തിരുവനന്തപുരം: അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ കടയ്ക്കാവൂർ പൊലീസെടുത്ത കേസിൽ പ്രതിയായ മാതാവ് നിരപരാധിയെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തുന്ന റഫർ റിപ്പോർട്ടിലുള്ളത് ഗൂഢാലോചനയുടെ സൂചന. മറുനാടൻ മലയാളി ചർച്ചയാക്കിയ വാദങ്ങൾക്ക് ബലമേകുന്നതാണ് അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ എന്നാണ് പുറത്തു വരുന്ന സൂചന.

മാതാവും പിതാവും തമ്മിൽ ആറ്റിങ്ങൽ കുടുംബക്കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും നടന്ന വ്യവഹാരങ്ങളിൽ പിതാവിനനുകൂലമായി കോടതി വിധിയുണ്ടാക്കാൻ പിതാവിന്റെ ഗൂഢാലോചനയിൽ ഉരുത്തിരിഞ്ഞ വ്യാജ കേസാണെന്ന് കാട്ടി അന്വേഷണ സംഘം റഫർ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 172 പ്രകാരം കേസ് എഴുതിത്ത്ത്ത്തള്ളാൻ അനുമതി തേടി അന്തിമ റഫർ റിപ്പോർട്ട് സമർപ്പിച്ചത്.

വ്യാജ പരാതിക്ക് പിന്നിൽ പ്രവർത്തിച്ച പിതാവുൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ പ്രോസിക്യൂഷൻ നടപടി തുടങ്ങിയതായും അന്വേഷണ സംഘം ക്ലോഷർ റിപ്പോർട്ടിൽ വ്യക്തമാക്കി. നേരത്തെ കുട്ടിയുടെ കള്ളം പറച്ചിലായിരുന്നു അമ്മയെ കുടുക്കിയത് എന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ കോടതിയിൽ നിന്ന് ലഭിക്കുന്ന സൂചനകളിൽ പിതാവിനെതിരേയും പരമാർശമുണ്ടെന്നതാണ്. അങ്ങനെ വന്നാൽ കേസ് പുതിയ തലത്തിൽ എത്തും.

2019 ഡിസംബർ 28 മുതൽ റിമാന്റിൽ കഴിഞ്ഞിരുന്ന മാതാവായ വക്കം സ്വദേശിനിക്ക് ആദ്യം ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം പോക്‌സോ കോടതി ചുമതലയുള്ള ജഡ്ജി സി.ജെ. ഡെന്നിയാണ് ജാമ്യഹർജി തള്ളിയത്. അന്വേഷണം ശൈശവ ഘട്ടത്തിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള കടക്കാവൂർ പൊലീസ് റിപ്പോർട്ടും പ്രോസിക്യൂഷൻ വാദവും അംഗീകരിച്ച കോടതി ജാമ്യഹർജി തള്ളുകയായിരുന്നു. തുടർന്ന് ഒന്നര മാസക്കാലം കൽതുറുങ്കിൽ കഴിഞ്ഞ ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

വ്യാജ പരാതിയാണെന്ന് പൊലീസിന് റിപ്പോർട്ട് തരാൻ സാധിക്കാത്തതിനാൽ ജാമ്യം പരിഗണിക്കുന്ന ഈ ഘട്ടത്തിൽ നിജസ്ഥിതിയിലേക്കോ പരാതിയുടെ കൃത്യതയിലേക്കോ ആഴത്തിലിറങ്ങാൻ കോടതിക്കാവില്ല. കുറ്റാരോപണത്തിന്റെ സ്വഭാവം , ശിക്ഷയുടെ കാഠിന്യം , പിൻ താങ്ങുന്ന തെളിവുകൾ , പരാതിക്കാരനെ ഭീഷണിപ്പെടുത്തുമോ , തെളിവുകൾ നശിപ്പിക്കുമോ , സാക്ഷികളെ സ്വാധീനിക്കുമോ എന്നീ കാര്യങ്ങളും പ്രതിക്കെതിരായ കുറ്റാരോപണത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടോ എന്ന കാര്യത്തിൽ കോടതിയുടെ സംതൃപ്തി എന്നീ കാര്യങ്ങൾ മാത്രമേ ജാമ്യം പരിഗണിക്കുന്ന വേളയിൽ കോടതി നോക്കേണ്ടതുള്ളുവെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.

അതേ സമയം തനിക്കും 4 മക്കൾക്കും ജീവനാംശച്ചെലവ് കിട്ടുന്നതിനും കുട്ടികളെ വിട്ടുകിട്ടുന്നതിനുമായി യുവതിയും ഭർത്താവും തമ്മിൽ ആറ്റിങ്ങൽ കുടുംബകോടതിയിൽ കേസ് നിലവിലുണ്ടെന്നും ഭർത്താവ് മറ്റൊരു യുവതിയുമായി താമസമാണെന്നും അവരെ വിവാഹം കഴിക്കാൻ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് വരുത്തി യുവതിയിൽ നിന്നും വിവാഹമോചനം നേടാനായി കടക്കാവൂർ എസ് ഐക്കും സിഐക്കും ഡിവൈഎസ്‌പിക്കും കൈക്കൂലി പണം നൽകി മെനഞ്ഞെടുത്ത കള്ളക്കേസാണിതെന്നും യുവതി വാദിച്ചു. ഈ വാദങ്ങളാണ് തുടരന്വേഷണത്തിൽ ശരിയാണെന്ന് തെളിയുന്നതെന്നാണ് സൂചന.

