തിരുവനന്തപുരം: കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ കൂടി എത്തിയതോടെ ത്രികോണ മത്സരമാണ് നടക്കുന്നത്. ശബരിമലയാണ് ശോഭ സുരേന്ദ്രന്റെ വജ്രായുധം. കഴിഞ്ഞ ദിവസത്തെ കഴക്കൂട്ടം നിയോജക മണ്ഡലം കൺവൻഷനിൽ ശോഭ സുരേന്ദ്രൻ എതിരാളിയായ ഇടതുസ്ഥാനാർ്ത്ഥി കടകംപള്ളി സുരേന്ദ്രനെ കടന്നാക്രമിച്ചു. 'അയ്യപ്പന്റെ ആചാരം തകർക്കാൻ അധികാരം ഉപയയോഗിച്ച കടകംപള്ളി സുരേന്ദ്രന്റെ അധികാരത്തിന്റെ ദണ്ഡു കഴക്കൂട്ടത്തെ ജനങ്ങൾ തിരിച്ചെടുക്കണം. തന്നെ കൊല്ലാൻ വന്ന പൂതനയെ ശ്രീകൃഷ്ണൻ തിരിച്ചറിഞ്ഞത് പോലെ കഴക്കൂട്ടത്തെ വിശ്വാസസമൂഹം കടകംപള്ളിയെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ജനാധിപത്യത്തിലെ പൂതനാമോക്ഷമാണ് കഴക്കൂട്ടത്തു നടക്കാൻ പോകുന്നത്. ശബരിമലയിലെ ആചാരം തകർക്കാൻ ശ്രമിച്ചതിന് ബാലറ്റിലൂടെ ജനങ്ങൾ മറുപടി നൽകും.' ശോഭ സുരേന്ദ്രന്റെ 'പൂതന' പരാമർശനത്തിൽ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. താൻ തൊഴിലാളിവർഗ സംസ്‌കാരത്തിൽ വളർന്നുവന്ന നേതാവാണെന്നും സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശോഭയെ ജനം വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടകംപ്പള്ളി സുരേന്ദ്രൻ അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പരാമർശം. കഴക്കൂട്ടത്തെ വിശ്വാസികൾ കൃഷ്ണന്മാരായി മാറുമെന്നും ശബരിമല സംബന്ധിച്ച കടകംപ്പള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളൽ ആണെന്നും ശോഭ ആരോപിച്ചിരുന്നു.

ശോഭ സുരേന്ദ്രന്റെ പ്രസംഗം

അയ്യപ്പന്റെ ആചാരം തകർക്കാൻ അധികാരം ഉപയോഗിച്ച കടകംപള്ളി സുരേന്ദ്രന്റെ അധികാരത്തിന്റെ ദണ്ഡു കഴക്കൂട്ടത്തെ ജനങ്ങൾ തിരിച്ചെടുക്കണം. തന്നെ കൊല്ലാൻ വന്ന പൂതനയെ ശ്രീകൃഷ്ണൻ തിരിച്ചറിഞ്ഞത് പോലെ കഴക്കൂട്ടത്തെ വിശ്വാസസമൂഹം കടകംപള്ളിയെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ജനാധിപത്യത്തിലെ പൂതനാമോക്ഷമാണ് കഴക്കൂട്ടത്തു നടക്കാൻ പോകുന്നത്. ശബരിമലയിലെ ആചാരം തകർക്കാൻ ശ്രമിച്ചതിന് ബാലറ്റിലൂടെ ജനങ്ങൾ മറുപടി നൽകും. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് ആചാരം തകർക്കൂ എന്ന് ബ്ലോഗ് എഴുതിയ ആളാണ്.

ശബരിമലയിലെ അയ്യപ്പന്റെ ആചാരം തകർക്കാൻ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചയാളെ സ്ഥാനാർത്ഥിയാക്കിയത് യുഡിഎഫിന്റെ ഇരട്ടത്താപ്പാണ്. ഇടതു വലതു മുന്നണികളുടെ സ്ഥാനാർത്ഥികൾ ശബരിമലയിലെ ആചാരങ്ങളെ തകർക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന അനിയൻ ബാവയും ചേട്ടൻ ബാവയുമാണ്. വികസനം മുഖ മുദ്രയാക്കിയ മോദി സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. നരേന്ദ്ര മോദി ജി മുൻകൈ എടുത്ത് കഴക്കൂട്ടത്തിനു നൽകിയ രണ്ടു സമ്മാനങ്ങളാണ് 865 കോടി രൂപയുടെ കഴക്കൂട്ടം ബൈപാസും 190 കോടി രൂപയുടെ കഴക്കൂട്ടം ഫ്‌ളൈ ഓവറും. മോദി ഉണ്ടാക്കുന്ന റോഡിനു ബോർഡ് തൂക്കുന്ന പണിയാണ് പിണറായി ചെയ്യുന്നത്. മോദിയുടെ ഒരു പ്രതിനിധിയെ തെരഞ്ഞെടുത്താൽ കേന്ദ്രം നൽകിയ 1500 കോടിക്ക് പകരം 15000 കോടിയുടെ പത്തിരട്ടി വികസനം ഇവിടെ നടപ്പാക്കുമെന്നും ശോഭ പറഞ്ഞു.

വാളയാർ കേസിൽ പ്രതികളെ സംരക്ഷിക്കുകയും അതിനു വേണ്ടി ഗൂഢാലോചന നടത്തുകയും ചെയ്ത സിപിഎം നേതൃത്വത്തിന്റെ പങ്കു കൂടി സിബിഐ അന്വേഷിക്കണം. ആദ്യത്തെ കുഞ്ഞു മരിച്ചപ്പോൾ പരാതിയുമായി ചെന്ന അമ്മയെ തള്ളി പ്രതികളെ സംരക്ഷിച്ച സിപിഎം നേതൃത്വത്തിന് രണ്ടാമത്തെ പെൺകുഞ്ഞിനെ കെട്ടി തൂക്കിയതിൽ ഉത്തരവാദിത്തമുണ്ട്. പാവപ്പെട്ട പെൺകുട്ടികൾക്ക് സുരക്ഷ നൽകുന്ന ഒരു കേരളം സൃഷ്ടിക്കാൻ, വാളയാർ ആവർത്തിക്കാതിരിക്കാൻ, കേരള നിയമസഭയിൽ എല്ലാ പെൺകുട്ടികളുടെയും അമ്മയുടെ സ്ഥാനത്തു താനുണ്ടാകുമെന്നും ശോഭ പറഞ്ഞു.