തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ കുട്ടിയുടെ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകുമ്പോൾ പൊളിയുന്നത് പൊലീസിന്റെ വാദങ്ങൾ. അന്വേഷണത്തിൽ വീഴ്ചകളുണ്ടെന്ന പരോക്ഷ പരാമർശമാണ് ഹൈക്കോടതി നടത്തുന്നത്. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയതും ഈ സാഹചര്യത്തിലാണ്. ഇതോടെ കേസിൽ പുതിയ അന്വേഷണം നടക്കും.

നിലവിൽ നടക്കുന്ന അന്വേഷണം പുരോഗമിച്ച സാഹചര്യത്തിൽ ഇനി കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ പുരോഗതി അറിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ ഇനിയുള്ള അന്വേഷണം ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ആയിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കൂടാതെ, കുട്ടിയുടെ ആരോഗ്യനിലയും മാനസിക നിലയും വിദഗ്ധസമിതിയെക്കൊണ്ട് പരിശോധിപ്പിക്കണം. വനിതാ ഡോക്ടർ അടക്കമുള്ള മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘത്തെ ഇതിന് നിയോഗിക്കണം. കുട്ടിയെ ആവശ്യമെങ്കിൽ പിതാവിന്റെ അടുത്തുനിന്ന് മാറ്റി താമസിപ്പിക്കാമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് തീരുമാനം എടുക്കാം. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ ബഞ്ചാണ് കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പോക്‌സോ കേസ് ചുമത്തപ്പെട്ട് ജയിലിലാണ് അമ്മ നിലവിൽ.

ഉപാധികളോടെയാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിരീക്ഷിച്ചത് ശ്രദ്ധേയമാണ്. കുട്ടിയെ അച്ഛന്റെ അടുത്ത് നിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന വളരെ ശ്രദ്ധേയമായ ചില നിർദ്ദേശങ്ങളും ഇതോടൊപ്പം വനിതാ ജഡ്ജി നടത്തുന്നു. കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ നിലവിൽ എന്തെന്ന് പരിശോധിക്കണം. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. മെഡിക്കൽ കോളേജിലെ വിദഗ്ധരെ സംഘത്തിൽ ഉൾപ്പെടുത്തണം. അന്വേഷണപുരോഗതി എങ്ങനെയെന്ന് കോടതിയെ കൃത്യമായ ഇടവേളകളിൽ അറിയിക്കണം - കോടതി നിരീക്ഷിച്ചു.

അതേസമയം, മാതൃത്വത്തിന്റെ പരിപാവനത എന്നത് പൂർണമായും അവഗണിക്കപ്പെട്ട കേസാണിതെന്നും കോടതി നിരീക്ഷിച്ചു. ''മാതൃത്വത്തിന്റെ പരിപാവനത പൂർണമായും അവഗണിക്കപ്പെട്ട ഒരു കേസ് ആണിത്. മാതൃസ്‌നേഹത്തോളം വലിയ ഒരു സ്‌നേഹവും ഭൂമിയിൽ ഇല്ല. കുഞ്ഞ് പിറക്കുന്നതിനു മുൻപേ ഉരുവം കൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തിൽ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാൻ യോഗ്യയല്ല'', കോടതി ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു. എന്നാൽ കേസിലെ മെറിറ്റിലേക്ക് കടക്കാൻ നിലവിൽ കോടതി തയ്യാറായിട്ടില്ല. എല്ലാം പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ വിചാരണക്കോടതിയടക്കം തീരുമാനമെടുക്കൂവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അമ്മയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച കുട്ടിയെ അച്ഛന്റെ അടുത്തു നിന്ന് വേണമെങ്കിൽ മാറ്റാമെന്ന പരാമർശവും അതിനിർണ്ണായകമാണ്. ം ഭർത്താവ് നിയമപരമായി വിവാഹ ബന്ധം വേർപെടുത്താതെ രണ്ടാമത് വിവാഹം കഴിക്കുന്നത് തടയാൻ ശ്രമിച്ചതിന് പ്രതികാരമായി കേസ് കെട്ടിച്ചമച്ചു എന്നാണ് യുവതിയും ബന്ധുക്കളും ആരോപിക്കുന്നത്. ഈ വാദം ഹൈക്കോടതി ഭാഗീകമായി അംഗീകരിച്ചതിന് തെളിവാണ് ഇത്. മറുനാടൻ മുമ്പോട്ട് വച്ച വാദങ്ങളെല്ലാം ഹൈക്കോടതിയും ഗൗരവത്തോടെ എടുത്തുവെന്നതാണ് ഈ പോക്‌സോ കേസിലെ ജാമ്യം അനുവദിക്കൽ.

അമ്മയക്ക് നേരത്തെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതിചേർക്കപ്പെട്ട അമ്മയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാർ കോടതിയിൽ എതിർത്തിരുന്നു. കുട്ടിയുടെ മൊഴി ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇതൊരു കുടുംബ പ്രശ്നം മാത്രമല്ല, അതിനും അപ്പുമറമുള്ള ചില തലങ്ങൾ ഈ കേസിനുണ്ടെന്നും പറഞ്ഞിരുന്നു. ഇതെല്ലാം പരിഗണിച്ചിട്ടും അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ വാദങ്ങളെ തള്ളിക്കളയലാണ്.

കുട്ടിയുടെ അമ്മ കുട്ടിക്ക് ചില മരുന്നുകൾ നൽകിയിരുന്നെന്നും അത് ഇവരിൽനിന്ന് കണ്ടെടുത്തിരുന്നെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടർന്ന് കേസ് വിധിപറയാൻ മാറ്റിയിരിക്കുകയായിരുന്നു. അമ്മ രാത്രിയിൽ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് മകൻ പറയുന്നത്. മകനെ ഉപയോഗിച്ച് കള്ളക്കേസ് നൽകിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അച്ഛൻ പറഞ്ഞു. ഡിസംബർ 18നാണ് പൊലീസ് അമ്മക്കെതിരെ കേസെടുത്തത്.

വിവാഹ ബന്ധം വേർപെടുത്താതെ ഭർത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. അമ്മയെ കേസിൽ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകൻ വെളിപ്പെടുത്തിയിരുന്നു. ചേട്ടനെ മർദിച്ച് പരാതി നൽകുകയായിരുന്നുവെന്നും ഇളയ മകൻ പറയുകയുണ്ടായി.