കുട്ടികളെ വിട്ടുകിട്ടാൻ 2019 നവംബർ 25നാണ് താൻ ഒ പി (ഗാർഡിയൻ ആൻഡ് വാർഡ്) നമ്പർ 1768/2019 കേസ് ഫയൽ ചെയ്തത്. തുടർന്ന് എം സി 495/2019 നമ്പരായി ജീവനാംശ ചെലവിനായും കേസ് ഫയൽ ചെയ്തു. ആ സമയം തന്റെ അറിവോ സമ്മതമോ കൂടാതെ 3 കുട്ടികളെ ഭർത്താവ് വിദേശത്തുകൊണ്ടുപോയി. തുടർന്ന് 3 കുട്ടികളെയും തിരികെ കൊണ്ടുവന്നു. അതിനാലാണ് യുവതി കേസ് ഫയൽ ചെയ്ത് ഒരാഴ്ച കഴിഞ്ഞുഞുള്ള തീയതിയായ 2019 ഡിസംബർ 10 വരെ താൻ മകനെ പീഡിപ്പിച്ചതായി വ്യാജ പരാതി നൽകിയതെന്നും യുവതി വാദിച്ചു. ഇതെല്ലാം പൊലീസും സ്ഥിരീകരിക്കുകയാണെന്നാണ് സൂചന.

കേസ് അവസാനിപ്പിക്കണമെന്ന പൊലീസ് ആവശ്യത്തിൽ പോക്സോ കോടതിയുടെ തീരുമാനം നിർണായകമാകും. പൊലീസ് റിപ്പോർട്ട് അംഗീകരിച്ചാൽ വ്യാജ പരാതിയിൽ അന്വേഷണം നടത്തേണ്ടി വന്നേക്കാം. മകന്റെ മൊഴിക്ക് പിന്നിൽ സമ്മർദമുണ്ടായിട്ടുണ്ട് എന്ന അമ്മയുടെ ആരോപണത്തെ കുറിച്ചും അന്വേഷിക്കേണ്ടി വരും. പരാതിയും മൊഴിയും തെറ്റാണെന്ന് തെളിഞ്ഞാൽ അതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് യുവതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി യിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പോക്സോ കേസിൽ നാല് മക്കളുടെ അമ്മ അറസ്റ്റിലായത് കഴിഞ്ഞ ഡിസംബറിലാണ്. അമ്മ പീഡിപ്പിച്ചുവെന്ന തരത്തിൽ പതിമൂന്നുകാരൻ നൽകിയ മൊഴി അവിശ്വസനീയമെന്നാണ് പൊലീസ് റിപ്പോർട്ട്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേനയാക്കിയെങ്കിലും പീഡനം നടന്നതായി കണ്ടെത്താനായില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഒന്നിലധികം തവണയാണ് വൈദ്യപരിശോധന നടത്തിയത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താനായില്ല. ഈ സംഭവം വിവാദമായതിനെ തുടർന്നാണ് ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്ിനു അന്വേഷണം. കടയ്ക്കാവൂർ പോക്സോ കേസിൽ പൊലീസ് എഫ് ഐ ആർ തയ്യാറാക്കി യതിൽ വീഴ്ചയുണ്ടായതായി ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് എൻ. സുനന്ദ വിമർശിച്ചിരുന്നു. വിവരം നൽകിയ ആളുടെ സ്ഥാനത്ത് തന്റെ പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് അന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കടയ്ക്കാവൂർ കേസിൽ പരാതി ലഭിച്ചതിനു ശേഷം കൗൺസിലിങ്ങിന് വേണ്ടി മാത്രമാണ് പൊലീസ് കുട്ടിയെ സി.ഡബ്ല്യൂ.സിക്ക് മുന്നിൽ ഹാജരാക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് കൗൺസിലിങ് നൽകുക മാത്രമാണ് സി ഡബ്ല്യൂ സി ചെയ്തത്. പരാതി കൊടുക്കുകയോ ഇത്തരമൊരു സംഭവമുണ്ടെന്ന് പൊലീസിനെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാക്കി. ഇതോടെ അറസ്റ്റിന് പിന്നിലും കേസിന് പിന്നിലും ദുരൂഹതയുണ്ടെന്ന ആരോപണം ശക്തി പ്രാപിച്ചിച്ചു.

അറസ്റ്റിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരുകയും ചെയ്തിരുന്നു.