അടൂർ: ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരനും സർക്കാർ കരാറുകാരനുമായ കലഞ്ഞൂർ മധു ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ തുടങ്ങാനുദ്ദേശിക്കുന്ന ടാർ മിക്സിങ് പ്ലാന്റിനെതിരായ ജനകീയ സമരം അട്ടിമറിക്കാൻ സിപിഎഎമ്മിന്റെ പുതിയ തന്ത്രം.

പ്രാദേശിക സിപിഎം-ഡിവൈഎഫ്ഐ നേതാക്കളാണ് പ്ലാന്റിനെതിരേ സമരം തുടങ്ങിയത്. സംസ്ഥാന-ജില്ലാ-ഏരിയാ നേതൃത്വം സമരത്തിനെതിരാണെങ്കിലും പ്രദേശത്തുള്ളവർ ജാതി-മത-രാഷട്രീയ ഭേദമന്യേ പ്രക്ഷോഭ വഴിയിൽ തന്നെയാണ്. സമരം അട്ടിമറിക്കാൻ സിപിഎം ഇപ്പോൾ പുതിയ തന്ത്രം മെനഞ്ഞിരിക്കുകയാണ്.

ഡിവൈഎഫ്ഐ-സിപിഎം നേതാക്കളെ താക്കീത് ചെയ്തു. സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് ആവശ്യം. തങ്ങൾ തുടങ്ങി വച്ച സമരത്തിൽ നിന്ന് പെട്ടെന്നൊരു ദിനം പിന്മാറുന്നത് പേരുദോഷമാകുമെന്ന കണ്ട് പുതിയ തന്ത്രമാണ് പ്രയോഗിച്ചിരിക്കുന്നത്. സമരത്തിന്റെ നേതൃത്വം ബിജെപി ഹൈജാക്ക് ചെയ്തുവെന്നും അതിനാൽ മൗനം പാലിക്കുന്നുവെന്നുമാണ് ഇപ്പോഴുള്ള നിലപാട്.

വലിയ തട്ടുകേട് കൂടാതെ സമരത്തിൽ നിന്ന് തല വലിക്കാനാണ് ശ്രമം. അതേ സമയം, ഈ സമരം തൊഴിലുറപ്പ് തൊഴിലാളികളുടേത് മാത്രമാണെന്ന് വരുത്തി തീർത്ത് സമരം ചെയ്യുന്നവരെ താറടിക്കാനുള്ള ശ്രമവും നടക്കുന്നു. ടാർ മിക്സിങ് പ്ലാന്റ് അത്യാധുനികവും പുക പോലുമില്ല കണ്ടു പിടിക്കാൻ എന്ന് പറയുന്നതു പോലെയുള്ളതാണെന്നുമാണ് സിപിഎം നേതാക്കൾ വാദിക്കുന്നത്.

കരാറുകാരനായ കലഞ്ഞൂർ മധു പോലും നൽകാത്ത ന്യായീകരണമാണ് സിപിഎമ്മിന്റെ നേതാക്കൾ ഈ വിഷയത്തിൽ നൽകുന്നത്. ഏക്കർ കണക്കിന് സ്ഥലം വെറുതേ കിടക്കുന്ന കിൻഫ്ര പാർക്കിൽ ഒരു വ്യവസായമാണ് വരുന്നത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പ്രത്യേകിച്ച് അനുമതിയുടെ ആവശ്യമില്ലെന്നാണ് പറയുന്നത്.

കലഞ്ഞൂർ മധുവിൻെ്റ ഉടമസ്ഥതയിലുള്ള മാവനാൽ കൺസ്ട്രക്ഷന് ആദ്യമായല്ല ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുന്നത്. കലഞ്ഞൂർ പഞ്ചായത്തിലെ അതിരുങ്കലിൽ ഇദ്ദേഹം നടത്തുന്ന ക്വാറികൾക്കെതിരേ നാട്ടുകാർ പ്രക്ഷോഭം നയിച്ചിരുന്നു.

10 വർഷമായി ഇവിടെയുള്ളവർ ഇതിന്റെ ദുരിതം അനുഭവിക്കുന്നു. പാറമടകൾ മൂലം ഈ ഗ്രാമം ഏറെക്കുറെ നാമാവശേഷമായി. പാറകൾ കാർന്നു തിന്നവർ കൊടികളുടെ ആസ്തി സ്വരുക്കൂട്ടി. പുനലൂർ-മൂവാറ്റുപുഴ മലയോര ഹൈവേയുടെ പണികളിൽ ഉപകരാർ എടുത്തിരിക്കുകയാണ് കലഞ്ഞൂർ മധു.

ഇതിന് വേണ്ടിയാണ് കിൻഫ്രാ പാർക്കിൽ ടാർ മിക്സിങ് പ്ലാന്റ് നിർമ്മിക്കുന്നത്. ഇതിന് ഒത്താശ ചെയ്യുന്ന സിപിഎമ്മിന്റെ ജില്ലാ നേതാക്കൾക്കെതിരേ പ്രദേശവാസികളായ സിപിഎമ്മുകാർ കനത്ത രോഷത്തിലാണ്.