ലഭിക്കുന്ന വിവരം.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു സംസാരിച്ചതിനെ തുടർന്നു തലസ്ഥാനത്ത് എത്തിയ കെ.വി.തോമസ് നേതാക്കളായ അശോക് ഗെലോട്ട്, താരിഖ് അൻവർ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ 'ഇന്ദിരാ ഭവനിൽ'എത്തി കണ്ടു. ഉപാധികളില്ലെന്നും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്നും ചർച്ചയ്ക്കു ശേഷം തോമസ് വ്യക്തമാക്കി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടശേഷം തനിക്കു നീതി ലഭിച്ചില്ലെന്നു നേതാക്കളോടു തോമസ് പറഞ്ഞു. തന്റെ സീനിയോറിറ്റി കണക്കിലെടുത്തു പാർട്ടിയിൽ ഒരു പദവിയാണ് അഭ്യർത്ഥിച്ചത്. ഒടുവിൽ ബോധപൂർവം അവഹേളിക്കുന്നു എന്നു തോന്നിയതോടെയാണു വാർത്താ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. സിപിഎമ്മിലേക്കു പോകുമെന്നു താൻ ആരോടും പറഞ്ഞിട്ടില്ല. സിപിഎം നേതാക്കളുമായി രാഷ്ട്രീയ ചർച്ചയും നടത്തിയിട്ടില്ല. സോണിയ ഗാന്ധി വിളിച്ചു സംസാരിച്ചതോടെ എല്ലാ പ്രശ്‌നവും തീർന്നു.

നേരത്തേ അദ്ദേഹത്തെ പരിഗണിച്ച വർക്കിങ് പ്രസിഡന്റ് പദവി നൽകാമെന്ന സൂചന നേതാക്കൾ നൽകി. കോൺഗ്രസ് അധ്യക്ഷയുടെ നിർദേശാനുസരണം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു. നിയമസഭാ സീറ്റിനായി തോമസ് നിർബന്ധം പിടിച്ചില്ലെന്നും അറിയുന്നു. തന്റെ മകൾക്കായി സീറ്റ് ചോദിക്കാൻ പോകുന്നു എന്ന പ്രചാരണം അദ്ദേഹം തള്ളി.

തനിക്കെതിരേ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ അപവാദപ്രചാരണങ്ങൾ നടക്കുന്നതായും സ്വന്തം തട്ടകമായ എറണാകുളത്ത് പാർട്ടി കാര്യങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നും തോമസ് ഗെലോട്ടുമായുള്ള ചർച്ചയിൽ പരാതിയായി ഉന്നയിച്ചു. എന്നാൽ, പാർട്ടി വിടുമെന്ന പ്രചാരണം മാധ്യമങ്ങളിലുണ്ടായിട്ടും എന്തുകൊണ്ട് കെ.വി.തോമസ് നിഷേധിച്ചില്ലെന്ന സോണിയാ ഗാന്ധിയുടെ ചോദ്യത്തിന് ഇങ്ങനെ ആരോടും താൻ പറഞ്ഞിട്ടില്ലെന്നും അതിനാലാണ് നിഷേധിക്കാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു.

കെ.വി.തോമസിന് സ്വാഭാവികമായി ചില പ്രശ്നങ്ങളുണ്ടായി. അത് ചർച്ച ചെയ്തുവരുന്നു. അദ്ദേഹം എങ്ങോട്ടും പോകില്ല- ചെന്നിത്തല പുറഞ്ഞു. അദ്ദേഹം മുതിർന്ന നേതാവാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ചില പ്രശ്നങ്ങൾ അദ്ദേഹം ഉന്നയിച്ചുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞതോടെ എല്ലാ പ്രശ്‌നങ്ങളും താൽക്കാലികമായി തീരുകയായിരുന്നു.