തിരുവനന്തപുരം: സർക്കാരിനെതിരേ ജനങ്ങൾക്കിടയിൽ ബോധപൂർവം ചിലർ തെറ്റിദ്ധാരണ പരത്തുന്നതു തടയാനാണ് ഇനിയുള്ള താത്കാലിക ജീവനക്കാരെ ഇപ്പോൾ സ്ഥിരപ്പെടുത്തേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചതെന്ന് സഹകരണം - ദേവസ്വം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സദുദ്ദേശ്യത്തോടെ മാത്രമാണ് ഈ വിഷയത്തിൽ സർക്കാർ തീരുമാനങ്ങളെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സാന്ത്വന സ്പർശം അദാലത്തിന്റെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്കുവേണ്ടി സത്യസന്ധമായ പ്രവർത്തനമാണ് ഇതുവരെ സർക്കാർ നടത്തിയിട്ടുള്ളത്. ഇതിനോടകം സ്ഥിരപ്പെടുത്തിയ താത്കാലിക ജീവനക്കാരിൽ 80 ശതമാനവും മുൻ സർക്കാരിന്റെ കാലത്തു ജോലിയിൽ പ്രവേശിച്ചവരാണ്. ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമെടുത്തപ്പോൾ അവരുടെ രാഷ്ട്രീയമോ ജോലിയിൽ കയറിയ കാലമോ ഒന്നും സർക്കാർ നോക്കിയിട്ടില്ല. ചെറിയ ശമ്പളത്തിന് പത്തും പതിനഞ്ചും വർഷങ്ങൾ താൽക്കാലിക ജോലി ചെയ്തവരെ മനുഷ്യത്തപരമായി സഹായിക്കാൻ മാത്രമാണ് സർക്കാർ ശ്രമിച്ചത്.അത് ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഏത് സർക്കാരും ചെയ്യുന്നതാണന്നും മന്ത്രി പറഞ്ഞു.

റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ ആളുകൾക്കും ജോലി ലഭിക്കില്ല എന്നത് സമര നാടകങ്ങൾ നടത്തുന്നവർക്കും കൃത്യമായി അറിയാവുന്നതാണ്. നന്മചെയ്യുന്ന സർക്കാരിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇതിന്റെ പേരിൽ നടക്കുന്നതെന്നും പക്ഷേ, കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ കാര്യങ്ങൾ സത്യസന്ധമായി വിലയിരുത്തുന്നവരാണന്നും സംസ്ഥാന സർക്കാരിന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പിന്തുണ എന്നുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.