പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഹെൽത്ത് ഇൻസ്പെക്ടറെ പഞ്ചായത്ത് കമ്മറ്റി സസ്പെൻഡ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മുൻഗണന മറികടന്ന് വാക്സിനെടുക്കുകയും സംഭവം മറുനാടൻ വാർത്തയാക്കുകയും ചെയ്തതിന്റെ മറവിലാണ് സസ്പെൻഷൻ എന്നാരോപിച്ച് കോൺഗ്രസും ബിജെപിയും സമരം തുടങ്ങി.

മാരത്തോൺ സമരം പിൻവലിക്കണമെന്ന അഭ്യർത്ഥനയുമായി വാർത്താ സമ്മേളനം നടത്തിയ പഞ്ചായത്ത് പ്രസിഡന്റും സംഘവും എല്ലാ കുറ്റവും ഹെൽത്ത് ഇൻസ്പെക്ടറുടെ തലയിൽ കെട്ടി വയ്ക്കാനാണ് ശ്രമിച്ചത്. സ്വന്തം ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് കടമ്പനാട് പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുഴിവേലിക്കെതിരെ നടപടിയെടുക്കേണ്ടി വന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിവരുന്ന സമരം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അത് അവസാനിപ്പക്കണമെന്നും പ്രസിഡന്റും എൽഡിഎഫ് നേതാക്കളും പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടാണ് സമരം നടത്തി വരുന്നത്. പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം വരെ എത്തി നിൽക്കുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് വാക്സിനേഷൻ പ്രവർത്തനം അട്ടിമറിക്കുന്ന സമീപനമാണ് തുടക്കം മുതൽ സ്വീകരിച്ചു കൊണ്ടിരുന്നതെന്ന് എൽഡിഎഫ് നേതാക്കളും പഞ്ചായത്തംഗങ്ങളും പറഞ്ഞു. അദ്ദേഹം ക്രമവിരുദ്ധമായി ഇടപെട്ട് ഇഷ്ടക്കാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ജില്ലയ്ക്ക് പുറത്തുള്ളവരെ പോലും വാക്സിനേഷന് തിരുകി കയറ്റി. ഇതിന്റെ പേരിൽ നിരവധി പരാതികൾ പഞ്ചായത്തിൽ ലഭിച്ചിരുന്നു. വാർഡുതല ജാഗ്രതാ സമിതികളിൽ ഇദ്ദേഹം പങ്കെടുത്തിട്ടില്ല. ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കുകയും ചെയ്തിരുന്നു.

മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് തേടിയശേഷമാണ് പഞ്ചായത്ത് കമ്മിറ്റി ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. വാക്സിനേഷൻ സംബന്ധിച്ച പരാതി അന്വേഷിക്കാനെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെമ്പർ എന്നിവർക്കെതിരെ കൈയേറ്റത്തിനു ശ്രമിച്ചതിന്റെ പേരിൽ എച്ച്ഐ യ്ക്കെതിരെ പൊലീസിൽ പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തിക്കാൻ പഞ്ചായത്ത് ഓഫീസിൽ ചർച്ച നടക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തതാണ്. പിന്നാലെ മെമ്പർക്കെതിരെ എച്ച്ഐ വ്യാജപരാതി നൽകിയതോടെയാണ് നടപടികളിലേക്ക് കടക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്. നടപടിയിൽ യുഡിഎഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചിരുന്നു.

ഹെൽത്ത് ഇൻസ്പെക്ടറുടെ ഭാഗത്തുണ്ടായ വീഴ്ച സംബന്ധിച്ച് ആരോഗ്യവകുപ്പിനും പരാതി നൽകിയിട്ടുണ്ട്. വകുപ്പുതല അന്വേഷണം നടത്തി നടപടി ഉണ്ടാകണമെന്നാണ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ, അംഗം വൈ ലിന്റോ, സിപിഎം ലോക്കൽ സെക്രട്ടറി കെ സാജൻ, സിപിഐ ലോക്കൽ സെക്രട്ടറി ടിആർ ബിജു എന്നിവർ പറഞ്ഞു.

അതേ സമയം സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് എതിരേ ഏകപക്ഷീയ നടപടിയാണ് സ്വീകരിച്ചത് എന്ന കാര്യത്തിൽ എൻജിഓ അസോസിയേഷനൊപ്പം മറ്റു സർവീസ് സംഘടനകൾക്കും അഭിപ്രായ വ്യത്യാസമില്ല. അസോസിയേഷൻ ജില്ലാ പ്രസിഡന്റായ സുരേഷ് കുഴിവേലി തുടക്കം മുതൽ പഞ്ചായത്ത് കമ്മറ്റിയുമായി അത്ര രസത്തിലല്ല. കണ്ടെയ്ന്മെന്റ് സോണിന്റെ പേരിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ വീട്ടിലേക്കുള്ള വഴി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കെട്ടിയടച്ചിരുന്നു. ഇത് വിവാദമായതോടെ ഏനാത്ത് പൊലീസ് എത്തി തുറന്നു കൊടുത്തു. ഇതിന് പിന്നാലെയാണ് 22 വയസുള്ള കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക മുൻഗണനാ ക്രമം മറികടന്ന് വാക്സിൻ എടുത്തത്. മെഡിക്കൽ ഓഫീസറെ സ്വാധീനിച്ചാണ് പ്രസിഡന്റ് വാക്സിൻ എടുത്തത് എന്ന വാർത്ത മറുനാടൻ പുറത്തു വിട്ടിരുന്നു. ഇതേപ്പറ്റി വിശദീകരിക്കാൻ മറുനാടൻ ഓഫീസിലേക്ക് വിളിച്ച പ്രസിഡന്റും മെഡിക്കൽ ഓഫീസറും വ്യക്തമായ മറുപടി നൽകാൻ കഴിയാതെ കുടുങ്ങി. ഇതേപ്പറ്റി മാധ്യമങ്ങളുടെ ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ പ്രസിഡന്റിന് കഴിഞ്ഞിരുന്നില്ല.

സ്വന്തക്കാരെയും ബന്ധുക്കളെയും കൊണ്ടു വന്ന് ഹെൽത്ത് ഇൻസ്പെക്ടർ വാക്സിനെടുപ്പിച്ചെങ്കിൽ അതിന്റെ ഉത്തരവാദിത്തം പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസർക്കല്ലേ? അവർക്കെതിരേ എന്തു നടപടിയാണ് നിങ്ങൾ സ്വീകരിച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിൽ പ്രസിഡന്റിന് മറുപടി നൽകാൻ കഴിഞ്ഞില്ല. രണ്ടു വ്യക്തികൾ തമ്മിലുള്ള ഈഗോയുടെ പേരിൽ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനം അട്ടിമറിക്കുന്നതിനെ കുറിച്ചും വിശദീകരിക്കാൻ ഭരണ സമിതിക്ക് കഴിയാതെ പോയി.