തിരുവനന്തപുരം: കടയ്ക്കാവൂർ പോക്‌സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. ദിവ്യ. വി. ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.

ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷണൽ എസ് പി ഇ എസ് ബിജുമോൻ അന്വേഷണത്തിന് ആവശ്യമായ സഹായം നൽകും.അന്വേഷണത്തിൽ വീഴ്ചകളുണ്ടെന്ന പരോക്ഷ പരാമർശം ഹൈക്കോടതി നടത്തിയിരുന്നു. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയതും ഈ സാഹചര്യത്തിലാണ്.
നിലവിൽ നടക്കുന്ന അന്വേഷണം പുരോഗമിച്ച സാഹചര്യത്തിൽ ഇനി കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ പുരോഗതി അറിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപാധികളോടെയാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിരീക്ഷിച്ചത് ശ്രദ്ധേയമാണ്. അന്വേഷണപുരോഗതി എങ്ങനെയെന്ന് കോടതിയെ കൃത്യമായ ഇടവേളകളിൽ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അമ്മയക്ക് നേരത്തെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതിചേർക്കപ്പെട്ട അമ്മയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാർ കോടതിയിൽ എതിർത്തിരുന്നു. കുട്ടിയുടെ മൊഴി ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇതൊരു കുടുംബ പ്രശ്നം മാത്രമല്ല, അതിനും അപ്പുമറമുള്ള ചില തലങ്ങൾ ഈ കേസിനുണ്ടെന്നും പറഞ്ഞിരുന്നു. ഇതെല്ലാം പരിഗണിച്ചിട്ടും അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ വാദങ്ങളെ തള്ളിക്കളയലാണ്.

അമ്മ കുട്ടിക്ക് ചില മരുന്നുകൾ നൽകിയിരുന്നെന്നും അത് ഇവരിൽനിന്ന് കണ്ടെടുത്തിരുന്നെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടർന്ന് കേസ് വിധിപറയാൻ മാറ്റിയിരിക്കുകയായിരുന്നു. അമ്മ രാത്രിയിൽ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് മകൻ പറയുന്നത്. മകനെ ഉപയോഗിച്ച് കള്ളക്കേസ് നൽകിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അച്ഛൻ പറഞ്ഞു. ഡിസംബർ 18നാണ് പൊലീസ് അമ്മക്കെതിരെ കേസെടുത്തത്.

വിവാഹ ബന്ധം വേർപെടുത്താതെ ഭർത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. അമ്മയെ കേസിൽ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകൻ വെളിപ്പെടുത്തിയിരുന്നു. ചേട്ടനെ മർദിച്ച് പരാതി നൽകുകയായിരുന്നുവെന്നും ഇളയ മകൻ പറയുകയുണ്ടായി.